മക്കളെ കെട്ടിത്തൂക്കി അമ്മ ആത്മഹത്യ ചെയ്തു

Tuesday 21 June 2011 10:32 pm IST

കുന്നംകുളം: പന്നിത്തടം എകെജി നഗറില്‍ രണ്ടു മക്കളെ ഫാനില്‍ കെട്ടിത്തൂക്കി അമ്മ ആത്മഹത്യ ചെയ്തു. തൊടിയില്‍ വീട്ടില്‍ അഷറഫിന്റെ ഭാര്യ നസീറ (30) യാണ്‌ മക്കളായ നാജിയ ( 13), സുമയ്യ ( 7) എന്നിവരെ കെട്ടിത്തൂക്കിയ ശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ചത്‌.
ഇന്നലെ രാവിലെ ഒമ്പതിനാണു സംഭവം. മദ്രസയില്‍ പോയ വന്ന ശേഷം ചിറമനേങ്ങാട്‌ സ്കൂളിലേക്കു പോകുന്നതിനു വേണ്ടി തയാറായിരുന്ന കുട്ടികളെയും കൂട്ടി മുറിക്ക്‌ അകത്തു കയറിയ ശേഷം അവരുടെ കഴുത്തില്‍ കയര്‍ കെട്ടി തൂക്കി. തുടര്‍ന്നു നസീറ മറ്റൊരു കയറില്‍ തൂങ്ങി മരിക്കുകയായിരുന്നു. കയര്‍ പൊട്ടി നിലത്തു വീണ സുമയ്യയുടെ നിലവിളി കേട്ട്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ നാജിയയെ രക്ഷപ്പെടുത്തിയത്‌. അപ്പോഴേക്കും നസീറ മരിച്ചിരുന്നു.
കുട്ടികളെ നാട്ടുകാര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്തകുട്ടി നാജിയയുടെ നില അതീവ ഗുരുതരമാണ്‌. നാജിയയെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അഷറഫ്‌ ജോലിക്കു പോയ സമയത്താണു സംഭവം. നസീറ മാനസിക രോഗത്തിന്‌ ചികിത്സയിലായിരുന്നുവെന്ന്‌ പറയുന്നു. കുന്നംകുളം പോലീസ്‌ നടപടികള്‍ സ്വീകരിച്ചു.