പമ്പ കരകവിഞ്ഞു; തീര്‍ത്ഥാടകര്‍ വലഞ്ഞു

Friday 20 September 2013 8:23 pm IST

ശബരിമല: പമ്പയിലെ ജലനിരപ്പും കനത്ത മഴയും ശബരിമല തീര്‍ത്ഥാടകരെ വലച്ചു. അതിശക്തമായ മഴ മൂലം പമ്പ, കക്കി ഡാമുകള്‍ തുറന്നു വിട്ടതിനെ തുടര്‍ന്നാണ്‌ പമ്പാനദി നിറഞ്ഞ്‌ കവിഞ്ഞത്‌. ഇതേ തുടര്‍ന്ന്‌ പമ്പാ മണല്‍പ്പുറത്ത്‌ വെള്ളംകയറി. നടപ്പന്തലിലും ഹോട്ടല്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലും രാമമൂര്‍ത്തി മണ്ഡപം, ലാട്രിന്‍ കോംപ്ലക്സുകളിലെല്ലാം വെള്ളത്തിലായി. ഇതോടെ പമ്പയിലേക്ക്‌ തീര്‍ത്ഥാടകര്‍ എത്തുന്നത്‌ പോലീസ്‌ പൂര്‍ണ്ണമായും തടഞ്ഞു. മണിക്കൂറുകളോളം മറുകര കടക്കാനാവാതെ തീര്‍ത്ഥാടകര്‍ വലഞ്ഞു. മഴവെള്ളം നിറഞ്ഞതിനെ തുടര്‍ന്നാണ്‌ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലുമായി ഡാമുകള്‍ തുറന്നു വിട്ടത്‌. മഴവെള്ളം കയറിയതിനെ തുടര്‍ന്ന്‌ പമ്പയിലാകമാനം മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്‌. പോലീസ്‌, ഫയര്‍ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ വളരെ പാടുപെട്ടാണ്‌ തീര്‍ത്ഥാടകരെ നിയന്ത്രിച്ചത്‌. ജലനിരപ്പ്‌ താഴ്‌ന്നു തുടങ്ങിയതോടെ പോലീസുകാര്‍ വടംകെട്ടി തീര്‍ത്ഥാടകരെ മറുകര എത്തിക്കുകയായിരുന്നു. ഇതിനിടയില്‍ പമ്പയില്‍ കുടുങ്ങിയ അയ്യപ്പന്മാരെ മറുകരയെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനാംഗം ഒഴുക്കില്‍പ്പെട്ട്‌ മരിച്ചു. സീതത്തോട്‌ അഗ്നിശമനസേനാംഗമായ ആലപ്പുഴ ആര്യാട്‌ തൈപ്പറമ്പില്‍ റ്റി.വി. ജിതേന്ദ്രന്‍(43)ആണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ്‌ അപകടം സംഭവിച്ചത്‌. കൊച്ചു പമ്പയിലെ ഡാമിന്റെ ഷട്ടറുകള്‍ അടച്ച ശേഷം പോലീസ്‌ നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പമ്പ പോലീസ്‌ മേല്‍നടപടി സ്വീകരിച്ചു. സംസ്ക്കാരം പിന്നീട്‌. ശബരിമലയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്കായാണ്‌ ജിതേന്ദ്രന്‍ പമ്പയില്‍ എത്തിയത്‌. ജീജയാണ്‌ ഭാര്യ. മക്കള്‍: അനന്തകൃഷ്ണന്‍, ആദിത്യന്‍. തോരാമഴയിലും സന്നിധാനത്തേക്ക്‌ തീര്‍ത്ഥാടകര്‍ പ്രവഹിക്കുകയാണ്‌. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്പാമണല്‍പ്പുറം, ത്രിവേണി എന്നിവിടങ്ങളിലേക്ക്‌ കടത്തിവിടുന്നില്ല. ഇതേ തുടര്‍ന്ന്‌ റോഡരുകിലാണ്‌ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌. ഇത്‌ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും വഴിയൊരുക്കി. മഴ നനഞ്ഞാണ്‌ തീര്‍ത്ഥാടകര്‍ മല ചവിട്ടുന്നത്‌. ചെളിയില്‍ അമര്‍ന്നിരിക്കുകയാണ്‌ ശബരിമല ക്ഷേത്രസന്നിധാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.