ദേശീയഗാനത്തിന്റെ ദൃശ്യ-ശ്രാവ്യ രൂപം പുറത്തിറക്കി

Saturday 13 August 2011 8:52 pm IST

ന്യൂദല്‍ഹി: ടാഗോള്‍ രചിച്ച ദേശീയഗാനത്തിന്റെ പുതിയ രൂപം കഴിഞ്ഞ ദിവസം പുറത്തിറക്കി. ജയഹേ എന്ന എട്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ദൃശ്യ-ശ്രാവ്യ രൂപം ചിട്ടപ്പെടുത്തി നിര്‍മിച്ചത്‌ 'സരിഗമ'യാണ്‌. ടാഗോറിന്റെ 150-ാ‍ം ജന്മശതാബ്ദിയോടനുബന്ധിച്ചാണ്‌ ദേശിയ ഗാനത്തിന്‌ പുതിയ രൂപവും ഭാവവും നല്‍കുന്നത്‌. ഗിരിജാദേവി, എം. ബാലമുരളീകൃഷ്ണ, നിത്യശ്രീ മഹാദേവന്‍ എന്നിവരടക്കം 39 വിഖ്യാത കലാകാരന്മാരാണ്‌ ഈ കലാരൂപത്തിന്‌ പിന്നില്‍ അണിനിരക്കുന്നത്‌.
സന്തൂറില്‍ ശിവകുമാര്‍ ശര്‍മ്മയും മോഹനവീണയില്‍ വിശ്വമോഹന്‍ ഭട്ടും ഇവരെ അനുഗമിക്കുന്നു. കൂടാതെ സുനിധി ചൗഹാന്‍, കൈലാഷ്‌ ഖേര്‍, പി. സുശീല, ജഗ്ജിത്സിംഗ്‌, ശങ്കര്‍ മഹാദേവന്‍ എന്നിവരുമുണ്ട്‌. ഫോക്ക്‌ ഗായകരായ ലോപേന്ദ്രമുദ്രയും ലഖന്‍ദാസ്‌ ബാളും ഇതിലുണ്ട്‌. സ്വാതന്ത്ര്യദിനത്തിന്‌ മുമ്പുതന്നെ ഇത്‌ പുറത്തിറക്കി. വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പുമന്ത്രി അംബികാസോണിയും സാംസ്കാരികമന്ത്രി സെല്‍ജയും സന്നിഹിതരായിരുന്നു.