വാര്‍ത്തകള്‍ ചോരുന്നത്‌ സിപിഎമ്മിന്‌ നാണക്കേടുണ്ടാക്കുന്നു: പിണറായി വിജയന്‍

Saturday 13 August 2011 8:15 pm IST

കണ്ണൂറ്‍: പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോരുന്നത്‌ പാര്‍ട്ടിക്ക്‌ നാണക്കേടുണ്ടാക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുറത്തുവരുന്ന വാര്‍ത്തകളെല്ലാം ശരിയായതല്ല. എന്നാല്‍ വാര്‍ത്തകള്‍ ചോരുന്നത്‌ സിപിഎമ്മിനെ പോലുള്ള ഒരു പാര്‍ട്ടിക്ക്‌ ചേര്‍ന്നതല്ല. മാധ്യമ പ്രവര്‍ത്തകരുടെ മിടുക്ക്‌ കൊണ്ടല്ല പല വാര്‍ത്തകളും ചോരുന്നത്‌. അതിന്‌ പിന്നില്‍ മറ്റ്‌ ചിലത്‌ കൂടെയുണ്ടെന്നും അതിനെ കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അതില്‍ വേവലാതി വേണ്ടെന്നും പിണറായി വ്യക്തമാക്കി. വിഎസിനെതിരെ സംസ്ഥാന കമ്മറ്റി കേന്ദ്ര കമ്മറ്റിക്ക്‌ ഒരു പരാതിയും നല്‍കിയിട്ടില്ല. പരാതി നല്‍കിയെന്നും അതായിരിക്കും കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്രകമ്മറ്റി യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയമെന്നും ചില മാധ്യമങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്‌ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. പിണറായി പറഞ്ഞു. പാമോലിന്‍ കേസില്‍ വിജിലന്‍സ്‌ കേസ്‌ നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരും. പ്രസ്തുത കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി പ്രശ്നത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ഒരാശയക്കുഴപ്പമുണ്ടാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിക്കെതിരെ ബര്‍ലിന്‍ പറയുന്ന കാര്യങ്ങള്‍ ഗൌരവത്തിലെടുക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ ബര്‍ലിന്‌ മാനസിക രോഗമാണെന്ന്‌ ധ്വനിപ്പിക്കുന്ന തരത്തിലുള്ള ചില ഉദാഹരണങ്ങളും പിണറായി പറഞ്ഞു. ഗോപി കോട്ടമുറിക്കലിനെതിരായ പരാതിയെ കുറിച്ചുള്ള ചോദ്യത്തിന്‌ ആയത്‌ പാര്‍ട്ടി അന്വേഷിച്ചുവരികയാണെന്നും അതിലൊന്നും നിങ്ങള്‍ വേവലാതിപ്പെടേ ണ്ടതില്ലെന്നും പിണറായി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.