നവഗ്രഹനിലയും ഫലവും

Friday 12 May 2017 11:51 am IST

ഗ്രഹസ്ഥാനവും ഗൃഹസ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. ഗൃഹസ്ഥാനം അതില്‍ വസിക്കുന്നവരെ മാത്രം ബാധിക്കുമ്പോള്‍ ഗ്രഹസ്ഥാനം ഭൂമിയിലെ ജീവജാലങ്ങളെയാകമാനം ബാധിക്കുന്നു. ഇക്കാര്യത്തില്‍ വിശ്വാസവും ശാസ്ത്രവും തമ്മില്‍ ചില സംഘര്‍ഷങ്ങളൊക്കെ ഉണ്ടെങ്കിലും ജ്യോതിര്‍ഗോള ശാസ്ത്രത്തിന് പൊതുവേ അംഗീകാരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജന്മഭൂമി ഒരു പുതിയ പംക്തി ആരംഭിക്കുന്നു. നവഗ്രഹനിലയും ഫലവും ഓരോ മാസത്തിലെ ഗ്രഹങ്ങളുടെ സ്ഥാനവും അത് പ്രപഞ്ചത്തില്‍ ഉണ്ടാക്കാനിടയുള്ള സ്വാധീനവും വിശകലനം ചെയ്യുന്നത് ജ്യോതിശാസ്ത്ര ഗവേഷകനായ വി.സജീവ് ശാസ്താരമാണ്. മുടങ്ങാതെ വായിക്കുക, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. നവഗ്രഹങ്ങള്‍ 2013 സെപ്റ്റംബറില്‍ ഗ്രഹപ്പകര്‍ച്ചകള്‍ വളരെ കുറവായ മാസമാണ് 2013 സെപ്റ്റംബര്‍. 1189 ചിങ്ങമാസം 16ന് തുടങ്ങി കന്നി 14ന് അവസാനിക്കുന്ന ഈ മാസത്തില്‍ ആദിത്യനെ കൂടാതെ ബുധ ശുക്രന്മാര്‍ മാത്രമേ രാശി മാറുന്നുള്ളൂ. പൊതുവെ ശീഘ്രഗാമിയായ ബുധന്‍ ഈ മാസം രണ്ടു തവണ രാശി മാറും. അഞ്ചാം തീയതി രാത്രി 12:35 മണിക്ക് ചിങ്ങത്തില്‍ നിന്ന് തന്റെ ഉച്ചരാശിയായ കന്നിയിലേക്കും അവിടെ നിന്ന് ഇരുപത്തിയഞ്ചാം തീയതി കാലത്ത് 6:20 മണിക്ക് തുലാം രാശിയിലേക്കും പകരും. ശുക്രന് ഈ മാസം ഒരു രാശിപ്പകര്‍ച്ചയേയുള്ളൂ. ആറാം തീയതി കാലത്ത് ശുക്രന്‍ നീചം വെടിഞ്ഞ് ആരോഹിയായി തന്റെ സ്വക്ഷേത്രമായ തുലാത്തിലേയ്ക്ക് പ്രവേശിക്കും. ആദിത്യന്‍ മാസ മധ്യത്തില്‍ അതായത് പതിനാറാം തീയതി രാത്രി 12:17 മണിക്ക് സ്വക്ഷേത്രമായ ചിങ്ങം വെടിഞ്ഞ് സൂര്യന്‍ കന്നിയില്‍ കടക്കും. മറ്റു ഗ്രഹങ്ങള്‍ക്കൊന്നും ഈ മാസം രാശി മാറ്റമില്ല. (ഓരോ രണ്ടു ദിവസത്തിലും തൊട്ടടുത്ത രാശികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.) മാസം മുഴുവനും ചൊവ്വ കര്‍ക്കിടകത്തിലും വ്യാഴം മിഥുനത്തിലും ശനി തുലാത്തിലും രാഹു തുലാത്തിലും കേതു മേടത്തിലും യുറാനസ് മീനം രാശിയിലും നെപ്ട്യൂണ്‍ കുംഭത്തിലും പ്ലൂ‍ട്ടോ ധനുവിലും തുടരും. നക്ഷത്ര സ്ഥിതി ഗ്രഹങ്ങളുടെ രാശി സ്ഥിതി പോലെ തന്നെ പ്രധാനമാണ് അവയുടെ നക്ഷത്ര സ്ഥിതിയും. ഫലദാന ശേഷിയിലും ഫലപ്രവചനത്തിലും ഗ്രഹങ്ങളുടെ നക്ഷത്രസ്ഥിതി കുറെക്കൂടി കൃത്യതയാര്‍ന്നതായിരിക്കും. സൂര്യന്‍ ഓരോ പതിമൂന്നാം ദിവസത്തിലും ചന്ദ്രന്‍ ഓരോ രണ്ടേകാല്‍ ദിവസത്തിലും തന്റെ നക്ഷത്ര സ്ഥിതി മാറിക്കൊണ്ടിരിക്കും. സൂര്യന്റെ നക്ഷത്രങ്ങളില്‍ നിന്നും നക്ഷത്രങ്ങളിലേക്കുള്ള സഞ്ചാരത്തെയാണ് ഞാറ്റുവേല എന്നു പറയുന്നത്. മാസാന്ത്യത്തില്‍ ആദിത്യന്‍ പൂരം നക്ഷത്രത്തിലും 13ന് പകല്‍ രണ്ടു മൂന്ന് മിനിട്ടിന് ഉത്രം നക്ഷത്രത്തിലും 27 മുതല്‍ അത്തം നക്ഷത്രത്തിലുമായിരിക്കും സഞ്ചരിക്കുക. കുജന്‍(ചൊവ്വ) മാസത്തിന്റെ തുടക്കത്തില്‍ പുയത്തിലും 14 മുതല്‍ ആയില്യത്തിലും സഞ്ചരിക്കും. മസാന്ത്യത്തില്‍ ബുധന്‍ പൂരത്തിലും മൂന്നാം തീയതി മുതല്‍ ഉത്രത്തിലും 11 മുതല്‍ അത്തത്തിലും 20 മുതല്‍ ചിത്തിരയിലും സഞ്ചരിക്കുന്ന കാലമാണ്. മാസത്തിന്റെ തുടക്കത്തില്‍ തിരുവാതിരയില്‍ നില്‍ക്കുന്ന വ്യാഴം ഏഴിന് പുണര്‍തത്തില്‍ പ്രവേശിക്കും. മാസം മുഴുവന്‍ വ്യാഴം തനിക്ക് ആധിപത്യമുള്ള പുണര്‍തത്തില്‍ തന്നെ തുടരും. 13 വരെ ശുക്രന്‍ ചിത്തിരയിലും 24 വരെ ചോതിയിലും തുടര്‍ന്ന് വിശാഖത്തിലുമായിരിക്കും. സ്വതവേ മന്ദചാരനായ ശനി മാസം മുഴുവന്‍ ചോതി നക്ഷത്രത്തിലും ഒപ്പം തന്നെ രാഹുവും ചോതിയില്‍ തുടരും. കേതു ഈ മാസം മുഴുവന്‍ ഭരണി നക്ഷത്രത്തിലും യുറാനസ് രേവതിയിലും നെപ്ട്യുണ്‍ ചതയത്തിലും പ്ലൂട്ടോ മൂലം നക്ഷത്ര സമൂഹത്തിലും തുടരുന്ന സ്ഥിതിയാണ് 2013 സെപ്റ്റംബറിലുള്ളത്. ഗ്രഹങ്ങളുടെ രാശി, സ്ഥിതി, നക്ഷത്ര സ്ഥിതി എന്നിവ കൂടാതെ ചില പ്രത്യേക അവസ്ഥകളിലൂടെയും ഗ്രഹങ്ങള്‍ കടന്നു പോകാറുണ്ട്. അവയില്‍ പ്രധാനമാണ് ഗ്രഹമൌഢ്യം, വക്രചാരം, ഗ്രഹയുദ്ധം എന്നിവ. സൂര്യ സാമിപ്യത്താല്‍ ഗ്രഹങ്ങള്‍ക്കു വരുന്ന തേജോഭംഗമാണ് ഗ്രഹമൌഢ്യം. മാസത്തിന്റെ ആദ്യത്തെ മൂന്നിലൊന്നു ഭാഗം ബുധന് ക്രമ മൌഢ്യമാണ്. പത്താം തീയതി വൈകിട്ട് 3:56 വരെയുണ്ട് ബുധന്റെ ഈ മൌഢ്യം. പത്തൊമ്പതാം തീയതി തുലാം രാശിയില്‍ വച്ച് ചോതി നക്ഷത്രത്തില്‍ ശുക്ര-ശനി യുദ്ധമുണ്ട്. ഈ യുദ്ധത്തില്‍ ശനി പരാജയപ്പെടുന്നു. അന്നേദിവസം ഇരു ഗ്രഹങ്ങളും രാശി ചക്രത്തില്‍ അടുത്തടുത്ത് ഒരു ഡിഗ്രിയില്‍ താഴെയുള്ള വ്യത്യാസത്തില്‍ അടുത്തടുത്ത് എത്തും. ഇത്തരം ഗ്രഹസാമീപ്യമാണ് ഗ്രഹയുദ്ധമെന്ന പേരില്‍ വിവരിക്കപ്പെടുന്നത്. ഇരു ഗ്രഹങ്ങളും തമ്മിലുള്ള ആകര്‍ഷണ ബലം അന്ന് വളരെ കൂടുതല്‍ ആയിരിക്കും. ഫലം ഇങ്ങനെ മേല്‍ വിവരിച്ച ഗ്രഹസ്ഥിതി വിശകലനം ചെയ്യുമ്പോള്‍ ചിങ്ങക്കൂറില്‍ ഇനിച്ച പൂരം, ഉത്രം നക്ഷത്രക്കാര്‍ കര്‍ക്കിടക കൂറിലെ പൂയം ആയില്യക്കാര്‍, മിഥുനക്കൂറില്‍പ്പെട്ട തിരുവാതിര, പുണര്‍തക്കാര്‍ തുലാക്കൂറിലെ ചോതിക്കാര്‍ തുടങ്ങിയവര്‍ക്ക് സെപ്റ്റംബര്‍ മാസം അനുകൂലമല്ല. പലവിധ ആനാരോഗ്യ പ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കാര്യതടസ്സം ഇവ അനുഭവത്തില്‍ വരും. അടുത്ത ബന്ധുക്കള്‍ക്ക് അരിഷ്ടത, അവര്‍ക്കു വേണ്ടി പണച്ചെലവ് എന്നിവയും ഇവര്‍ക്കുണ്ടാവുന്ന അനുഭവങ്ങളാ‍ണ്. ശ്രദ്ധയോടെയുള്ള ഈശ്വരഭജനം, പരദേവതാക്ഷേത്ര ദര്‍ശനം, യഥാശക്തി സാധുജന സേവനം എന്നിവ വഴി ദോഷശാന്തി കൈവരിക്കാം. ഭാരതത്തിനാകമാനവും പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ചും മാസത്തിലെ ആദ്യത്തെ പത്തു ദിവസം പ്രതികൂലമാണ്. സാധനവിലകള്‍ അനിയന്ത്രിതമായി കുതിച്ചുയരും. അതിര്‍ത്തികളില്‍ സംഘര്‍ഷം, രാഷ്ട്രീയ അസ്ഥിരത എന്നിവയുണ്ടാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍, ഉത്തര കേരള ജില്ലകള്‍ ഇവിടങ്ങളില്‍ അപകടമരണങ്ങള്‍ വര്‍ദ്ധിക്കും. ഇക്കാലത്ത് അതായത് സെപ്റ്റംബറിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ദേഹവിയോഗം സംഭവിക്കുവാനും യോഗം കാണുന്നു. മാസ മധ്യത്തോടെ സ്ഥിതിഗതികള്‍ ശാന്തമായി തുടങ്ങും. സെപ്റ്റംബര്‍ 16ന് രാത്രി 12:04നാണ് കന്നി രവി സംക്രമം. സംക്രമകാലത്ത് ഭാഗ്യതാരക സ്ഥിതി ചോതി നക്ഷത്രത്തിലാണ്. കന്നിരവി സക്രമം തിരുവാതിര, ചോതി, ചതയക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്‍കുമ്പോള്‍ മകയിരം, ചിത്തിര, അവിട്ടക്കാര്‍ക്ക് സംക്രമം പ്രതികൂലമാണ്. ആകാശം കാണുമ്പോള്‍ ഈ മാസത്തിലെ ആകാശക്കാഴ്ചകള്‍ കൂടി പരിശോധിക്കാം. മാസാദ്യത്തില്‍ സൂര്യനുമായി വളരെ ചേര്‍ന്നു സഞ്ചരിക്കുന്ന ബുധന്‍ സൂര്യന്‍ അസ്തമിച്ച് 30 മിനിട്ടിനു ശേഷമായിരിക്കും ബുധന്‍ അസ്തമിക്കുക. അതിനാല്‍ സൂര്യന്റെ അസ്തമയ പ്രഭയില്‍ ബുധന നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവില്ല. എട്ടാം തീയതിയോടെ സൂര്യാസ്തമയത്തിനു 40 മിനിട്ടു കഴിഞ്ഞ് ചക്രവാളത്തില്‍ നിന്ന് മൂന്ന് ഡിഗ്രി ഉയരത്തില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ബുധനെത്തും. പതിനഞ്ചാം തീയതി ബുധന്‍ ഏഴ് ഡിഗ്രി ഉയരത്തിലെത്തുമ്പോള്‍ മിന്നിത്തിളങ്ങുന്ന ദര്‍ശനം നമുക്ക് ലഭിക്കും. ഇരുപത്തിരണ്ടാം തീയതി 10.5 ഡിഗ്രിയും ഇരുപത്തിയെട്ടാം തീയതി 17 ഡിഗ്രിയും ഉയരത്തിലെത്തുമ്പോള്‍ ബുധന്‍ വ്യക്തമായി ദര്‍ശനം നഗ്നനേത്രങ്ങള്‍ക്ക് നല്‍കും. ഇരുപത്തിയഞ്ചാം തീയതി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ തുലാം രാശിയില്‍ “സ്പൈക്ക” നക്ഷത്രത്തിനു തൊട്ടടുത്തായി ഒരു ഡിഗ്രി അകലത്തില്‍ ബുധനെ കാണാനാകും. ഈ മാസം കാണാന്‍ കഴിയുന്ന മറ്റൊരു ഗ്രഹം ശുക്രനാണ്. രാത്രി ഏകദേശം ഒമ്പതര മണിക്കു മാത്രമേ ശുക്രന്‍ അസ്തമിക്കുകയുള്ളൂ. എട്ടാം തീയതി സന്ധ്യാകാശത്തില്‍ തുലാം രാശിയില്‍ അതിമനോഹരമായ ഒരു ഗ്രഹയോഗം കാണാനാകും. സ്പൈക്ക നക്ഷത്രവും ത്രിതീയ ചന്ദ്രക്കലയും ശുക്രനും ശനിയും ചിത്തിര, ചോതി നക്ഷത്ര സമൂഹമധ്യത്തില്‍ അത്യപൂര്‍വ്വമായ ദര്‍ശനം നല്‍കും. മാസം മുഴുവനും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അല്‍പ്പം തെക്കുമാറി ഇന്ദ്രനീലശോഭയില്‍ ശനിയെ ദര്‍ശിക്കാം. ചൊവ്വയും വ്യാഴവും സെപ്റ്റംബറില്‍ കാണാന്‍ കഴിയുന്ന മറ്റു ഗ്രഹങ്ങള്‍ ചൊവ്വയും വ്യാഴവുമാണ്. യഥാ‍ക്രമം കര്‍ക്കിടകം മിഥുനം രാശികളില്‍ നില്‍ക്കുന്ന ഇവരെ സുര്യോദയത്തിനു മുമ്പ് കിഴക്കന്‍ ചക്രവാളത്തിലാണ് കാണാന്‍ കഴിയുക. സൂര്യോദയത്തിനു രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിട്ട് മുമ്പ് വ്യാഴത്തിനെ കിഴക്കന്‍ ചക്രവാളത്തില്‍ കാ‍ണാന്‍ സാധിക്കും. ഒന്നാം തീയതി 20 ശതമാനം മാത്രം പ്രഭയുള്ള ചന്ദ്രക്കലയ്ക്ക് നാല് ഡിഗ്രി ഇടത്തു താഴെയായി വ്യാഴത്തിനെ കാണാം. ചന്ദ്രക്കലയ്ക്ക് ഏഴര ഡിഗ്രി താഴെയായി ചുവന്നു തിളങ്ങുന്നതാണ് ചൊവ്വ. ഇരുപതാം തീയതി രാത്രി പന്ത്രണ്ട് മണിയോടെ യുറാനസിനെ ചന്ദ്രന്റെ മൂന്നര ഡിഗ്രി താഴെയായും പതിനേഴിന് ചന്ദ്രന്റെ ഏഴര ഡിഗ്രി വലതു മുകളിലായി നെപ്ട്യൂണിനെയും കാണാന്‍ സാധിക്കും. സെപ്റ്റംബര്‍ 15ന് ചന്ദ്രന്‍ ഭൂമിയോട് വളരെയടുത്തും 27ന് പരമാവധി അകലത്തിലുമായിരിക്കും. സെപ്റ്റംബര്‍ 22 സായന രീതിയിലെ ദക്ഷിണായന വിഷുവാണ്. ഈ ദിവസം ദിനരാത്രങ്ങള്‍ തുല്യമായിരിക്കും. നിരയത സമ്പ്രദായത്തില്‍ ദക്ഷിണായന വിഷു തുലാം ഒന്നിനാണ്. ഈ മാസത്തെ അമാവാസി നാലിന് വൈകിട്ട് 4:22 മുതല്‍ അഞ്ചിന് വൈകിട്ട് 5:06 വരെയും പൌര്‍ണമി 18ന് സന്ധ്യയ്ക്ക് 6:40 മുതല്‍ 19ന് വൈകിട്ട് 4:43 വരെയുമാണ്. 15ന് രാത്രി 12:19 മുതല്‍ 16ന് രാത്രി 10:27 വരെയും 17ന് രാത്രി 8:40 മുതല്‍ 18ന് രാത്രി 7:07 വരെയും മൃത്യു നക്ഷത്ര ബന്ധമുള്ളതിനാല്‍ ശുഭകാര്യങ്ങള്‍ക്കു ചേര്‍ന്നതല്ല. വി.സജീവ് ശാസ്താരം 9447661233

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.