സിറിയ രാസായുധം പ്രയോഗിച്ചു: ബാന്‍ കി മൂണ്‍

Saturday 14 September 2013 9:59 pm IST

വാഷിങ്ങ്ടണ്‍: സിറിയ രാസായുധ പ്രയോഗം നടത്തിയെന്നതിന്‌ തെളിവുണ്ടെന്ന്‌ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. അസദിനെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ട മൂണ്‍ ഇതിന്‌ യുഎന്നിന്റെ പക്കല്‍ ശക്തമായ തെളിവുണ്ടെന്ന്‌ വ്യക്തമാക്കി. സ്വന്തം ജനങ്ങള്‍ക്ക്‌ നേരെ രാസായുധം പ്രയോഗിച്ച അസദിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും മൂണ്‍ മുന്നറിപ്പ്‌ നല്‍കി.
സിറിയയുടെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്‌ യു എസ്‌ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ സിറിയയ്ക്കെതിരെയുളള സൈനിക നടപടിയില്‍ നിന്നും അമേരിക്ക പിന്‍മാറിയത്‌. ഒബാമയുടെ കണ്ണുരുട്ടല്‍ സിറിയന്‍ വിഷയത്തില്‍ റഷ്യയുടെ ഇടപെടല്‍ മുഖേന ഫലം കണ്ടില്ല. ജി-20 ഉച്ചകോടിയില്‍ സിറിയന്‍ പ്രശ്നം വന്‍ ചര്‍ച്ചാവിഷയമായെങ്കിലും പരിഹാരങ്ങളൊന്നും ഉരുത്തിരിഞ്ഞില്ല. പിന്നീട്‌ നടന്ന ചര്‍ച്ചയിലാണ്‌ സിറിയന്‍ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട്‌ അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കാനും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും റഷ്യയും അമേരിക്കയും തീരുമാനിച്ചത്‌.
സിറിയന്‍ വിഷയത്തെക്കുറിച്ച്‌ രണ്ടാഴ്ചക്കുള്ളില്‍ അന്താരാഷ്ട്രതലത്തില്‍ സമാധാന ചര്‍ച്ച വിളിച്ചുചേര്‍ക്കുമെന്നും ലവ്‌റോവുമായി നടന്ന ചര്‍ച്ച വിജയകരമായിരുന്നെന്നും യുഎസ്‌ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. സിറിയയ്ക്കെതിരെ അമേരിക്ക ആഹ്വാനം ചെയ്ത സൈനിക നടപടിക്ക്‌ അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ലഭിച്ചിരുന്നില്ല.
സിറിയന്‍ രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്ന റഷ്യയുടെ ആവശ്യം ലോകരാജ്യങ്ങള്‍ നെഞ്ചിലേറ്റിയതോടെ സൈനിക നടപടിയെന്ന അമേരിക്കയുടെ ആവശ്യത്തിന്‌ തിരിച്ചടി നേരിടുകയായിരുന്നു. ഇതിനിടയില്‍ സിറിയയില്‍ വിമതരും സൈന്യവും തമ്മില്‍ സംഘര്‍ഷം നടക്കുകയാണെന്നും അമേരിക്ക വിമതര്‍ക്ക്‌ ആയുധങ്ങള്‍ കൈമാറിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.