ക്ഷേത്രസംരക്ഷണ സമിതി സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

Saturday 13 August 2011 10:51 pm IST

ഹരിപ്പാട്‌: കേരള ക്ഷേത്രസംരക്ഷണ സമിതി 45-ാ‍ം സംസ്ഥാന സമ്മേളനത്തിന്‌ പ്രൗഢഗംഭീരമായ തുടക്കം. രാവിലെ സംസ്ഥാന അധ്യക്ഷന്‍ എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്‌ ധ്വജാരോഹണം നടത്തി. തുടര്‍ന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്നും എത്ര സ്വത്തുക്കള്‍ ഉണ്ടെന്നും പറയുവാന്‍ വ്യക്തമായ രേഖകളും കണക്കുകളും ഇല്ല. ക്ഷേത്രങ്ങളുടെ സ്വത്തുക്കളും ആചാരാനുഷ്ഠാനവും സംരക്ഷിക്കുവാന്‍ ക്ഷേത്രസംരക്ഷണ സമിതി നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വത്തുക്കള്‍ ഏറെയുണ്ടെങ്കിലും ഇവയ്ക്കെല്ലാം വ്യക്തമായ രേഖയില്ല. കോടാനുകോടി രൂപയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ഉണ്ട്‌. അവ സംരക്ഷിക്കപ്പെടുന്നില്ല എന്ന വസ്തുത പരസ്യമാണ്‌. 1811ല്‍ കേണല്‍ മണ്‍റോ തിരുവിതാംകൂറിലെ ഇരുപത്തിയാറായിരത്തോളം ക്ഷേത്രങ്ങളാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ്‌ ഉണ്ടായത്‌. 35,000 ഏക്കര്‍ ഭൂമിയും 30,000 ഏക്കര്‍ വനഭൂമിയും ഇത്രത്തോളം വിലവരുന്ന സ്ഥാവര വസ്തുക്കളുമാണ്‌ ഏറ്റെടുത്തത്‌. 1983 എത്തിയപ്പോള്‍ ക്ഷേത്രങ്ങളുടെ എണ്ണം 9000 ആയി ചുരുങ്ങി. വസ്തുവകകളും ക്ഷേത്രങ്ങളും ഇല്ലാതായി.
ഭൂപരിഷ്ക്കരണ വന നിയമങ്ങള്‍ ക്ഷേത്രസ്വത്തുക്കള്‍ കൈവിട്ടുപോകുവാന്‍ കാരണമായി. സമ്പത്ത്‌ എന്നതുപോലെ തന്നെ സംസ്ക്കാരത്തേയും സംരക്ഷിക്കപ്പെടേണ്ടതാണ്‌.
സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ശ്രീനിവാസ്‌ ഗോപാല്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും സമിതി സംസ്ഥാന രക്ഷാധികാരി ഡോ.കെ.ബാലകൃഷ്ണ വാര്യര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌, പി.എന്‍.ഗോപാലകൃഷ്ണന്‍, വി.സുകുമാരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. ഗോപാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ്‌ ബി.സുകുമാരന്‍ നായര്‍ നന്ദിയും പറഞ്ഞു. വൈകിട്ട്‌ നഗരത്തെ കാവിയില്‍ ആറാടിച്ച്‌ ഭക്തിനിര്‍ഭരമായ ശോഭായാത്രയും നടന്നു. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി അയ്യപ്പദാസ്‌ സ്വാഗതവും സി.കെ.കുഞ്ഞ്‌ നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.