ദേവപ്രശ്നം: പരിഹാരക്രിയകള്‍ ഉത്സവത്തിന്‌ ശേഷം

Saturday 13 August 2011 10:51 pm IST

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രായശ്ചിത്തങ്ങള്‍ അടുത്ത ഉത്സവത്തിന്‌ ശേഷം നടത്തും. ഗണപതിഹോമം പോലുള്ള അടിയന്തരമായി ചെയ്യേണ്ട ഏതാനും പൂജകള്‍ ഒഴികെ എല്ലാം അല്‍പശി ഉത്സവത്തിന്‌ ശേഷം നടത്താനാണ്‌ തീരുമാനം. തുലാം മാസത്തിലെ അത്തം നാളില്‍ (ഒക്ടോബര്‍ 25) തുടങ്ങി തിരുവോണം നാളില്‍ (നവംബര്‍ 3ന്‌) ആറാട്ടോടെ അവസാനിക്കുന്ന രീതിയിലാണ്‌ ഇത്തവണത്തെ ഉത്സവം വരിക. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ ദോഷങ്ങള്‍ക്കും തെറ്റുകള്‍ക്കുമുള്ള പ്രായശ്ചിത്തമായി നിരവധി പൂജകളും കര്‍മ്മങ്ങളുമാണ്‌ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌.
ക്ഷേത്രവുമായി നേരിട്ട്‌ ബന്ധപ്പെട്ട തിരുവട്ടാര്‍, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍, ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട 10 ക്ഷേത്രങ്ങളിലും സമീപത്തുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും അതാത്‌ ക്ഷേത്രങ്ങളിലെ വിശേഷാല്‍ പൂജകള്‍, ദേവീ സങ്കല്‍പ്പങ്ങള്‍ക്കായി ത്രികാലപൂജയും ഭഗവതിസേവയും സര്‍പ്പദോഷം വന്നതിന്‌ പ്രായശ്ചിത്തവും സര്‍പ്പബലിയും നടത്തണം.
ആരാധന കിട്ടാതെ കിടക്കുന്ന ഗണപതി വിഗ്രഹത്തെയും ശ്രീരാമന്റെ അടുത്തുള്ള ചെറിയ ഗണപതിയെയും മാറ്റി സ്ഥാപിക്കല്‍, 24000 സുദര്‍ശനമന്ത്രവും 24000 ആഹുതിയും, മൃത്യുഞ്ജയഹോമവും തിലഹോമവും 93 സഹസ്രനാമയജ്ഞവും ഒരു സപ്താഹ യജ്ഞവും നടത്തണം.
പത്മനാഭസ്വാമി ക്ഷേത്രത്തിന്‌ പുറമെ തിരുവട്ടാര്‍, തിരുവമ്പാടി, മൂകാംബിക എന്നീ ക്ഷേത്രങ്ങളില്‍ രാജകുടുംബത്തിന്റെ ദ്രവ്യ സമര്‍പ്പണം എന്നിവയായിരുന്നു പ്രധാന പരിഹാര ക്രിയകള്‍ ഇവയെല്ലാം ചെയ്യാന്‍ സമയം വേണമെന്നുള്ളതിനാലാണ്‌ ഉത്സവത്തിന്‌ ശേഷം നടത്താന്‍ തീരുമാനമായത്‌.
നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കേസ്‌ അടുത്തമാസം സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ദേവപ്രശ്നത്തിലെ കണ്ടെത്തലുകളും കോടതിയില്‍ ക്ഷേത്രത്തെ പ്രതിനിധീകരിച്ച്‌ കക്ഷിയായ രാജകുടുംബം അറിയിക്കും.
സ്വന്തം ലേഖകന്‍