ഇന്നത്തെ നമ്മുടെ ജീവിതം ജരാനരകള്‍ ബാധിച്ച് പരാജയപ്പെട്ടതായി തീരാന്‍ മുഖ്യകാരണം ശക്തിയും ജ്ഞാനവും നമ്മളില്‍ ഒരുമിച്ചിട്ടില്ല. ശക്തിയേയും ജ്ഞാനത്തേയും സംയോജിപ്പിച്ചുകൊണ്ട് ജീവിതം എങ്ങനെ നയിക്കാമെന്ന് നാം ശ്രേഷ്ഠരായ ആചാര്യന്മാരില്നിന്നും ഗ്രഹിക്കണം. പണ്ടുകാലത്ത് ഗുരുകുല വിദ്യാഭ്യാസത്തിലൂടെ ബ്രഹ്മചാരികളായ കുട്ടികള്‍ക്ക് ഈ അറിവാണ് ആചാര്യന്മാരിലൂടെ പകര്‍ന്ന് കിട്ടിയിരിക്കുന്നത്. യഥാര്‍ത്ഥമായ ബ്രാഹ്മണ ജീവിതം വിഭാവനം ചെയ്യുന്നത് ഇതേ ജീവിതമാണ്. ഇന്നത്തെ ജാതിബ്രാഹ്മണ സമ്പ്രായത്തിലെ ജീവിത രീതികള്‍ നിങ്ങള്‍ നോക്കേണ്ട. ഇന്ന് അത്തരത്തിലുള്ള ജീവിതം നമ്മുടെ നാട്ടില്‍ നിന്നും നഷ്ടപ്പെട്ടുപോയി. അതിന്റെ ഒന്നാന്തരഫലങ്ങള് നമ്മള് നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടല്ലോ. ശക്തിയും ജ്ഞാനവും സംയോജിപ്പിച്ചുകൊണ്ടുള്ള ശ്രേഷ്ഠമായ ജീവിതമാണ് തഥാതനെ ആശ്രയിച്ചുവരുന്ന മക്കള്‍ക്ക് പ്രദാനം ചെയ്യുന്നത്.
ഇത്രയും ചിന്തിച്ചതില്‍ നിന്ന് നാം എന്തുമനസ്സിലാക്കുന്നു? വെറുതെ മനുഷ്യരായി ജീവിച്ചതുകൊണ്ട് മാത്രമായില്ല. ജീവിക്കാനും കര്‍മം ചെയ്യാനുമുള്ള ശരിയായ അറിവ് നമുക്ക് കൈവന്നുചേരുക തന്നെ വേണം. അപ്പോള്‍ നമ്മുടെ കര്‍മങ്ങള്‍ പാലാഴി മഥനമായി രൂപാന്തരം പ്രാപിക്കും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: