വിധി പുനഃപരിശോധിക്കില്ല: സുപ്രീംകോടതി

Wednesday 4 September 2013 9:51 pm IST

ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്‌ അയോഗ്യത കല്‍പ്പിച്ച വിധി പുന:പരിശോധിക്കില്ലെന്ന്‌ സുപ്രീംകോടതി. ജനപ്രാതിനിധ്യ നിയമത്തിലെ 8(4)വകുപ്പ്‌ റദ്ദാക്കിയ ജൂലൈ 10ലെ കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ പോലീസ്‌ കസ്റ്റഡിയിലുള്ളവര്‍ മത്സരിക്കരുതെന്ന വിധി പുന:പരിശോധിക്കാമെന്ന്‌ കോടതി വ്യക്തമാക്കി.
ജൂലൈ 10ന്‌ പുറപ്പെടുവിച്ച ഉത്തരവില്‍ അപാകതയൊന്നുമില്ല. ഉത്തരവിനെപ്പറ്റി നല്ല ബോധ്യമുണ്ട്‌. എല്ലാവരും സ്വീകരിച്ച വിധിയാണ്‌. പാര്‍ലമെന്റ്‌ പോലും അംഗീകരിച്ചിട്ടുണ്ട്‌. അതിനാല്‍ തന്നെ വിധി പുന:പരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം തള്ളിക്കളയുന്നു, ജസ്റ്റിസ്‌ എ.കെ.പട്നായിക്‌,എസ്‌.ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു. ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പ്‌ പ്രക്രിയകളിലേക്ക്‌ കടന്നുവരുന്ന പ്രശ്നം ഉയര്‍ത്തിക്കാണിക്കുകയാണ്‌ കോടതി ചെയ്തതെന്നും ജസ്റ്റിസുമാര്‍ പറഞ്ഞു.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട ജനപ്രതിനിധികള്‍ നല്‍കുന്ന അപ്പീലില്‍ തീരുമാനമാകുന്നതുവരെ അംഗത്വം നിലനിര്‍ത്തുന്ന 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പാണ്‌ സുപ്രീംകോടതി റദ്ദാക്കിയിരുന്നത്‌. എന്നാല്‍ രാജ്യത്തെ ജനപ്രതിനിധികളില്‍ 30 ശതമാനം പേരും ക്രിമിനല്‍ കേസുകളിലെ പ്രതികളായതിനാല്‍ കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ 21 ശതമാനത്തിനുമെതിരെ ക്രിമിനല്‍ കേസുണ്ട്‌.
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതു വിലക്കിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നതാണ്‌. എന്നാല്‍ പുന:പരിശോധനാ ഹര്‍ജിയിന്‍മേലുള്ള സുപ്രീംകോടതി വിധി വന്നശേഷം ഭേദഗതിക്കു ശ്രമിച്ചാല്‍ മതിയെന്ന്‌ പിന്നീട്‌ ധാരണയിലെത്തി. വിധി പുന:പരിശോധിക്കില്ലെന്നും നിലവിലെ നിയമവ്യവസ്ഥ അനുസരിച്ചാണ്‌ വിധി പുറപ്പെടുവിച്ചതെന്നുമുള്ള കോടതി ഉത്തരവ്‌ വന്നതോടെ നിയമഭേദഗതിക്കായുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കും.
ഏതെങ്കിലും ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലധികം കാലത്തേക്ക്‌ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യനാവുമെന്നായിരുന്നു കഴിഞ്ഞ ജൂലൈ 10ന്‌ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്‌. നിലവില്‍ ശിക്ഷിക്കപ്പെട്ട്‌ അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്ക്‌ പുതിയ വിധി ബാധകമല്ലെന്ന്‌ വ്യക്തമാക്കിയ കോടതി ശിക്ഷിക്കപ്പെട്ട്‌ മൂന്ന്‌ മാസം കഴിഞ്ഞും അപ്പീല്‍ സമര്‍പ്പിക്കാത്തവര്‍ക്ക്‌ വിധി ബാധകമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യാപകമായ പരാതി ഉയര്‍ന്നതോടെ ആഗസ്ത്‌ 22ന്‌ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തി കോടതിയെ നേരിടാന്‍ ആലോചിച്ചിരുന്നു. പുന:പരിശോധനാ ഹര്‍ജിയിലെ തീരുമാനം അനുകൂലമല്ലെന്ന്‌ വ്യക്തമായതോടെ നിയമഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകും.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.