മലയാള ഭാഷയുടെ തറവാട്‌

Sunday 14 August 2011 2:40 pm IST

മലയാള ഭാഷയ്ക്ക്‌ വേണ്ടി ഒരു സര്‍വകലാശാല സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ തികച്ചും സ്വാഗതാര്‍ഹമാണ്‌. സര്‍വകലാശാലയുടെ ആസ്ഥാനം തിരൂര്‍ ആയിരിക്കണമെന്ന നിര്‍ദ്ദേശവുംഎന്തുകൊണ്ടും അഭിനന്ദനീയം തന്നെ. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിന്റെ ഭാഗമാകയാല്‍ തിരൂരില്‍ മലയാള സര്‍വകലാശാല സ്ഥാപിക്കുന്നത്‌ അഭിലഷണീയമല്ലെന്ന്‌ ചിലര്‍ക്കഭിപ്രായമുള്ളതായി ഏതാനും ലേഖനങ്ങളില്‍നിന്ന്‌ മനസിലാകുന്നു. അത്‌ സ്വന്തം മൂക്കിന്റെ തുമ്പിനപ്പുറം കാണാന്‍ കൂട്ടാക്കാത്തവരുടെ മനോഭാവത്തെയാണ്‌ വെളിവാക്കുന്നത്‌. മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലത്ത്‌ കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കാലിക്കറ്റ്‌ സര്‍വകലാശാല പ്രവര്‍ത്തിച്ചു വരുന്നു. കോഴിക്കോട്‌ എന്ന്‌ മലയാളത്തിലുള്ള പേരുപോലും സ്വീകരിക്കാന്‍ തയ്യാറല്ലാത്ത സി.എച്ച്‌.മുഹമ്മദ്‌ കോയ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ്‌ ആ സര്‍വകലാശാല നിലവില്‍ വന്നത്‌. അതൊരു മുസ്ലീം സര്‍വകലാശാലയായിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്‌ ഇന്ന്‌ പ്രത്യക്ഷമായി നമുക്കനുഭവപ്പെടുന്നു. അവിടുത്തെ ഉപകുലപതിയെ (വൈസ്‌ ചാന്‍സലറെ) നിയമിക്കേണ്ടത്‌ മുസ്ലീംലീഗിന്റെ സ്റ്റേറ്റ്‌ കമ്മറ്റിയാണ്‌ എന്നു തോന്നത്തക്കവിധത്തില്‍ ഈയിടെ നടന്ന സംഭവങ്ങള്‍ മറക്കാറായിട്ടില്ല. ലീഗ്‌ കമ്മറ്റിയിലെ ഭിന്നതകളാണ്‌ നിയമത്തിന്‌ തടസ്സമെന്ന്‌ വന്നിരിക്കുന്നു. മലപ്പുറം ജില്ലയില്‍ത്തന്നെയാണ്‌ അലിഗഢ്‌ മുസ്ലീം സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ്‌ വരുന്നത്‌. ഭാരതത്തിന്റെ ചരിത്രത്തില്‍ വലിയ പാരമ്പര്യമുള്ള ഒരു കേന്ദ്ര സര്‍വകലാശാലയാണല്ലൊ അത്‌. 19-ാ‍ം നൂറ്റാണ്ടില്‍ ആരംഭിച്ച അലിഗഢ്‌ കോളേജിന്റെ പിന്തുടര്‍ച്ചയായി വികസിച്ച മുസ്ലീം സര്‍വകലാശാലയായിരുന്നു ഭാരത വിഭജനത്തിലേക്ക്‌ നയിച്ച മുസ്ലീം വേറിടല്‍ വാദത്തിന്റെ പ്രഭവവും വളര്‍ച്ചാ കേന്ദ്രവും. പാക്കിസ്ഥാന്റെ നിര്‍മാതാക്കളും തുടര്‍ന്നുവന്ന ഭരണാധിപന്മാരില്‍ ബഹുഭൂരിപക്ഷവും അലിഗഢിന്റെ സൃഷ്ടികളായിരുന്നു. പിന്നീട്‌ കോണ്‍ഗ്രസ്‌ ഭരണം അതിനെ ദേശീയ സര്‍വകലാശാലാ പദവിയിലേക്കുയര്‍ത്തി. ഇപ്പോഴിതാ മുസ്ലീം വര്‍ഗീയ വികാരങ്ങള്‍ തിളച്ചുമറിയുന്ന കേരളത്തിലെ മലപ്പുറം ജില്ലയില്‍ത്തന്നെ അതിനൊരു ക്യാമ്പസ്‌ തുറക്കാന്‍ സര്‍വസഹായങ്ങളും നല്‍കിയിരിക്കുന്നു. രണ്ടു സര്‍വകലാശാലകള്‍ക്ക്‌ ആസ്ഥാനവും കഴിഞ്ഞ നാലു ദശകങ്ങളായി വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക, വാണിജ്യ, വ്യവസായ രംഗങ്ങളിലും വന്‍ കുതിച്ചുചാട്ടം തന്നെ നടത്തിയ മലപ്പുറം ജില്ലയെ കേന്ദ്രമാനദണ്ഡത്തില്‍ പിന്നോക്ക ജില്ലയായിട്ടാണ്‌ കരുതുന്നത്‌. അവിടെ മുസ്ലീം ബഹുഭൂരിപക്ഷമുള്ളതുകൊണ്ടുമാത്രമാണ്‌ ഈയവസ്ഥ വന്നത്‌. അതുകൊണ്ടാവും ചിലരെങ്കിലും മലയാള സര്‍വകലാശാല തിരൂരില്‍ വരുന്നതിനെ ആശങ്കയോടെ നോക്കുന്നത്‌.
എന്നാല്‍ മലയാളഭാഷയുടെ കുടുംബ ത്തറവാടെന്ന സ്ഥാനം, തിരൂരിനുണ്ടെന്ന കാര്യം നമുക്ക്‌ മറന്നുകൂടാ. തിരുരൂരിലെ തുഞ്ചന്‍ പറമ്പിലാണ്‌ ആധുനികതയിലേക്ക്‌ മലയാളത്തിന്റെ നിലത്തെഴുത്തു നടന്ന കളരി സ്ഥിതി ചെയ്തിരുന്നത്‌. രാമാനുജന്‍ എഴുത്തച്ഛന്‍ തുഞ്ചനെന്ന കളരിയിലിരുന്ന്‌ മലയാളത്തിന്‌ പുതിയ അക്ഷരമാലയും ലിപിയും സൃഷ്ടിച്ചു. അതുവരെ തമിഴിലെയോ തുളുവിലെയോ ഗ്രന്ഥ ലിപികളില്‍ എഴുതപ്പെട്ടിരുന്ന മലയാളത്തിന്‌ പുതിയ ലിപിയുണ്ടായി. മലയാള ഭാഷയ്ക്ക്‌ തമിഴിന്റേയും സംസ്കൃതത്തിന്റെയും പിടിയില്‍നിന്നുളള മോചനത്തിന്റെ തുടക്കവും എഴുത്തച്ഛനില്‍ തന്നെയായിരുന്നു. സമകാലികനായിരുന്ന പൂന്താനവും ചെറുശ്ശേരിയും കൂടിയായപ്പോള്‍ ഭാഷ ലംബമായും തിരശ്ചീനമായും വളര്‍ന്നു. അതിന്റെ വായനാസുഖവും ആശയസൗരഭ്യവും ഏറിയേറിവന്നു. അക്ഷരമാലാക്രമത്തില്‍ തുഞ്ചന്‍ രചിച്ച ഹരിനാമകീര്‍ത്തനം കേരളീയ ഗൃഹങ്ങളില്‍ സര്‍വത്ര സന്ധ്യാനേരത്ത്‌ ആലാപനം ചെയ്യപ്പെടുന്നു. മലയാളഭാഷയിലെ അടിസ്ഥാന സാഹിത്യഗ്രന്ഥങ്ങളാണല്ലൊ അധ്യാത്മരാമായണവും ഭാരതവും കിളിപ്പാട്ടുകളും ഭാഗവതപുരാണവും ഇരുപത്തിനാലുവൃത്തവും. ഒരു കാലത്ത്‌ തിരൂരും പരിസരങ്ങളും കേരളീയ സംസ്കാരത്തിന്റേയും സര്‍വതോന്മുഖമായ വളര്‍ച്ചയുടേയും കേളീരംഗങ്ങളായിരുന്നു. കേരളത്തിന്റെ നദിയായ ഭാരതപ്പുഴയുടെ ഇരുകരകളിലുമായിട്ടാണ്‌ ഭാഷയും സംസ്കാരവും വികസിപ്പിച്ചതെന്ന്‌ പറയാം. പരപ്പനാടും വെട്ടത്തുനാടും വന്നേരിയും മംഗലവും തിരുനാവായയും ഒക്കെ എത്രയെത്ര ഭാഷാ പണ്ഡിതന്മാര്‍ക്കും മറ്റു മഹാത്മാക്കള്‍ക്കും ജന്മം നല്‍കിയിരിക്കുന്നു. വിദൂരമായ സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ ആ നാളുകള്‍ക്കപ്പുറം മുതല്‍ ഇന്നുവരെ അനുസ്യൂതമായി ആ പാരമ്പര്യം തുടരുകയും ചെയ്യുന്നു. മലയാളത്തിന്‌ ലിപിയും അക്ഷരമാലയും തയ്യാറാക്കിയത്‌ എഴുത്തച്ഛനാണെങ്കില്‍ അതിന്‌ വ്യാകരണ വൃത്താലങ്കാര ശാസ്ത്രങ്ങള്‍ നൂതനമായി നിര്‍ണയിക്കുകയും ഗദ്യസാഹിത്യ ശാഖയെ വളര്‍ത്തിയെടുക്കുകയും ചെയ്ത രണ്ടു മഹാന്മാര്‍ എ.ആര്‍.രാജരാജവര്‍മയും കേരളവര്‍മ വലിയകോയിത്തമ്പുരാനും തിരൂരില്‍നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെ നിറങ്കൈതക്കോട്ട ആസ്ഥാനമായിരുന്ന പരപ്പനാട്ടു രാജവംശത്തിലെ അംഗങ്ങളായിരുന്നു. ലവകുശന്മാരുടെ പരമ്പരയാണ്‌ പരപ്പനാട്ടു വംശക്കാര്‍ അവകാശപ്പെടുന്നത്‌.
കേരളവര്‍മയുടെ ഷഷ്ഠി പൂര്‍ത്തിക്ക്‌ മഹാകവി വള്ളത്തോള്‍ അയച്ച ആശംസാ പദ്യം അവസാനിക്കുന്നത്‌. "പര്‍പ്പാധീശ! ഭവത്ഗുണങ്ങളില്‍ മറന്നേക്കാവതെന്തെന്തുവാന്‍" എന്നായിരുന്നു. സാഹിത്യത്തിന്റെ കുലപതിയായിരുന്ന വള്ളത്തോള്‍ വെട്ടത്തുനാട്ടിലെ ചേണ്ടര ദേശക്കാരനായിരുന്നു. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയും അദ്ദേഹത്തിന്റെ ഗുരുവായിരുന്ന അച്യുതപ്പിഷാരടിയും പ്രാചീനകാലത്തെ സാഹിത്യാചാര്യന്മാരായിരുന്നുവല്ലൊ. ആധുനിക കാലത്തെ നാലപ്പാട്ടുകാര്‍ (നാരായണമോനോന്‍, ബാലാമണിയമ്മ, കമലാദാസ്‌) ഉറൂബ്‌, അക്കിത്തം, കടവനാട്‌ കുട്ടികൃഷ്ണന്‍, ഇടശ്ശേരി. എംടി, കീഴേടത്തു വാസുദേവന്‍ നായര്‍, ദാമോദരന്‍, സി.രാധാകൃഷ്ണന്‍ തുടങ്ങി സാഹിത്യത്തെ സേവിച്ചവര്‍ എണ്ണമറ്റു കിടക്കുന്നു. പ്രശസ്ത ചിത്രകാരന്മാരായ കെ.സി.എസ്‌.പണിക്കരും അക്കിത്തം നാരായണനും സാക്ഷാല്‍ നമ്പൂതിരിയും ആ മണ്ണില്‍ പിറന്നവര്‍ തന്നെ. അഷ്ടവൈദ്യന്മാരില്‍ പകുതിയും അവിടെത്തന്നെ. സുപ്രസിദ്ധമായ ആഴ്‌വാഞ്ചേരി മനയും തൃക്കൈക്കോട്ടു മഠവും പരിസരങ്ങളിലുണ്ട്‌. പതഞ്ജലി മഹര്‍ഷിയെ പ്രതിഷ്ഠിച്ച ക്ഷേത്രവും വ്യാകരണ ശിക്ഷാ കേന്ദ്രമായ കൂടല്ലൂര്‍ മനയും ഭാരതപ്പുഴയുടെ പിരസരത്തുതന്നെയാണ്‌. ഭൂമി സൂര്യനെയാണ്‌ പ്രദക്ഷിണം ചെയ്യുന്നതെന്ന്‌ ആദ്യമായി കണ്ടെത്തിയ (യവന്മാര്‍ക്കും റോമക്കാര്‍ക്കും മുമ്പ്‌) ജ്യോതിശാസ്ത്രജ്ഞന്‍ ആര്യഭട്ടനും ഗണിതശാസ്ത്ര വിശാരദനായിരുന്ന നീലകണ്ഠ സോമയാജിയും തിരുനാവായക്കാരനായിരുന്നു. അവിടെ ഭാരതപ്പുഴയുടെമണപ്പുറത്തു മലര്‍ന്നുകിടന്നുകൊണ്ട്‌ അവര്‍ വാനനിരീക്ഷണം നടത്തി ശിഷ്യന്മാര്‍ മണലില്‍ വിരിപ്പു വിരിച്ചു കൊടുത്തപ്പോള്‍ അതില്‍ കിടന്ന ആര്യഭട്ടന്‌ ആകാശവും നക്ഷത്രമണ്ഡലവും കൂടുതല്‍ അടുത്തുവന്നതായി തോന്നിയത്രേ. 1500 വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ ആര്യഭട്ടന്‍ ജീവിച്ചിരുന്നത്‌. ഭൃഗുകച്ഛത്തിലെ (ഗുജറാത്തിലെ കച്ഛ്‌)വളഭി തുറമുഖത്തുനിന്ന്‌ പായ്ക്കപ്പലില്‍ കയറി കന്യാകുമാരിവരെ സഞ്ചരിച്ച്‌ മൂന്നുഗ്രഹണങ്ങള്‍ നിരീക്ഷിച്ചുകൊണ്ടദ്ദേഹം, അവയുടെ കണക്കുകൂട്ടലുകള്‍ നടത്തിയത്രെ. അതിന്‌ ക്ഷേത്ര ഗണിതം, കലനശാസ്ത്രം(കാല്‍കുലസ്‌) ത്രികോണമിതി(ട്രഗണോമെട്രി) ബീജഗണിതം, ജോതിര്‍ഗണിതം എന്നീ ശാസ്ത്രങ്ങളില്‍ താനാവിഷ്ക്കരിച്ച സൂത്രങ്ങളെല്ലാമുപയോഗിച്ചു. ആ യാത്രക്കിടയില്‍ കരയില്‍നില്‍ക്കുന്ന മരങ്ങള്‍ പിന്നോട്ട്‌ നീങ്ങുന്നതായും കപ്പല്‍ നിശ്ചലമായിരിക്കുന്നതായും തോന്നിയതില്‍നിന്നാണദ്ദേഹം ഭൂമിയുടെ ചലനത്തേയും സൂര്യന്റെ നിശ്ചലത്വത്തെയും അനുമാനിച്ചത്‌. അതിനെ ആര്യഭട്ടന്‍ സ്വന്തം ഗണിതക്രിയകള്‍ കൊണ്ട്‌ സ്ഥാപിക്കുകയും ചെയ്തു. ആര്യഭട്ടന്‍ ജനിച്ചത്‌ പാടലീപുത്രത്തിനടുത്ത കുസുമപുരത്താണെന്നും കാഞ്ചീപുരത്താണെന്നും തിരുനാവായയിലാണെന്നും അഭിപ്രായങ്ങളുണ്ട്‌. കുസുമപുരം നിറങ്കൈതക്കോട്ടയാണെന്നും അന്നത്തെ വിദ്യാകേന്ദ്രങ്ങളായിരുന്ന ഉജ്ജയിനിയിലും പാടലീപുത്രത്തിലും പഠിക്കാന്‍ പോയതാണെന്നും നക്ഷത്ര നിരീക്ഷണത്തിനായി ഭാരതമെങ്ങും സഞ്ചരിച്ചിരുന്നുവെന്നും ബുദ്ധ, ജൈന ധര്‍മങ്ങളിലെ ഗണിതശാസ്ത്ര വിജ്ഞാനങ്ങള്‍ അഭ്യസിച്ചുവെന്നും പണ്ഡിതന്മാര്‍ കരുതുന്നു.
തിരൂരിനടുത്ത്‌ താനാളൂരില്‍ സ്ഥിതിചെയ്യുന്ന കേരളാധീശ്വരപുരം പഴയ ചേരസാമ്രാജ്യത്തിന്റെ രണ്ടാം തലസ്ഥാനമായിരുന്നുവത്രെ. മൈസൂര്‍ പടയോട്ടക്കാലത്ത്‌ തകര്‍ക്കപ്പെട്ട നിലയില്‍ ആ ക്ഷേത്രം അടുത്തകാലംവരെ കിടന്നിരുന്നു. ശ്രുതി, സ്മൃതി, തന്ത്രം, ജ്യോതിഷം, കാവ്യം, നാടകം, അലങ്കാരം, വ്യാകരണം മുതലായവ പഠിപ്പിക്കുന്ന ശാലകള്‍ പണ്ടവിടെയുണ്ടായിരുന്നു. കേരളാധീശ്വരപുരത്തെ മങ്ങാട്ട്‌ വാസുദേവന്‍ നമ്പൂതിരി ജനസംഘത്തിന്റെ താനൂര്‍ മണ്ഡലം അധ്യക്ഷനായിരുന്നു.അവിടുത്തെ നീലകണ്ഠന്‍ വളരെക്കാലം സംഘപ്രചാരകനായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവരുടെ കുടുംബത്തിന്‌ ചില പ്രത്യേകാവകാശങ്ങളുണ്ട്‌.
കേരളക്ഷേത്രങ്ങളില്‍ വെച്ച്‌ ഏറ്റവും മുഖ്യമെന്ന്‌ പ്രശസ്തമായ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം അടുത്തുതന്നെയാണ്‌. യാഗം നടത്തുന്നതിന്റെ ആദ്യ ചടങ്ങ്‌ ദക്ഷിണാമൂര്‍ത്തിയുടെ അനുമതി തേടലാണത്രെ. ഏത്‌ ശുഭകര്‍മം ചെയ്യുന്നതിനും നിലവിളക്കു കത്തിക്കുന്നതിന്റെ അഞ്ചുതിരികളില്‍ ഒന്ന്‌ ദക്ഷിണാമൂര്‍ത്തിക്കുള്ളതാണ്‌. ബാക്കിനാലും നാലുദിക്കുകളിലേക്കും. അഷ്ടദിക്‌ പാലകരില്‍ എട്ടാമത്തേതായ ഈശന്‍ വടക്കുകിഴക്കായതിനാല്‍ ദക്ഷിണാമൂര്‍ത്തിക്കുള്ള തിരി ആ ദിക്കിലേക്കായിരിക്കും.
മലയാള ഭാഷയുടേയും സംസ്കാരത്തിന്റെയും പിള്ളത്തൊട്ടിലായി കരുതപ്പെടേണ്ട സ്ഥലമാണ്‌ തിരൂര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. 1972 ല്‍ തിരൂരില്‍ മലപ്പുറം ജില്ലാ ജനസംഘ സമ്മേളനം നടത്തിയിരുന്നു. അന്ന്‌ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലൊന്ന്‌ പുതിയ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഒരു എഴുത്തച്ഛന്‍ പീഠം സ്ഥാപിക്കണമെന്നും മലയാള ഭാഷാ പഠനഗവേഷണങ്ങള്‍ക്ക്‌ സൗകര്യമുണ്ടാക്കണമെന്നുമായിരുന്നു. അന്ന്‌ ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ. കെ.കെ.രാധാകൃഷ്ണന്‍ വളരെ ഭംഗിയായി അക്കാര്യം അവതരിപ്പിച്ചു. മലയാളത്തിന്റെ വൈവിധ്യമാര്‍ന്ന മൊഴിവഴക്കങ്ങള്‍ നൂറ്റാണ്ടുകളുടെ സാംസ്ക്കാരിക മേളനത്തില്‍നിന്ന്‌ ഉരുത്തിരിഞ്ഞു വന്നവയാണ്‌. സംസ്കൃതം, തമിഴ്‌, അറബി, തുളു, ഇംഗ്ലീഷ്‌, പോര്‍ച്ചുഗീസ്‌, ഡച്ച്‌, ഫ്രഞ്ചു ഭാഷകള്‍ മലയാളത്തിലേക്ക്‌ അതിമനോഹരമായി വഴങ്ങിച്ചേര്‍ന്നിട്ടുണ്ട്‌. അതിനാല്‍ ഗ്രാമംതോറും സമുദായങ്ങള്‍തോറും തനിമകള്‍ രൂപപ്പെട്ടുവന്നു. അവയെയൊക്കെ നര്‍മത്തിനും പരിഹാസത്തിനുമായിട്ടാണ്‌ പൊതുവെ ഉപയോഗിച്ചുവരുന്നത്‌. സിനിമകളിലും ചാനലുകളിലും അത്‌ അങ്ങേയറ്റം വിലക്ഷണമായി അനുഭവപ്പെടുന്നു.
മലയാള സര്‍വകലാശാലക്ക്‌ കൈകാര്യം ചെയ്യാനും ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വഴിയൊരുക്കാനും ഒരു നൂറുകൂട്ടമുണ്ട്‌. സംസ്കാരവും ഭാഷയും വളര്‍ന്ന്‌ ധന്യമാകുന്നതിന്‌ ഏറ്റവും പുതിയ സാഹചര്യമുണ്ടാക്കണം. അതിനെ രാഷ്ട്രീയവും വര്‍ഗീയവും മതപരവുമായ മുതലെടുപ്പിന്‌ വിധേയമാക്കാന്‍ അനുവദിച്ചുകൂടാ. മലയാളത്തിന്റെ മലയാണ്മ അതിന്റെ തറവാട്ടില്‍ത്തന്നെ വളര്‍ന്നുവരാന്‍ പുതിയ സര്‍വകലാശാല ഇടവരുത്തട്ടെ.
പി. നാരായണന്‍
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.