മിണ്ടാപ്രാണികള്‍

Sunday 14 August 2011 2:41 pm IST

അമ്മൂമ്മയുടെ ഇരുപത്തിനാലാം ചരമവാര്‍ഷികം കടന്നുപോയത്‌, ബന്ധുക്കളില്‍ കുറച്ചുപേരെങ്കിലും ഓര്‍ത്തിരിക്കും. വിരലിലെണ്ണാവുന്നവര്‍. വേണ്ടപ്പെട്ടവര്‍ ഒത്തുകൂടുകയും ചെയ്തിരുന്നു. ഇത്തവണ അതൊന്നുമുണ്ടായില്ല. ജ്യോത്സ്യരുടെ നിര്‍ദ്ദേശപ്രകാരം ചില കര്‍മങ്ങള്‍ ചെയ്തു തൃപ്തിപ്പെട്ടു. ഇനി എല്ലാറ്റിനും ഒരു ശ്രദ്ധ വേണം.എന്റെ കാലം അവസാനിക്കുന്നു. നമ്മുടെ ആല പൊളിച്ച്‌ വീട്‌ പണിയേണ്ടിയിരുന്നില്ലെന്ന്‌ ഇപ്പോള്‍ തോന്നുന്നുണ്ട്‌. അന്നേരത്തെ ഓരോരോ തോന്നലുകള്‌. അമ്മയുടെ ആത്മാവിന്‌ തൃപ്തി വന്നിട്ടില്ല. ദുരിതങ്ങള്‍ ഒഴിയില്ലെന്നുംകൂടി ജ്യോത്സ്യന്‍ പറഞ്ഞു. ഇത്‌ പറയുമ്പോള്‍ അമ്മാവന്‍ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു. ഗുരുതരമായ എന്തോ കുറ്റംചെയ്തതുപോലെ അമ്മാവന്‍ കട്ടിലില്‍ നീറി. തിരിഞ്ഞും മറിഞ്ഞും കിടന്നു. "അമ്മയുടെ ഓര്‍മകള്‍ പുതിയ തലമുറയില്‍ ഉണ്ടാവില്ല. നമ്മള്‍ പറഞ്ഞു മനസിലാക്കിക്കണം. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല; കാഴ്ച നഷ്ടപ്പെടണം. ഒക്കെ വിധീന്നല്ലാതെ...." വാതരോഗം തളര്‍ത്തിയ കാലുകള്‍ അനക്കാന്‍ ശ്രമിച്ചുകൊണ്ട്‌ അമ്മാവന്‍.
എല്ലാം കേട്ടുനിന്നു. വല്ലാത്ത ഉഷ്ണം. കാറ്റ്‌ എങ്ങോ ഒഴിഞ്ഞുപോയിരിക്കുന്നു. ഒരു തണല്‍ മരമോ കിളിശബ്ദമോ, എങ്ങുമില്ല. ഓര്‍ത്തിരിക്കേ ഒരു ക്ഷീണിച്ച പക്ഷി, വഴിതെറ്റി വന്നിട്ടെന്നതുപോലെ, മതില്‍ക്കലെ ഉണങ്ങിയ മരക്കൊമ്പില്‍ പറന്നുവീണ്‌ തിരിച്ച്‌ ഒരു രക്ഷപ്പെടല്‍പോലെ, എങ്ങോ പറന്നു. "അച്ഛന്‌ ഈയിടെയായിട്ട്‌ ശ്വാസംമുട്ടല്‌ കൂടുതലാണ്‌. ഉറക്കം ഒട്ടുമില്ല. ഒരു ഡോക്ടറെ കൂട്ടിക്കൊണ്ടുവന്നാല്‍ നന്നായിരുന്നു. നിനക്ക്‌ നേരമുണ്ടെങ്കില്‍...." അമ്മാവന്റെ ഏകമകള്‍ ശകുന്തളേടത്തി, അപേക്ഷയുമായി പടിക്കല്‍നിന്നു. നന്നേ മെലിഞ്ഞ്‌ കരുവാളിച്ച ഒരു കോലം. ഒരു കാലത്ത്‌ ആരും നോക്കിപ്പോകുന്ന സൗന്ദര്യമായിരുന്നു. ഒക്കെ നഷ്ടപ്പെട്ടു. കടുത്ത നിരാശതന്നെ. വിവാഹാലോചനകള്‍ നിരവധി വന്നിട്ടും ജാതകദോഷത്താല്‍ ഒക്കെ അലസി. ഭയപ്പെടുത്തുന്ന ഒരു നിസ്സംഗത അവരുടെ പിന്നില്‍ ശക്തമായിരുന്നു. വിളറിയ മുഖത്ത്‌ അസ്ഥികള്‍ എണ്ണം പറഞ്ഞു.
ഒരു ദുശ്ശകുനത്തെ മുന്നില്‍ കണ്ടതുപോലെ അമ്മാവന്‍ രൂക്ഷമായി ശകുന്തളേടത്തിയെ നോക്കി. ജീവിതത്തോടുള്ള ഒരു വെറുപ്പും മടുപ്പും ആ നോട്ടത്തില്‍ പ്രകടമായിരുന്നു. ക്ഷീണിച്ച കണ്ണുകളാല്‍ എന്നെയൊന്നുഴിഞ്ഞ്‌ ശകുന്തളേടത്തി തിരിഞ്ഞു നടന്നു. നിശ്ശബ്ദത അകത്ത്‌ വീര്‍പ്പുമുട്ടി നിലവിളിക്കുന്നതുപോലെ തോന്നി. ഭൂമി വല്ലാതെ വെന്തിരിക്കുന്നു. പുറത്ത്‌ വെയില്‍ തിളക്കത്തില്‍ കണ്ണു തുറക്കാന്‍ പ്രയാസം. ഞാന്‍ റോഡിലിറങ്ങി. പൊട്ടിപ്പൊളിഞ്ഞ, അപകടം പതിയിരിക്കുന്ന റോഡില്‍, പൊതുവെ വാഹനം കുറവായിരുന്നു. ആ പോരായ്മ തീര്‍ത്തുകൊണ്ട്‌, പെട്ടെന്നൊരു ട്രക്ക്‌ ചീറി വന്നു. അതില്‍ അറവുമാടുകളെ കുത്തിനിറച്ചിരുന്നു. അധികദൂരം ചെന്നില്ല, ട്രക്കില്‍നിന്നും ഏതാനും പശുക്കള്‍ താഴെ വീണു. വീഴുക മാത്രമല്ല, കയറില്‍ കുരുങ്ങി ടാറിട്ട റോഡിലൂടെ ഉരുണ്ടുവലിഞ്ഞ്‌ തൊലി കീറി രക്തപ്പുഴയൊഴുകി. ഡ്രൈവര്‍ പെട്ടെന്ന്‌ ബ്രേക്കിട്ടപ്പോള്‍ കാലികള്‍ക്ക്‌ ശ്വാസം മുട്ടി ഒന്നുകൂടി ഞെരുങ്ങുകയും പുറത്ത്‌ വീണവ കയറില്‍ തൂങ്ങി മരണവെപ്രാളപ്പെടുകയും ചെയ്തു. ട്രക്ക്‌ അലറി വിളിച്ച്‌ മൂന്ന്‌ നാലു പുളച്ചിലോടുകൂടി നിന്നു. ഉടമയും ശിങ്കിടികളും ഏറെ രോഷത്തോടെ ട്രക്കില്‍നിന്നും ചാടിയിറങ്ങി.
"നാശങ്ങള്‍ ഇവറ്റകളെയൊക്കെ, കെട്ടിയെടുക്കാനുള്ളൊരു പാട്‌. വല്ലവരേയും തീറ്റിക്കാന്‍ മറ്റുള്ളോര്‍ കിടന്ന്‌ വിയര്‍ക്കണം". ട്രക്കിന്റെ പുറത്തുകിടന്ന ചൂരല്‍ വടിയെടുത്ത്‌ ജീവന്‍ പോകാറായ പശുക്കളെ തുരുതുരെ അടിച്ച്‌ തിരിച്ച്‌ ട്രക്കില്‍ തന്നെ തിരുകി. ട്രക്ക്‌ വീണ്ടും വേഗത്തില്‍.... തറവാട്ടിലെ പശുത്തൊഴുത്തിന്‌ ഒരു വലിയ വീടിന്റെ അത്രതന്നെ വലുപ്പമുണ്ടായിരുന്നു. നിറയെ ഭംഗിയുള്ളതും കൊഴുത്തതുമായ പശുക്കളും. ആവശ്യപ്പെട്ടാല്‍ ചിലതിനെ വളര്‍ത്താന്‍ കൊടുക്കും. അമ്മൂമ്മയ്ക്ക്‌ വിശ്വാസമുള്ളവര്‍ക്ക്‌ മാത്രം. ഒന്നോ രണ്ടോ പ്രസവമെടുത്ത്‌ തിരിച്ചേല്‍പ്പിക്കണം. അതായിരിക്കും കരാര്‍. പശുവിന്‌ വല്ല ക്ഷീണവും സംഭവിച്ചാല്‍ അമ്മൂമ്മയുടെ വിധം മാറും.
"ന്റെ, പൈക്കളെ കൂടെപ്പിറപ്പുകളെപ്പോലെ വേണം നോക്കാന്‍. അതിന്‌ സാധിക്കാത്തവര്‍ ഇങ്ങോട്ട്‌ വരണ്ട" തീര്‍ത്തു പറയും. തൊഴുത്തിനെ ചുറ്റിപ്പറ്റി എന്നും ആള്‍ക്കാരുണ്ടാകും. ചാണകവും മൂത്രവും വൈക്കോലുമൊക്കെ കൂടിക്കുഴഞ്ഞ്‌ വളപ്പുനിറയെ പശുഗന്ധം നിറഞ്ഞിരിക്കും. ചാണകവളത്തിന്‌ ആവശ്യക്കാര്‍ ഏറെയായിരുന്നു. വാതരോഗികളുടെ വര്‍ധനവിനനുസരിച്ച്‌, ഗോമൂത്രത്തിന്റെ ആവശ്യക്കാരും കൂടും. പുലര്‍ച്ചെ പശുക്കള്‍ മൂത്രമൊഴിക്കുന്ന സമയം നോക്കി, ആള്‍ക്കാരുടെ നേരിയ ക്യൂ തന്നെ പ്രത്യക്ഷപ്പെടും; മൂത്രം പുറത്തുവരുന്ന ഊഴവും കാത്ത്‌ പാത്രങ്ങളുമായി. ചിലര്‍ ഇരുന്ന ഇരിപ്പില്‍ ഉറക്കമായിരിക്കും; ക്ഷമകെട്ട്‌. ആ സമയം പലരുടേയും തലയിലൂടെ മൂത്രാഭിഷേകം പശുവില്‍നിന്നും നേരിട്ട്‌ തന്നെ നടക്കും. അപ്പോഴേ ഉറക്കം തെളിയുകയുള്ളൂ.
വീട്ടിലെ സ്ത്രീകളുടെ പ്രസവവും തൊഴുത്തിലെ പശുക്കളുടെ പ്രസവവും അമ്മൂമ്മയ്ക്ക്‌ ഒരുപോലെ ആധികൊടുത്തിരുന്നു. കുടുംബാംഗങ്ങളുടെ പേര്‌ തന്നെ പശുക്കള്‍ക്കും നല്‍കി. തന്റെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍, ഈ മിണ്ടാപ്രാണികളോളം പോന്ന മറ്റൊരു ജീവിയും ഭൂമിയിലില്ലെന്ന്‌ അമ്മൂമ്മ ഉറപ്പിച്ചിരുന്നു. വീട്ടില്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും പശുക്കളുടെ കാര്യത്തില്‍ അമ്മൂമ്മ വളരെ ജാഗരൂകയായിരുന്നു. സൂക്കേട്‌ വന്നതോടുകൂടി, ഒക്കെ തകിടം മറിഞ്ഞു. പശുക്കളുടെ കഷ്ടകാലം തുടങ്ങി. അമ്മാവന്റെ കാലം തെളിഞ്ഞു. പശുക്കളെ ഓരോന്നായി വില്‍പ്പന തുടങ്ങി. ചെറുത്തുനില്‍ക്കാന്‍ അമ്മൂമ്മയ്ക്ക്‌ കഴിഞ്ഞില്ല. "അമ്മയ്ക്കിതെന്തിന്റെ കേടാണ്‌. ഇത്രകാലം നോക്കിക്കോളാമെന്ന്‌, ആരും കരാറെടുത്തിട്ടൊന്നുമില്ലല്ലോ? നോക്കാനാളില്ലാതെ വന്നാല്‍ എല്ലാവരുടേയും ഗതി ഇങ്ങനെയൊക്കെ തന്നെ. വെറുതെ കെടന്ന്‌ കരയണ്ട". അമ്മാവന്‍ അമ്മൂമ്മയോട്‌ കയര്‍ത്തു. ആ സംസാരം തന്നെക്കൂടി ഉദ്ദേശിച്ചുള്ളതാണെന്ന്‌ അമ്മൂമ്മ തിരിച്ചറിഞ്ഞു. തൊഴുത്ത്‌ കാലിയാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അമ്മിണിപ്പശുവിനെ ബാക്കിനിര്‍ത്തി മറ്റു പശുക്കളെയൊക്കെ വിറ്റു. അമ്മിണിയെ വില്‍ക്കാതിരുന്നത്‌ അമ്മൂമ്മ പെട്ടെന്ന്‌ മരിച്ചുപോകുമെന്ന ഭയത്താലായിരുന്നു. അമ്മൂമ്മയ്ക്ക്‌ അമ്മിണിയെ അത്രയ്ക്കിഷ്ടമായിരുന്നു. പക്ഷേ, അധികകാലം നീണ്ടുനിന്നില്ല. കച്ചവടക്കാരന്‍ അദ്രൂമാനിക്കയ്ക്ക്‌ അമ്മിണിയില്‍ ആദ്യമേ ഒരു കണ്ണുണ്ടായിരുന്നു. അമ്മാവന്റെ പിറകെ തന്നെകൂടി ആ മോഹവും സാധിച്ചെടുത്തു. അമ്മൂമ്മയ്ക്ക്‌ ഒട്ടും ഇഷ്ടപ്പെട്ടില്ല. "എന്റെ ചങ്കാണ്‌ പറിച്ചെടുത്തത്‌. അനുഭവിക്കും" അമ്മൂമ്മ കോപിച്ചു. മനുഷ്യരുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്ന ജീവിയാണ്‌ പശു എന്ന്‌ ഏറെക്കാലത്തെ അനുഭവമുള്ള അമ്മൂമ്മയ്ക്ക്‌ നന്നായറിയാം. പക്ഷേ, അത്‌ മകനെ പറഞ്ഞു മനസിലാക്കാന്‍ അമ്മൂമ്മയ്ക്ക്‌ കഴിഞ്ഞില്ല. അദ്രുമാനിക്കയ്ക്ക്‌ കാര്യം പിടികിട്ടി.
"അമ്മ ഒട്ടും ബേജാറാവണ്ട. അമ്മിണിക്ക്‌ ഒരു കുറവും വരില്ല. ഇവിടുന്ന്‌ നോക്കുന്നതുപോലെ തന്നെ നോക്കും" "പശുക്കളുടെ ശാസ്ത്രമറിയാത്ത ഈ തലമുറയോട്‌ എന്തു പറയാനാ?" കാര്യങ്ങളൊക്കെ കൈവിട്ടുപോകുന്നു എന്ന തിരിച്ചറിവില്‍ അമ്മൂമ്മ നിര്‍വികാരനായി. പാലക്കുന്നിന്‌ തെക്കുള്ള പട്ടണത്തിലാണ്‌ അമ്മിണിയെ കൊണ്ടുപോകേണ്ടത്‌. സഹായികളുമായി അദ്രുമാനിക്ക വന്നു.
"ഇത്രേം ദൂരംന്നൊക്കെ പറയുമ്പോ. ഏറെ കഷ്ടമുണ്ട്‌. ന്റെ മോനിങ്ങു വന്നേ......" ദീനസ്വരത്തില്‍ അമ്മൂമ്മ വിളിച്ചു. "അമ്മിണിയെ ഒറ്റയ്ക്ക്‌ അയക്കരുത്‌. കൂടെ പോകണം. ഈ വളപ്പിന്‌ വെളിയില്‍ അത്‌ ഇതുവരെ ഇറങ്ങിയീട്ടില്ല. വല്ലാത്ത പരിചയക്കേടാവും. നല്ല സൗകര്യമുള്ളിടത്ത്‌ തന്നെയല്ലേ അതിനെ കൊണ്ടുപോകുന്നത്‌?"
"ഊം" പരിചയമുള്ളതുപോലെ ഞാന്‍ മൂളി. സത്യത്തില്‍ എനിക്കൊന്നുമറിയില്ലായിരുന്നു. അമ്മൂമ്മ അതറിഞ്ഞാല്‍ ഒരുപക്ഷെ എതിര്‍ത്തു കൂടെന്നില്ല. സംഗതി കുഴപ്പമാകും. വീണ്ടും വഴക്ക്‌.
"അമ്മിണിയുടെ കയറ്‌ മോന്‍ തന്നെ പിടിക്കണം" സ്വന്തം മകളെ കല്യാണം കഴിച്ചയക്കുന്നതുപോലുള്ള ഒരു വേവലാതിയും ഉത്കണ്ഠയുമൊക്കെയായിരുന്നു അപ്പോള്‍ അമ്മൂമ്മയ്ക്ക്‌. ഞാന്‍ വീണ്ടും മൂളി. അമ്മിണിയുടെ കയറും പിടിച്ച്‌ അദ്രുമാനിക്കയുടെ പിന്നാലെ ഞാനും....നിറകണ്ണുകളോടെ ആ കാഴ്ച ജനാലയിലൂടെ അമ്മൂമ്മ കാണുന്നുണ്ടായിരുന്നു. പിന്നെ ഒരു ശകാരത്തിന്റെ ബഹളത്തില്‍ ആരോ ജനാല ഉറക്കെ വലിച്ചടച്ചു.
അമ്മൂമ്മയെ വിട്ടുപിരിയുന്നതിലുള്ള പ്രയാസംകൊണ്ടായിരിക്കാം അമ്മിണി നന്നേ മടിച്ചു. കുതറി ഓടാന്‍ പല ശ്രമവും നടത്തി നോക്കി. നിവൃത്തിയില്ല. അദ്രുമാനിക്ക അമ്മിണിയെ ചെറുതായൊന്നടിച്ചു. ദേഷ്യം വന്ന അമ്മിണി അമ്മൂമ്മയെ വിളിച്ച്‌ കരഞ്ഞു. അത്‌ അമ്മൂമ്മ കേട്ടിരുന്നെങ്കില്‍ കച്ചവടം അവിടെവെച്ച്‌ അപ്പോള്‍ തന്നെ അവസാനിക്കുമായിരുന്നു.
ചെറുതെങ്കിലും ഭംഗിയും നല്ല സൗകര്യങ്ങളുമൊക്കെയുള്ള ഒരു തൊഴുത്തായിരുന്നു അദ്രുമാനിക്കയുടേത്‌. തൊഴുത്തിന്റെ ഇരുളില്‍ ഒരു മൂലയില്‍ അമ്മിണിയെ കെട്ടി. വിഭ്രാന്തിയോടെ വിങ്ങലോടെ, അമ്മിണി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ പരാതി പറയാനായിരിക്കുമെന്ന്‌ എനിക്ക്‌ തോന്നി. രണ്ടാമത്‌ ആ ഭാഗത്തേക്ക്‌ നോക്കാന്‍ എനിക്ക്‌ ധൈര്യം വന്നില്ല. ബോധപൂര്‍വം ഞാനവിടുന്ന്‌ മാറിനിന്നു. അദ്രുമാനിക്ക കുറച്ചുപണം എന്റെ നേരെ നീട്ടി. "കിട്ടിയത്‌ വെച്ചോ...." പണമോ എന്തിന്‌, ഞാന്‍ പരുങ്ങി. എന്തു ചെയ്യണമെന്ന്‌ മനസ്സിലാവാതെ ഞാന്‍. "പശുവിന്റെ കയറ്‌ പിടിച്ച വകയാണ്‌. വാങ്ങിക്കോളൂ..." അടുത്തുനില്‍ക്കുകയായിരുന്ന ഒരു പശുപാലകന്‍, കുഴഞ്ഞ ചിരി വരുത്തിക്കൊണ്ട്‌ ഉപദേശിച്ചു. വേവലാതിയോടെ നില്‍ക്കുകയായിരുന്ന എന്റെ കുപ്പായ കീശയില്‍ അദ്രുമാനിക്ക പണമിട്ടു. ഞാനറിയാതെ എന്റെ കണ്ണുനിറഞ്ഞു. വീട്ടിലെ തൊഴുത്ത്‌ അനാഥത്വം പേറി വിങ്ങുന്നുണ്ടായിരുന്നു. അമ്മൂമ്മ കിടപ്പില്‍നിന്നും എഴുന്നേറ്റിട്ടില്ല. എന്റെ ശബ്ദം കേട്ടപ്പോള്‍ ഒന്നനങ്ങിക്കിടന്നു. "അമ്മിണിക്ക്‌ വിഷമമൊന്നുമില്ലല്ലോ...?" മുഖം തരാതെ അമ്മൂമ്മ ചോദിച്ചു.
"സുഖം തന്നെ" ഞാന്‍ പറഞ്ഞു. അതിനുള്ള അമ്മൂമ്മയുടെ മറുപടി ഒരു ദീര്‍ഘനിശ്വാസമായിരുന്നു. തന്റെ കാലം അവസാനിക്കാറായി, ഇനി വരുന്നതുവരട്ടെ എന്ന തീരുമാനം ആ നിശ്വാസത്തില്‍ ഉണ്ടായിരുന്നു.
"അമ്മിണിയുടെ കയറ്‌ പിടിച്ച വകയില്‌, അദ്രുമാനിക്ക കുറച്ച്‌ പണം തന്നിട്ടുണ്ട്‌" കീശയില്‍നിന്നും രൂപയെടുത്ത്‌ കണ്ണീരില്‍ കുതിര്‍ന്ന അമ്മൂമ്മയുടെ തലയണയ്ക്ക്‌ സമീപം വെച്ചു.
"വേണ്ട. ന്റെ മോളെ വിറ്റ വകയിലുള്ളതല്ലേ? നിന്റെ അമ്മാവന്‌ തന്നെ കൊടുത്തേക്ക്‌. അവന്‌ തികയട്ടെ" അമ്മൂമ്മ പണം നോക്കിയില്ല. ഒന്നും പറയാനില്ലാതെ ഞാന്‍ തൊടിയിലേക്ക്‌ നടന്നു. കിളിക്കൂട്ടങ്ങള്‍ വൃക്ഷക്കൊമ്പുകളില്‍ കൂടിയിരുന്ന്‌ എന്തൊക്കെയോ ചിലയ്ക്കുന്നുണ്ടായിരുന്നു. തൊഴുത്തിലെ നിശബ്ദതയില്‍ കാലം കരഞ്ഞു. അമ്മാവന്‍ അകലെ വയല്‍ക്കരയില്‍ നില്‍പ്പുണ്ടായിരുന്നു. പശുത്തൊഴുത്ത്‌ പൊളിച്ചുനീക്കിയെന്തൊക്കെ ചെയ്യണമെന്ന്‌ പണിക്കാര്‍ക്ക്‌ വിവരിച്ചു കൊടുക്കുന്നു. കാര്യങ്ങള്‍ക്കൊ ക്കെയെന്തൊരു ധൃതി?
കാലഘട്ടം പൂക്കളെപ്പോലെ കൊഴിഞ്ഞു. അമ്മൂമ്മ അധികനാള്‍ കിടന്നില്ല. ഏറെ ശൂന്യത ബാക്കി വെച്ച്‌ ആ മരണവും കടന്നുപോയി. ഭൂമിയെ കൂടുതല്‍ ഉപദ്രവിക്കാത്ത കൂട്ടത്തില്‍ ഒരു വിലപ്പെട്ട ജീവന്‍ കൂടി....ഒക്കെ, ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
അറവു മാടുകളെ കയറ്റിപ്പോയ വാഹനം എത്തേണ്ടിടത്തുതന്നെ എത്തിയിട്ടുണ്ടാകും. ആരുടെയൊക്കെയോ മാംസദാഹത്തിന്‌ ഇരയാകേണ്ടുന്ന ജീവികള്‍. കൊല്ലുന്നതുവരെയെങ്കിലും അല്‍പ്പം കരുണ. റോഡില്‍ തളംകെട്ടിയ രക്തചുവപ്പിലൂടെ ഏതോ വാഹനം കയറിയിറങ്ങി. ദൈവമേ....എന്തൊരു വേഗത? തെറിച്ചുവീണ രക്തതുള്ളികള്‍ സമീപത്തെ മതിലില്‍ ഒരു ചിത്രം വരച്ചു. വളരെ വിചിത്രമെന്നു തോന്നിയ ഒരു കടുത്ത ചായക്കൂട്ടില്‍ മറയ്ക്കപ്പെട്ടതുപോലെ അതില്‍ എന്റെ പ്രിയപ്പെട്ട ഗ്രാമം ഉണ്ടായിരുന്നു. പുഴയും അരുവിയും പച്ചപ്പുമൊക്കെയായി അവിടെ ധാരാളം പശുക്കള്‍ മേയുന്നുണ്ട്‌. അമ്മിണിയും കൂട്ടരും ആ ചിത്രത്തിന്റെ ഏതൊക്കെയോ മൂലയില്‍ നിലവിളിക്കുന്നുണ്ടോ? കൂടുതലൊന്നും വ്യക്തമാകുന്നില്ല. ആധുനിക ചിത്രമല്ലേ? ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. അജ്ഞത ഒരുപക്ഷെ ഇന്നിന്റെ നീതിയായിരിക്കും. അങ്ങനെ ജീവനുള്ള എത്രയെത്ര ചിത്രങ്ങള്‍. ശകുന്തളേടത്തി വേവലാതിപ്പെടുന്നുണ്ടാകും. ഡോക്ടറെ വിളിക്കണം. ഒരു വാഹനം പിടിക്കാനായി ഞാന്‍ ടാക്സി സ്റ്റാന്റിലേക്ക്‌ നടന്നു.
രാമചന്ദ്രന്‍ കടമ്പേരിപ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.