ജര്‍മ്മന്‍ ബേക്കറി കേസ്‌ പുനരന്വേഷിക്കില്ലെന്ന്‌

Thursday 19 September 2013 9:51 pm IST

ന്യൂദല്‍ഹി: ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസ്‌ പുനരന്വേഷിക്കില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി. സര്‍ക്കാരിന്‌ ഇത്തരമൊരു പദ്ധതിയില്ല. അതിന്റെ ആവശ്യവുമില്ല. കേസ്‌ എന്‍ഐഎ അന്വേഷിക്കാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. ജര്‍മ്മന്‍ ബേക്കറി സ്ഫോടനത്തില്‍ ശിക്ഷിക്കപ്പെട്ട മിര്‍സ ഹിമായത്ത്‌ ബെയ്ഗിനൊപ്പം താനുണ്ടായിരുന്നില്ലെന്ന്‌ ഈയിടെ പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍ ചോദ്യം ചെയ്യലിനിടയില്‍ പറഞ്ഞിരുന്നു. ബെയ്ഗിനൊപ്പമുണ്ടായിരുന്നത്‌ ക്വത്തീല്‍സ്‌ സിദ്ദിഖി എന്ന പേരായ മറ്റൊരു ഭീകരനാണെന്നും യാസിന്‍ അവകാശപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കേസ്‌ പുനരന്വേഷിക്കണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന്‌ ഉയര്‍ന്നത്‌. പതിനേഴ്‌ പേരുടെ മരണത്തിനും അറുപതുപേര്‍ക്ക്‌ പരിക്കേല്‍ക്കാനുമിടയായ ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസില്‍ ഹിമായത്ത്‌ ബെയ്ഗിന്‌ കോടതി വധശിക്ഷ വിധിച്ചിരുന്നു. മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ്‌ അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. ബെയ്ഗിനൊപ്പം യാസിന്‍ ഭട്കല്‍ ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്‌. കേസില്‍ പുനരന്വേഷണം ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ലെന്ന്‌ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പാട്ടീലും ഇക്കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. കേസ്‌ കോടതി തീര്‍പ്പുകല്‍പ്പിച്ചതിനാല്‍ പോലീസോ സര്‍ക്കാരോ പുനരന്വേഷണത്തെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്ന്‌ പാട്ടീല്‍ അഭിപ്രായപ്പെട്ടു. അതേസമയം പുനരന്വേഷണം ആവശ്യപ്പെട്ട്‌ ഹിമായത്ത്‌ ബെയ്ഗ്‌ മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാണ്‌ ബെയ്ഗിന്റെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.