മോദിയെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങുന്നു

Thursday 19 September 2013 9:21 pm IST

കരുനാഗപ്പള്ളി: നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങുന്നു. മാതാ അമൃതാനന്ദമയിദേവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ്‌ 26ന്‌ മോദി കൊല്ലത്ത്‌ എത്തുന്നത്‌. 26ന്‌ രാവിലെ 10.30ന്‌ വള്ളിക്കാവ്‌ ആശ്രമത്തില്‍ നടക്കുന്ന പരിപാടികളില്‍ മോദി പങ്കെടുക്കും. 25ന്‌ ഭോപ്പാലില്‍ മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അദ്വാനിക്കൊപ്പം ബിജെപിയുടെ മഹാറാലിയെ അഭിസംബോധന ചെയ്തതിനുശേഷമാകും മോദിയുടെ കേരളത്തിലേക്കുള്ള വരവ്‌. മോഡിക്കായി കരുനാഗപ്പള്ളി പുതിയകാവ്‌ ക്ഷേത്രമൈതാനിയില്‍ ഹെലിപ്പാട്‌ ഒരുക്കാനാണ്‌ ആലോചന. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലെത്തി മോദിയുടെ യാത്രസംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തി. പുതിയകാവ്‌ ക്ഷേത്രമൈതാനവും അദ്ദേഹം സന്ദര്‍ശിച്ചു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷം ഇതാദ്യമായാണ്‌ നരേന്ദ്രമോദി കേരളത്തില്‍ എത്തുന്നത്‌. നേരത്തെ ശിവഗിരി തീര്‍ത്ഥാടനവേളയില്‍ മോഡി ശിവഗിരിയിലെത്തിയിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ പാര്‍ട്ടി ജില്ലാ ഘടകം ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്‌. സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരനൊപ്പം ജില്ല പ്രസിഡന്റ്‌ എം. സുനില്‍, മേഖലാ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ജി. ഗോപിനാഥ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ദിനേഷ്കുമാര്‍, ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്‌, കരുനാഗപ്പള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി സജീവ്കുമാര്‍, ചവറ മണ്ഡലം ജനറല്‍ സെക്രട്ടറി തേവലക്കര രാജീവ്‌ എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.