നാളെ മുതല്‍ സ്വകാര്യ ബസ് അനിശ്ചിത കാല പണിമുടക്കിലേക്ക്

Sunday 8 September 2013 4:47 pm IST

കൊച്ചി: വേഗപൂട്ട് ഇല്ലാത്ത ബസുകള്‍ പിടിച്ചെടുക്കാനുള്ള മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിത കാല ബസ് സമരം.  കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യബസ് ഉടമകളുടെ സംയുക്ത സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മലപ്പുറം അപകടത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന  മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ചാണ് ബസ്സുടമകള്‍ സംയുക്തമായി യോഗം ചേര്‍ന്നത്. കേരള ബസ്സ് ട്രാന്‍സ്സ്‌പോര്‍ട്ട് അസോസിയേഷന്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍,പ്രൈവറ്റ് ബസ് ഒപറേറ്റിവ് ഫോറം,പ്രൈവറ്റ് ബസ് ഓര്‍ഗനൈസേഷന്‍ എന്നിവ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വാഹനത്തില്‍ നിലവില്‍ ഘടിപ്പിച്ചിട്ടുളള വേഗപ്പൂട്ട് കാര്യക്ഷമമല്ലെന്നും വേഗപ്പൂട്ട് സ്ഥാപിക്കാന്‍ സാവകാശം നല്‍കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ബസ്സ് ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നു. പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച നടന്ന സമരത്തിന് പിന്നാലെയാണ് വീണ്ടുമൊരു സമരം. അതിനിടെ സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച ബസ് സമരം ബ്ലാക്ക് മെയിലിംഗ് തന്ത്രമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സ്വകാര്യ ബസുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും സ്പീഡ് ഗവര്‍ണര്‍ പരിശോധനമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ പെര്‍മിറ്റ് ഇനിമുതല്‍ പുതുക്കി നല്‍കേണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഒക്ടോബര്‍ 31നകം ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. കെ.എസ്.ആര്‍.ടി.സിക്കും ഈ തീരുമാനം ബാധകമാണ്. മലപ്പുറത്തെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ അമിത വേഗത്തില്‍ പോകുന്നതിനെ തുടര്‍ന്നാണ് ഇത്തരം സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത്. അമിതവേഗത്തില്‍ പായുന്ന ആറു റൂട്ടുകളില്‍ പരിശോധന കര്‍ശനമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.