ഷമ്മി കപൂര്‍ അന്തരിച്ചു

Sunday 14 August 2011 5:15 pm IST

മുംബൈ: പ്രമുഖ ഹിന്ദി നടന്‍ ഷമ്മി കപൂര്‍ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പുലര്‍ച്ച 5.15 ഓടെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. ഈ മാസം ഏഴിനാണ് വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെ രോഗം മൂര്‍ഛിക്കുകയും പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഷമ്മി കപൂര്‍ സിനിമാരംഗത്ത് നിന്നും ഏറെക്കാലമായി വിട്ടു നില്‍ക്കുകയായിരുന്നു. 2006ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരമായി ഡയാലിസിസിന് ഷമ്മി വിധേയനാകാറുണ്ടായിരുന്നു. 1950 കളിലും 60 കളിലും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ഷംഷേര്‍ രാജ് കപൂര്‍ എന്ന ഷമ്മി കപൂര്‍. 1953 ല്‍ പുറത്തിറങ്ങിയ ജീവന്‍ ജ്യോതിയാണ് ആദ്യ ചിത്രം. 1994ല്‍ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന മലയാള ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബഹുമുഖമായ അഭിനയശേഷി കൊണ്ട് ആരാധകമനസ്സില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2006 ല്‍ പുറത്തിറങ്ങിയ സാന്‍ഡ്‌വിച്ചാണ് അവസാന ചിത്രം. ലൈല മജ്നു, വിധാത, പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. 1968ല്‍ ബ്രഹ്മചാരി എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചിരുന്നു. 2009ല്‍ ഫാല്‍കേ അവാര്‍ഡ് നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.