വി.എസിനെതിരെ പരാതി കിട്ടിയിട്ടില്ല - കാരാട്ട്

Saturday 13 August 2011 12:12 pm IST

കോഴിക്കോട്‌: പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെതിരെ കേന്ദ്ര നേതൃത്വത്തിനു പരാതി കിട്ടിയിട്ടില്ലെന്നു സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. വി.എസിന്റെ കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി എന്താണ്‌ തീരുമാനിച്ചതെന്ന്‌ തനിക്ക്‌ അറിയില്ല. പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ വി.എസ്‌.അച്യുതാനന്ദന്‍ സൃഷ്‌ടിക്കുന്ന സംഘടനാ പ്രശ്‌നങ്ങള്‍ അതീവ ഗൗരവത്തോടെ കണ്ട്‌ ഇടപെടണമെന്നു പാര്‍ട്ടി കേന്ദ്രകമ്മിറ്റിയോട്‌ ആവശ്യപ്പെടാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നലെയാണ് തീരുമാനിച്ചത്‌. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് വി.എസ്. സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച വിഷയത്തിലും അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ബര്‍ലിന്റെ നിലപാടുകള്‍ക്ക് വി.എസിന്റെ പിന്തുണയുണ്ടെന്ന ധാരണ പരക്കാനാണ് സന്ദര്‍ശനം വഴിയൊരുക്കിയതെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച രേഖയില്‍ കുറ്റപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.