അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന്‌ ചിദംബരം

Wednesday 18 September 2013 7:38 pm IST

ന്യൂദല്‍ഹി: അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം കര്‍ശന നിര്‍ദ്ദേശം നല്‍കി. ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുകയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ചെലവാക്കല്‍ മാത്രമേ പാടുള്ളുവെന്നാണ്‌ നിര്‍ദ്ദേശം. ആനാവശ്യ ചെലവാക്കലുകള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രാരംഭ നടപടിയാണിതെന്ന സൂചനയാണ്‌ ഇപ്പോള്‍ ലഭിക്കുന്നത്‌. വരുന്ന ഏതാനും ദിവസത്തിനുള്ളില്‍ ചെലവ്‌ ചുരുക്കല്‍ സംബന്ധിച്ച്‌ ധനകാര്യ മന്ത്രാലയം കടുത്ത നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രൂപയുടെ മൂല്യം ഇടിവിനെ തുടര്‍ന്ന്‌ ഉയര്‍ന്ന പെട്രോളിയം സബ്സിഡി ബില്‍ നിലവിലെ സാമ്പത്തിക കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചു. മാത്രമല്ല പ്രത്യക്ഷ നികുതി സമാഹരണത്തേയും പ്രതികൂലമാക്കി. രൂപയുടെ മൂല്യശോഷണം രാജ്യത്തേക്കുള്ള ഇറക്കുമതിയും കൂടുതല്‍ ചെലവേറിയതാക്കി. ഇറക്കുമതി നികുതി ഇനത്തില്‍ സര്‍ക്കാരിന്‌ കനത്ത നഷ്ടമാണ്‌ നേരിട്ടുകൊണ്ടിരിക്കുന്നത്‌. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചിദംബരം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനത്തിലെത്തിക്കുന്നതിനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. റയില്‍വേ, പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെയുള്ള മന്ത്രാലയങ്ങള്‍ക്ക്‌ നിലവില്‍ അനുവദിച്ചിട്ടുള്ള തുകയില്‍ കൂടുതല്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും ചിദംബരം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.