ഉത്തരേന്ത്യയില്‍ ഇന്ന് രക്ഷാ‍ബന്ധന്‍

Saturday 13 August 2011 3:53 pm IST

ന്യൂദല്‍ഹി: സഹോദരി സഹോദര സ്നേഹത്തിന്റെ സന്ദേശമായി ഉത്തരേന്ത്യയില്‍ ഇന്ന് രക്ഷാബന്ധന്‍ ആഘോഷിക്കുന്നു. സഹോദരി സഹോദരന്റെ കൈയ്യില്‍ രാഖി കെട്ടികൊടുക്കുന്നതാണ് രക്ഷാബന്ധന്‍ ദിനത്തിലെ പ്രധാന ചടങ്ങ്. സഹോദരിയുടെ സ്നേഹവും സഹോദരിയെ സഹോദരന്‍ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാമെന്ന ഉറപ്പുമാണ് രക്ഷാബന്ധന്റെ സന്ദേശം. റാണി കര്‍ണാവതി മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിന് രാഖി അയച്ചതോടെയാണ് രക്ഷാബന്ധന്റെ പ്രശസ്തി വര്‍ദ്ധിച്ചത്. പാണ്ഡവ പത്നി ദ്രൌപതി ശ്രീകൃഷ്ണന്റെ കൈയ്യില്‍ ചേല കെട്ടികൊടുത്തുവെന്നും ഐതീഹ്യമുണ്ട്. രാഖിയും മധുരപലഹാരങ്ങളും വാങ്ങിക്കാന്‍ വലിയ തിരക്കാണ് കടകളില്‍ അനുഭവപ്പെട്ടത്. രക്ഷാബന്ധനോട് അനുബന്ധിച്ച് ദല്‍ഹി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ ജനങ്ങള്‍ക്ക് രക്ഷാബന്ധന്‍ ദിനാശംസകള്‍ നേര്‍ന്നു. പ്രകൃതി സംരക്ഷണമെന്ന സന്ദേശവുമായി ബിഹാറില്‍ വൃക്ഷങ്ങളോട്‌ സാഹോദര്യം പ്രകടിപ്പിച്ചു കൊണ്ട്‌ ബിഹാര്‍ ജനത വൃക്ഷങ്ങള്‍ക്ക് രാഖി കെട്ടി. മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഒരു വൃക്ഷത്തിന്‌ രാഖി കെട്ടി സര്‍ക്കാരിന്‌ പ്രകൃതി സംരക്ഷണത്തിലുള്ള പ്രതിബദ്ധത വ്യക്തമാക്കിയത്‌. സഹപ്രവര്‍ത്തകനായ എസ്‌.കെ. മോഡി, കുമാര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു രാജധാനി വാതിക എന്ന പാര്‍ക്കില്‍ മുഖ്യമന്ത്രിയെത്തിയത്. പ്രകൃതിസംരക്ഷണത്തില്‍ പ്രതിജ്ഞയെടുക്കുകയും കൂട്ടായ്‌മയോടെ പ്രവര്‍ത്തിച്ച നിന്ന ബിഹാര്‍ ജനതയെ അദ്ദേഹം അഭിനന്ദിച്ചു. 'ഹരിത ബിഹാര്‍' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ വ്യാപകമായി വൃക്ഷത്തൈകള്‍ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്‌തു. വനം -പരിസ്ഥിതി വകുപ്പിന്റെ അധിക ചുമത നിര്‍വഹിക്കുന്ന മന്ത്രി മോഡിയും വൃക്ഷങ്ങള്‍ക്ക്‌ രാഖി കെട്ടി.