ക്രൂരതയ്ക്ക്‌ അറുതിയില്ല : അറക്കുവാന്‍ പശുക്കളെ കുത്തിനിറച്ച പെട്ടി ഓട്ടോ പോലീസ്‌ പിടികൂടി

Saturday 13 August 2011 11:37 pm IST

മൂവാറ്റുപുഴ: മൂന്ന്‌ പശുകിടാങ്ങളുള്‍പ്പടെ എട്ട്‌ പശുക്കളെ കുത്തിനിറച്ച്‌ കൊണ്ടുവന്ന പെട്ടി ഓട്ടോ മൂവാറ്റുപുഴ കച്ചേരിത്താഴത്ത്‌ പോലീസ്‌ തടഞ്ഞു. തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക്‌ അറക്കാന്‍ കൊണ്ടുപോവുകയായിരുന്ന മാടുകളെ കാലുകള്‍ കെട്ടിവരിഞ്ഞ്‌ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി കെട്ടിയ നിലയിലായിരുന്നു. അനങ്ങാനാവാതെ കണ്ണുകള്‍ തള്ളി ചാണകത്തില്‍ പൊതിഞ്ഞ്‌ വാഹനത്തിന്‌ വെളിയിലേക്ക്‌ തള്ളിയ നിലയില്‍ നിറച്ച ഇവയെ മൂവാറ്റുപുഴയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്നാണ്‌ തടഞ്ഞ്‌ പോലീസിനെ വിവരം അറിയിച്ചത്‌. തുടര്‍ന്ന്‌ നഗരമധ്യത്തില്‍ അരങ്ങേറിയത്‌ അതിദയനീയ കാഴ്ചയായിരുന്നു.
വാഹനത്തില്‍ നിന്നും മൃഗങ്ങളെ താഴെ ഇറക്കി നേരെ നിര്‍ത്തുവാന്‍ പോലും പാട്‌ പെടുന്നുണ്ടായിരുന്നു. കാഴ്ച കണ്ട്‌ ചുറ്റും കൂടിയ ആളുകള്‍ ഇവയെ കൊണ്ടുവന്ന വാഹന ഡ്രൈവറെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌ പോലീസ്‌ ഇടപെട്ടാണ്‌ നിയന്ത്രിച്ചത്‌.
തുടര്‍ന്ന്‌ മൃഗസംരക്ഷണ സംഘടനയായ ദയയുടെ സെക്രട്ടറി രമേഷും പത്രപ്രവര്‍ത്തകരും ചേര്‍ന്ന്‌ മാടുകളെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. 2001 ട്രാന്‍സ്പോര്‍ട്ടിംങ്ങ്‌ റൂള്‍ അനുസരിച്ചും പി സി എ ആക്ട്‌ പ്രകാരവും കേസ്‌ രജിസ്റ്റര്‍ ചെയ്തു. ഫോര്‍ട്ട്‌ കൊച്ചി, ജി സി ഡി എ കോളനി ഉറിയിലകത്ത്‌ വീട്‌ ഉമ്മര്‍ കോയ മകന്‍ ഹര്‍ഷാദ്‌(24), കൊച്ചി തറപമ്പില്‍ ഷംനാദ്‌ (34) എന്നിവരാണ്‌ മാടുകളെ കൊണ്ടുപോയത്‌. ചെറുവാഹനങ്ങളില്‍ അറവുമാടുകളെ കൊണ്ടുപോവരുതെന്ന്‌ നിയമം നിലനില്‍ക്കെയാണ്‌ ദിനം പ്രതി ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.