കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ജനങ്ങളുടെ സഹായം വേണം: ജില്ലാ പോലീസ്‌ സൂപ്രണ്ട്‌

Saturday 13 August 2011 8:23 pm IST

കണ്ണൂറ്‍: കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ജനങ്ങളുടെ സഹായം പോലീസിന്‌ ആവശ്യമാണെന്ന്‌ കണ്ണൂറ്‍ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ അനൂപ്‌ കുരുവിള ജോണ്‍ അഭിപ്രായപ്പെട്ടു. കണ്ണൂറ്‍ ബാങ്കേഴ്സ്‌ ക്ളബ്‌ സംഘടിപ്പിച്ച സെമിനാറില്‍ 'ബാങ്കിംഗ്‌ മേഖലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയും അത്യാര്‍ത്തിയുമാണ്‌ മണിചെയിന്‍ പോലുള്ളവ ഇവിടെ തഴച്ചുവളരുവാന്‍ കാരണം. എളുപ്പത്തില്‍ പണമുണ്ടാക്കുക എന്നതാണ്‌ ഇതില്‍ പെടുന്നവരുടെയെല്ലാം മുഖ്യലക്ഷ്യം. ജില്ലയില്‍ സൈബര്‍സെല്‍ 2006ല്‍ ആരംഭിച്ചിട്ടുണ്ട്‌. 2006ല്‍ ഒരു പരാതി പോലും വന്നില്ല. 2007ല്‍ 289ഉം 2010ല്‍ 3300 ഉം ഈ വര്‍ഷം ഇതുവരെ 2900 ഉം പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. ഇതേപ്പറ്റി ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരായി വരികയാണെന്നാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി പോലീസിംഗും ജനമൈത്രി പദ്ധതിയും വിജയകരമാക്കി നടപ്പിലാക്കി വരികയാണ്‌. കുറ്റകൃത്യങ്ങളുടെ എണ്ണവും കുറഞ്ഞുവരുന്നതായാണ്‌ പദ്ധതികള്‍ നടപ്പിലാക്കിയ സ്ഥലങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എസ്പി ചൂണ്ടിക്കാട്ടി. യോഗത്തില്‍ ബാങ്കേഴ്സ്‌ ക്ളബ്‌ പ്രസിഡണ്ട്‌ കെ.കെ.വിജയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.മോഹനന്‍, സി.വി.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.