വാഹനാപകടം തളര്‍ത്തിയ ശരീരവുമായി ഒന്നരപ്പതിറ്റാണ്ട്‌

Tuesday 21 June 2011 10:49 pm IST

തൃശൂര്‍: ഒന്നരപ്പതിറ്റാണ്ടിലേറെ കട്ടിലില്‍ ജീവച്ഛവമായി മറ്റുളളവരുടെ കാരുണ്യം കൊണ്ടും ദൈവത്തിന്റെ കൃപകൊണ്ടും ജീവിതം അനുഭവിച്ച്‌ തീര്‍ക്കുന്ന പ്രഭാകരന്‍ സന്‍മനസ്സുള്ളവരുടെ നൊമ്പരമാകുന്നു. റോഡപകടങ്ങള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞ നമ്മുടെ നാട്ടില്‍ പ്രഭാകരനെന്ന പാവം ചായക്കടക്കാരന്റെ ജീവിതം ഇത്രമേല്‍ ദുരിതപൂര്‍ണമാക്കിയതും ഒരു വാഹനാപകടം തന്നെ. പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുളള ആ യാത്ര പ്രഭാകരന്‌ ഇപ്പോഴും മറക്കാനാകുന്നില്ല. സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കീഴ്മേല്‍ മറിഞ്ഞ ആ യാത്ര പ്രഭാകരനില്‍ ഇപ്പോഴും ഞെട്ടലുണ്ടാക്കുന്നു.
തൃപ്രയാര്‍ കിഴക്കേനടയില്‍ കളപ്പറമ്പില്‍ പ്രഭാകരന്‍ എന്ന 63കാരന്‍16 വര്‍ഷം മുമ്പ്‌ ചേര്‍പ്പില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക്‌ വരുന്നതിനിടയിലാണ്‌ ചിറക്കല്‍ കുറുമ്പിലാവില്‍ വെച്ച്‌ എതിരെ വന്ന കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലും കാല്‍മുട്ടും തകര്‍ന്ന പ്രഭാകരന്‍ അന്നുമുതല്‍ ഇപ്പോഴും ഒരു മുറിയില്‍ കട്ടിലില്‍ ഒരേ കിടപ്പാണ്‌. എഴുന്നേല്‍ക്കുവാന്‍ പോലും സാധിക്കാതെ പതിനാറ്‌ വര്‍ഷമായി കിടക്കുന്ന പ്രഭാകരനെ ബന്ധുക്കളുടെ കാരുണ്യമാണ്‌ ഇപ്പോഴും ജീവന്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ സഹായമാകുന്നത്‌.
അപകടം പറ്റുന്നതിന്‌ അഞ്ചു വര്‍ഷം മുമ്പ്‌ ഭാര്യ മരിച്ച പ്രഭാകരന്‌ മക്കളില്ല. അകന്ന ബന്ധത്തിലുള്ള വാഴക്കുളത്ത്‌ ദയാനന്ദന്റെ മക്കളാണ്‌ ഇപ്പോള്‍ പ്രഭാകരന്‌ എല്ലാം. നിരവധി ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റ്‌ നടക്കാന്‍ സാധിക്കാത്ത വിധത്തില്‍ എല്ലാം തളര്‍ന്നു. ബന്ധുവിന്റെ ഓടിട്ട വീടിനുള്ളിലെ ഒറ്റമുറിയില്‍ കിടപ്പാണ്‌ പ്രഭാകരന്‍. ദിവസവും ദയാനന്ദന്റെ മകളായ നീന നല്‍കുന്ന ഭക്ഷണവും വീട്ടില്‍ വരുത്തുന്ന ഒരു പത്രവും കൂടാതെ അയല്‍വാസികള്‍ കൊണ്ടുകൊടുക്കുന്ന പത്രങ്ങളും വായിച്ചുകൊണ്ടാണ്‌ പ്രഭാകരന്‍ ഇപ്പോള്‍ ലോകത്തെ അറിയുന്നത്‌. അന്ന്‌ പ്രഭാകരന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷക്ക്‌ ഇന്‍ഷൂറന്‍സ്‌ ഇല്ലാതിരുന്നതും സഹായം ലഭിക്കുന്നതിന്‌ തടസ്സമായി. തുടര്‍ന്ന്‌ മറ്റുള്ളവരുടെ കാരുണ്യം കൊണ്ടാണ്‌ ചികിത്സ നടത്തിയിരുന്നത്‌. ഇപ്പോള്‍ പത്രത്താളുകളില്‍ അപകടവാര്‍ത്തകള്‍ കാണുമ്പോള്‍ പ്രഭാകരന്റെ ഉള്ളില്‍ ഞെട്ടലും പകപ്പുമാണ്‌. തന്റെ ഗതി മറ്റാര്‍ക്കും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ ഓരോ ദിവസവും പ്രഭാകരന്‍ അപകടവാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്ന പത്രം തുറക്കുന്നത്‌. തന്നെ പ്രാണനു തുല്യം സ്നേഹിച്ച്‌ പരിചരിക്കുന്നവരുടെ കാലില്‍ ഒരു മുള്ളുപോലും കൊള്ളരുതേയെന്നാണ്‌ പ്രഭാകരന്റെ പ്രാര്‍ത്ഥന. പ്രതീക്ഷകള്‍ അസ്തമിച്ച്‌ കട്ടിലില്‍ തളര്‍ന്ന്‌ കിടക്കുന്ന പ്രഭാകരന്‌ ഇനിയും തുടര്‍ചികിത്സ നല്‍കിയാല്‍ പഴയജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന്‌ ബന്ധുക്കള്‍ വിശ്വസിക്കുന്നു. അവരുടെ പ്രതീക്ഷ കാണുമ്പോള്‍ പ്രഭാകരന്റെ കണ്ണുകള്‍ നിറയുകയാണ്‌. അതില്‍ ജീവിക്കാനുളള ഒരു മനുഷ്യന്റെ ആഗ്രഹം നിറഞ്ഞു നില്‍ക്കുന്നുണ്ട്‌.
-കൃഷ്ണകുമാര്‍ ആമലത്ത്‌