ന്യൂദല്‍ഹി: മുസാഫിര്‍നഗറില്‍ ദിവസങ്ങളായി തുടരുന്ന വര്‍ഗ്ഗീയ കലാപം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി. വര്‍ഗ്ഗീയകലാപം തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പരാജയം സംഭവിച്ചതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് പറഞ്ഞു.
പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിലും യുപി സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് കലാപം ഇത്ര ഭീകരമായി തുടരാന്‍ കാരണമായത്. സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിനു മേലുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു.
മുസാഫിര്‍നഗറില്‍ പ്രശ്നങ്ങള്‍ അതിസങ്കീര്‍ണ്ണമായി തുടരുകയാണ്. സൈന്യത്തെ രംഗത്തിറക്കിയതിനു ശേഷവും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുകയാണെന്നും ബിജെപി അദ്ധ്യക്ഷന്‍ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: