കരിപുരണ്ട പ്രധാനമന്ത്രി

Wednesday 4 September 2013 9:26 pm IST

രാജ്യംകണ്ട ഏറ്റവും വലിയ അഴിമതികേസില്‍ ഏറെ പ്രധാനപ്പെട്ടതാണ്‌ കല്‍ക്കരി കുംഭകോണം. പ്രധാനമന്ത്രി തന്നെയാണ്‌ ഈ കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്‌. സിബിഐയുടെ അന്വേഷണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലാണ്‌ കാതലായ വീഴ്ച സംഭവിച്ചതെന്ന്‌ കണ്ടെത്തിക്കഴിഞ്ഞു.
അതുകൊണ്ടാണല്ലോ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ചോദ്യം ചെയ്യണമെന്ന്‌ നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ ഈ ആവശ്യം സിബിഐ ഡയറക്ടര്‍ നിരാകരിച്ചതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. സിബിഐ അന്വേഷണത്തിന്‌ വിടാനുള്ള തീരുമാനം പ്രധാനമന്ത്രിക്ക്‌ ക്ലീന്‍ചിറ്റ്‌ നല്‍കുന്നതിന്‌ വേണ്ടിയെന്ന തുടക്കം മുതലുള്ള ആരോപണത്തിന്‌ അടിവരയിടുന്നതാണിത്‌. 2006-09 കാലഘട്ടത്തില്‍ കല്‍ക്കരി വകുപ്പിെ‍ന്‍ ചുമതല പ്രധാനമന്ത്രിക്കായിരുന്നു. ഈ കാലയളവില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നുവെന്ന്‌ സിഎജി കണ്ടെത്തിയതാണ്‌. ഈ പശ്ചാത്തലത്തില്‍ കേസില്‍ പ്രധാനമന്ത്രിയുടെ പങ്ക്‌ കൂടി അന്വേഷിക്കേണ്ടതുണ്ടെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബിഐ എസ്പി കെ.ആര്‍. ചൗരസ്യ ആവശ്യപ്പെട്ടത്്‌. പ്രധാനമന്ത്രിയുടെ പങ്ക്‌ എന്തുകൊണ്ട്‌ അന്വേഷിക്കണമെന്ന്‌ വ്യക്തമാക്കുന്ന ഫയലുകളും ചൗരസ്യ സിബിഐ ഡയറക്ടര്‍ക്ക്‌ കൈമാറിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ടെന്നാണ്‌ ഡയറക്ടര്‍ ജനറല്‍ രഞ്ജിത്‌ സിന്‍ഹ നിര്‍ദേശി.ച്ചത്‌. സുപ്രീംകോടതി ഇന്ന്്്‌ കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കാനിരിക്കെയാണ്‌ സിബിഐയുടെ കള്ളക്കളി പുറത്തുവന്നത്‌.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അയച്ച പല സുപ്രധാന രേഖകളും ഫയലില്‍ നിന്നും കാണാതായിട്ടുണ്ടെന്ന്‌ കഴിഞ്ഞ തവണ കേസ്‌ പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ കാര്യത്തില്‍ സിബിഐക്ക്‌ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാമെന്ന്്‌ കോടതി പറഞ്ഞിരുന്നു. എണ്‍പതോളം കല്‍ക്കരിപാടങ്ങള്‍ അനുവദിച്ച 157 നിര്‍ണായക ഫയലുകളാണ്‌ നഷ്ടമായത്‌. അന്വേഷണത്തിന്റെ ഭാഗമായി 257 ഫയലുകളാണ്‌ സിബിഐ കല്‍ക്കരി മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിരുന്നത്‌. നഷ്ടമായ ഫയലുകള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണെന്ന്‌ സിബിഐ തന്നെ വ്യക്തമാക്കിയതാണ്‌. ചിലത്‌ നശിപ്പിക്കപ്പെട്ട നിലയിലുമാണ്‌. മഹാരാഷ്ട്ര സര്‍ക്കാരുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. പ്രധാനമന്ത്രിയെ പോയിട്ട് അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും ചോദ്യം ചെയ്യുന്നതിന്‌ സിബിഐക്ക്‌ സാധിച്ചിട്ടില്ല. കല്‍ക്കരി അഴിമതിക്കേസ്‌ അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷം സുപ്രീംകോടതി നേരത്തെ സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ അനുസരിച്ചു മുന്നോട്ടു പോകുകയാണോ .സുപ്രീംകോടതിക്കു പൂര്‍ണ്ണമായും വിധേയമായി നിഷ്പക്ഷ അന്വേഷണം നടത്തുകയാണോ ചെയ്യേണ്ടതെന്ന്‌ കോടതി ചോദിച്ചിരുന്നു. തങ്ങള്‍ കൂട്ടിലടച്ച തത്തയാണെന്നായിരുന്നു സിബിഐ ഡയറക്ടര്‍ നല്‍കിയ മറുപടി. കുട്ടിലടച്ച തത്തയായി തുടരാന്‍ തയ്യാറാണെന്ന തരത്തിലുള്ള ദുരൂഹത ഉളവാക്കുന്ന നിലപാടുകളാണ്‌ സിബിഐയുടേതെന്ന്്‌ ഒരിക്കല്‍കൂടി വെളിപ്പെട്ടിരിക്കുകയാണ്‌.
.സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തുന്നതെന്ന്‌ അറിയാത്തവരില്ല. മന്‍മോഹന്‍സിംഗിനെ രക്ഷിക്കുന്നതിനാണ്‌ രേഖകള്‍ നല്‍കാതെ സിബിഐക്കു മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. ഈ സാഹചര്യത്തില്‍ മന്ത്രാലയത്തിലെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്ത്‌ പരിശോധിക്കുകമാത്രമാണ്‌ ഏക പോംവഴി. ഇത്തരത്തില്‍ കമ്പ്യൂട്ടറുകളും രേഖകളും മന്ത്രാലയത്തില്‍ കയറി കണ്ടെടുക്കുന്നതിന്‌ സിബിഐയ്ക്കും കഴിയും. കോടതിയില്‍ സമര്‍പ്പിക്കുന്നതിന്‌ മുമ്പ്‌ സിബിഐ ഉദ്യോഗസ്ഥരെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി നിയമമന്ത്രി റിപ്പോര്‍ട്ട്‌ തിരുത്തി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ നിയമമന്ത്രി തിരുത്തല്‍ വരുത്തിയതായി സിബിഐ ഡയറക്ടര്‍ തന്നെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്‌ നിയമമന്ത്രി അശ്വനി കുമാര്‍ ഇടപെട്ട്‌ പ്രധാനമായും നീക്കം ചെയ്തത്‌. ഇതിന്റെ പേരില്‍ നിയമമന്ത്രി അശ്വിനികുമാറിന്‌ രാജിവെക്കേണ്ടി വന്നു. സിബിഐ ഡയറക്ടര്‍ക്ക്്‌ കോടതിയില്‍ മാപ്പ്‌ ഇരക്കേണ്ടിയും വന്നു. ഏറ്റവും ഒടുവിലത്തെ നിലപാടില്‍ ഇനി സുപ്രിംകോടതിയുടെ നിരീക്ഷണമാണ്‌ പ്രധാനം. ഏതായാലും ചുളുവില്‍ പ്രധാനമന്ത്രിക്ക്‌ ഈ കേസില്‍ നിന്നും രക്ഷപ്പെടാനാവില്ല. കരിപുരണ്ട പ്രധാനമന്ത്രിയെ പേറി രാജ്യത്തിന്‌ ഇനി മുന്നോട്ടും പോകാനാവില്ല തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.