അര്‍ഹിക്കുന്ന ശിക്ഷ

Friday 13 September 2013 8:47 pm IST

രാജ്യത്തെ നടുക്കുകയും ലോകം ഉറ്റുനോക്കുകയും ചെയ്ത ദല്‍ഹി മാനഭംഗക്കേസില്‍ പ്രതികള്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ്‌ ലഭിച്ചിരിക്കുന്നത്‌. നാലുപ്രതികള്‍ക്കും വധശിക്ഷയാണ്‌ ദല്‍ഹി സാകേത്‌ കോടതി വിധിച്ചത്‌. പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനും നിഷ്ഠൂരമായ പീഡനങ്ങള്‍ക്കും ഇരയാക്കിയ സംഭവത്തിലെ മുഖ്യപ്രതി രാംസിംഗ്‌ റിമാണ്ടിലിരിക്കെ ജയിലില്‍ ആത്മഹത്യചെയ്തിരുന്നു. പ്രതികള്‍ ക്രൂരകൃത്യം ചെയ്ത ബസ്സിന്റെ ഡ്രൈവറായിരുന്നു രാംസിംഗ്‌.

രാംസിന്റെ ആത്മഹത്യയിലൂടെ തന്നെ പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ഏതെന്ന്‌ വ്യക്തമാക്കുകയായിരുന്നു. അവശേഷിച്ച പ്രതികള്‍ക്ക്‌ കോടതി വിധിച്ചതും കൊലക്കയറായത്‌ സ്വാഭാവികം. പ്രതികളെ ഈ ശിക്ഷയില്‍ നിന്ന്‌ രക്ഷിക്കാന്‍ മാനുഷിക പരിഗണനയും ജീവിക്കാനുള്ള അവകാശവും ഗാന്ധിജിയുടെ വാക്കുകളുമെല്ലാം പ്രതിഭാഗം അണിനിരത്തിയതാണ്‌. എന്നാല്‍ പ്രതികള്‍ ഒരു പെണ്‍കുട്ടിയെ പിച്ചിചീന്തിയത്‌ ഒരു ദയയും അര്‍ഹിക്കുംവിധമല്ലെന്ന്‌ ലോകമനസാക്ഷിതന്നെ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകമുള്‍പ്പെടെ ചുമത്തിയ 12 കുറ്റങ്ങള്‍ നില നില്‍ക്കുന്നതാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസാണെന്നും മനുഷ്യത്വരഹിതമായ ക്രൂരതയാണെന്നുംഅഡീഷനല്‍ സെഷന്‍സ്‌ ജഡ്ജി യോഗേഷ്‌ ഖാന്ന വിലയിരുത്തി. വിധി കേട്ടയുടന്‍ ഒരു പ്രതി കോടതിയില്‍ പൊട്ടിക്കരഞ്ഞു. കോടതിക്കും അഭിഭാഷകര്‍ക്കും പൊലീസിനും നന്ദിയെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. അഭിഭാഷകര്‍ കോടതിയില്‍ കരഘോഷം മുഴക്കി. വിധി ശ്രമിച്ചത്‌ തന്നെ മനുഷ്യമനസ്സിന്റെ പ്രതിഫലനമായി കാണാവുന്നതാണ്‌.
ശിക്ഷ ജീവപര്യന്തമായി കുറച്ചു ദയ കാണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ അപേക്ഷ. ഇതു കോടതി പൂര്‍ണമായും തള്ളി. ഏഴുമാസം നീണ്ടുനിന്ന വിചാരണാ നടപടികള്‍ക്കൊടുവിലാണ്‌ വിധി പ്രസ്താവിച്ചത്‌. കേസില്‍ ആകെ ആറു പ്രതികളാണുണ്ടായിരുന്നത്‌. ഒന്നാംപ്രതി രാം സിങ്‌ വിചാരണക്കാലത്ത്‌ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചെങ്കിലും അയാള്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു കഴിഞ്ഞയാഴ്ച ജുവനെയില്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ മൂന്നു വര്‍ഷത്തെ തടവ്‌ വിധിച്ചിരുന്നു. ചുമത്തിയ 13 കുറ്റങ്ങളില്‍ 12 എണ്ണം പ്രതികള്‍ ചെയ്തതായാണു കോടതിയുടെ കണ്ടെത്തല്‍.
പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക്‌ നല്‍കിയത്‌ നിസ്സാര ശിക്ഷയായെന്നാരോപിച്ച്‌ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16നു രാത്രിയാണ്‌, സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഫിസിയോ തെറപ്പി വിദ്യാര്‍ഥിനി (23) ഓടുന്ന ബസില്‍ കൂട്ട മാനഭംഗത്തിനിരയായത്‌. ഇന്ത്യയിലും സിംഗപ്പൂരിലുമായി രണ്ടാഴ്ച നീണ്ട ചികില്‍സയ്ക്കിടെ ഡിസംബര്‍ 29നു പെണ്‍കുട്ടി മരിച്ചു. വിചാരണ കഴിഞ്ഞ മൂന്നിനു പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ സാക്ഷികളായി 85 പേരെ വിസ്തരിച്ച കേസില്‍ പെണ്‍കുട്ടിയുടെ മരണമൊഴി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി, ഫൊറന്‍സിക്‌ പരിശോധനാ റിപ്പോര്‍ട്ട്‌, പ്രതികളുടെ വസ്ത്രത്തിലെ രക്തം പെണ്‍കുട്ടിയുടേതാണെന്നു തെളിയിച്ച ഡിഎന്‍എ പരിശോധനാ ഫലം, യുവതിയെ ചികില്‍സിച്ച ദല്‍ഹി സഫ്ദര്‍ജങ്ങ്‌, സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മൊഴി, ബസ്‌ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണു കേസില്‍ നിര്‍ണായക തെളിവായത്‌.
വിധി പ്രഖ്യാപനത്തോട്‌ അനുബന്ധിച്ച്‌ കനത്ത സുരക്ഷയാണു സാകേത്‌ കോടതി പരിസരത്ത്‌ ഒരുക്കിയിരുന്നത്‌. കേസുമായി ബന്ധപ്പെട്ടവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമാണു കോടതി മുറിയിലേക്കു പ്രവേശനം അനുവദിച്ചത്‌. സിനിമ കണ്ട ശേഷം സുഹൃത്തിനൊപ്പം ദ്വാരക മഹാവീര്‍ എന്‍ക്ലേവിലെ വീട്ടിലേക്കു മടങ്ങവേയാണു പെണ്‍കുട്ടി പീഡനത്തിനിരയായത്‌. സൗത്ത്‌ ദല്‍ഹിയിലെ മുനീര്‍ക്കയില്‍ നിന്നാണ്‌ ഇവര്‍ ബസില്‍ കയറിയത്‌. പെണ്‍കുട്ടിയെ ഒരു മണിക്കൂറോളം പീഡിപ്പിച്ച ശേഷം സുഹൃത്തിനൊപ്പം മഹിപാല്‍പുര്‍ മേല്‍പ്പാലത്തിനു സമീപം ഉപേക്ഷിച്ചു. സുഹൃത്തിനു സാരമായ മര്‍ദനമേറ്റിരുന്നു. സംഭവത്തെത്തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്സീന കുന്നില്‍ വരെയെത്തി. പീഡന വിരുദ്ധ നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌ പ്രക്ഷോഭത്തെ തുടര്‍ന്നാണ്‌. ഇത്തരം കേസിലെ പ്രതികള്‍ക്ക്‌ വധശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്‌ ഭരണക്കാരുടെ കണ്ണുതുറപ്പിച്ചിരിക്കുകയാണ്‌. ഈ കേസിന്റെ വിധിയാകട്ടെ ചരിത്രപ്രധാനവും. കുറ്റവാസനയുള്ളവരെ പിന്‍തിരിപ്പിക്കാന്‍ ഈ വിധി അല്‍പമെങ്കിലും സ്വാധീനിക്കുമെങ്കില്‍ എന്നാണ്‌ സര്‍വരും ആശിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.