എസ്ബിഐ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തി

Thursday 19 September 2013 6:33 pm IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വായ്പാ പലിശ നിരക്ക്‌ ഉയര്‍ത്തി. അടിസ്ഥാന പലിശ നിരക്ക്‌ 9.80 ശതമാനമായിട്ടാണ്‌ ഉയര്‍ത്തിയത്‌. ആര്‍ ബി ഐയുടെ നയ പ്രഖ്യാപനത്തിന്‌ തൊട്ട്‌ മുമ്പാണ്‌ ഈ നിരക്ക്‌ ഉയര്‍ത്തല്‍ എന്നതും ശ്രദ്ധേയമാണ്‌. അടിസ്ഥാന പലിശ നിരക്ക്‌ 9.70 ശതമാനത്തില്‍ നിന്നും 9.80 ശതമാനമായി പുതുക്കി നിശ്ചയിക്കുകയാണെന്ന്‌ എസ്ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു. ജൂലൈയില്‍ ആര്‍ബിഐ ബാങ്കിംഗ്‌ നയങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതിന്‌ ശേഷം ഇത്തരത്തില്‍ വായ്പാ നിരക്ക്‌ ഉയര്‍ത്തുന്ന ആദ്യ പൊതുമേഖലാ ബാങ്കാണ്‌ എസ്‌ ബി ഐ. ഭവന-വാഹന വായ്പാ നിരക്കില്‍ 0.20 ശതമാനം വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. പുതുതായി വായ്പ എടുക്കുന്നവര്‍ക്ക്‌ ഈ പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകും. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. അസറ്റ്‌ ലൈബിലിറ്റി കമ്മറ്റിയാണ്‌ നിരക്ക്‌ വര്‍ധന സംബന്ധിച്ച്‌ തീരുമാനം എടുത്തതെന്ന്‌ മുതിര്‍ന്ന ബാങ്ക്‌ ഉദ്യോഗസ്ഥന്‍ പറയുന്നു. ഭവന വായ്പയുടെ പലിശ നിരക്ക്‌ 9.95 ശതമാനത്തില്‍ നിന്നും 10.10 ശതമാനമായിട്ടാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. 30 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കാണ്‌ ഈ നിരക്ക്‌ ബാധകം. അതിന്‌ മുകളിലേക്ക്‌ 10.30 ശതമാനമായിരിക്കും നിരക്ക്‌. വാഹന വായ്പാ പലിശ നിരക്ക്‌ 10.75 ശതമാനമായിട്ടാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. സ്ഥിര നിക്ഷേപങ്ങളുടെ പലിശയില്‍ കാല്‍ ശതമാനം വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. ഏഴ്‌ ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 6.5 ശതമാനത്തില്‍ നിന്ന്‌ ഒരു ശതമാനം വര്‍ധനവ്‌ വരുത്തി 7.5 ശതമാനത്തിലെത്തി. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 8.75 ശതമാനത്തില്‍ നിന്നും 9 ശതമാനമായി വര്‍ധിപ്പിച്ചു. 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്‌ പലിശ 6.5 ശതമാനത്തില്‍ നിന്നും 6.8 ശതമാനമായി ഉയര്‍ത്തി. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 6.5 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി ഉയര്‍ത്തി. ഈ രണ്ട്‌ പുതുക്കിയ നിരക്കുകളും ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.