ഏത് ആക്രമണങ്ങളെയും നേരിടാന്‍ സിറിയ സജ്ജം - ബാഷര്‍ അല്‍ അസദ്

Monday 2 September 2013 3:16 pm IST

ദമാസ്‌കസ്: പുറത്ത് നിന്നുള്ള ഏത് ആക്രമണങ്ങളെയും നേരിടാന്‍ സിറിയ സജ്ജമാണെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയയിലെത്തിയ ഇറാന്‍ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അസദിന്റെ പ്രസ്താവന. സിറിയയെ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണി മൂലം തങ്ങളുടെ നയ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അസദ് പറഞ്ഞു. ഭരണത്തെ അട്ടിമറിക്കാനുള്ള വിമത നീക്കത്തെ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനിടെ ഭരണകൂടത്തിനെതിരെ അമേരിക്ക സൈനിക നടപടിയ്ക്ക് തയ്യാറാകണമെന്ന് സിറിയന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. സിറിയക്കെതിരായ് സൈനിക നടപടിക് ബരാക് ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടിയ ഘട്ടത്തിലാണ് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ സൈനിക നടപടി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. സൈനിക നടപടിയ്ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് ഖാലിദ് സലേ പറഞ്ഞു. അമേരിക്ക സൈനിക ഇടപെല്‍ നടത്തിയാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. സിറിയന്‍ ജനത ഇത്തരമൊരു ഇടപെടല്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സൗദി അതിനെ പിന്തുണയ്ക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ പറഞ്ഞു. അതിനിടെ സിറിയയില്‍ രാസായുധ ആക്രമണം നടന്നതിന് തെളിവുകളുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. സരിന്‍ വാതകം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും കെറി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.