കാവുംകുഴി ജൈവ മാലിന്യപ്ലാന്റ് മണ്ഡലകാലത്തിന് മുമ്പ് പൂര്‍ത്തീകരിക്കും

Thursday 5 September 2013 10:11 pm IST

കോട്ടയം: എരുമേലിയിലെയും സമീപപ്രദേശങ്ങളിലേയും മാലിന്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് കാവുംകുഴി ജൈവമാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണം ഇക്കൊല്ലത്തെ ശബരിമല തീര്‍ഥാടനകാലത്തിനു മുന്‍പായി പൂര്‍ത്തിയാകുമെന്ന് എരുമേലി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 40 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയുടെ ഭൂരിഭാഗം പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. നിലവില്‍ പൂര്‍ത്തീകരിച്ച 30 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 15 ലക്ഷം രൂപ കേരള ശുചിത്വമിഷന്റെ ധനസഹായവും 25 ലക്ഷം രൂപ പഞ്ചായത്തിന്റെ പൊതുഫണ്ടുമാണ്. നാല് യാഡുകള്‍ ഉള്‍പ്പെടുന്ന പ്ലാന്റില്‍ മൂന്ന് യാഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. തരംതിരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് ടാറിംഗിന് ഉപയോഗിക്കാനാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. പ്ലാന്റില്‍നിന്നും ലഭിക്കുന്ന ജൈവമാലിന്യം വളമാക്കി വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നു. മാലിന്യം ദുര്‍ഗന്ധം വമിക്കാത്ത രീതിയില്‍ രാസപ്രക്രിയയിലൂടെ ജൈവവളമാക്കുകയാണ് ചെയ്യുന്നത്. നിലവില്‍ രണ്ട് ഏക്കറോളം സ്ഥലമാണ് മാലിന്യ സംസ്‌കരണ പ്ലാന്റിനായി ഉപയോഗിക്കുന്നത്. പദ്ധതിക്ക് കോട്ടയം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേരത്തേ ലഭിച്ചിരുന്നു. യാഡുകള്‍ നെറ്റ് ഉപയോഗിച്ച് കവര്‍ ചെയ്യുക, ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പ്ലാന്റില്‍ സജ്ജീകരിക്കുക തുടങ്ങിയ ജോലികളാണ് ഇനി നടപ്പാക്കാനുള്ളത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണവും എരുമേലി ഗ്രാമപഞ്ചായത്ത് പ്രതീക്ഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.