അഴിമതിമുക്ത രാഷ്ട്രസങ്കല്‍പ്പത്തിന് പ്രയത്‌നിക്കണം:ഡോ ജേക്കബ് തോമസ്

Friday 5 January 2018 7:01 pm IST

തിരുവനന്തപുരം: അഴിമതിമുക്ത രാഷ്ട്രസങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ പൗരന്മാര്‍ ഓരോരുത്തരുടെയും പ്രയത്‌നം ആവശ്യമാണെന്ന് ഡിജിപി ഡോ ജേക്കബ് തോമസ്. 2022 ഓടെ ഭാരതത്തെ അഴിമതിമുക്ത രാഷ്ട്രമാക്കി മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം നിറവേറ്റാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്മഭൂമിയും വിജ്ഞാന്‍ ഭാരതിയും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്എസ്എഫ്‌കെ 2017 ശാസ്ത്രമേള തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് സരസ്വതീ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുടെ മുന്നില്‍  തലകുനിക്കരുത്. എല്ലാവരും എതിര്‍ക്കുമ്പോഴും ശരിയെന്ന് തോന്നുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ നമുക്ക് കഴിയണം. അതിനുള്ള കരുത്ത് നേടേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ്. നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ശരിയായ ഉത്തരം കണ്ടെത്തുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യാന്‍ കഴിയുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണ്. വ്യക്തിയെ കരുത്തുറ്റതാക്കുന്നത് വിദ്യാഭ്യാസമാണ്. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് യുക്തിസഹമായി ചോദ്യം ചെയ്യുകയാണ് വിദ്യാര്‍ഥിയുടെ ഉത്തരവാദിത്വം. അത്തരം ചോദ്യങ്ങള്‍ക്ക് ഗവേഷണബുദ്ധി ഉപയോഗിച്ച് യുക്തിസഹമായ ഉത്തരം കണ്ടെത്തുകയും വേണം. ഇത് ശീലമാക്കിയാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ശരിയായ വിദ്യാഭ്യാസ പുരോഗതി ഉണ്ടാവുകയുള്ളൂ.

ലോകനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളോ മികച്ച ചികിത്സാ സംവിധാനങ്ങളോ കുഴികളില്ലാത്ത റോഡോ വിഷമില്ലാത്ത സുരക്ഷിത ഭക്ഷണമോ നമുക്ക് ഉണ്ടോയെന്ന് വിദ്യാര്‍ഥികള്‍ ചിന്തിക്കണം, അന്വേഷിക്കണം. ആരാണ് ഇതിനൊക്കെ ഉത്തരവാദിയെന്ന് നാം തിരിച്ചറിയണം. നമ്മുടെ പൂര്‍വികര്‍ വലിയ ത്യാഗങ്ങള്‍ അനുഭവിച്ച് എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന ചോദ്യം കുട്ടികളില്‍ നിന്ന് ഉയരണം. സത്യാന്വേഷണമാണ് ശാസ്ത്രത്തിന്റെ ഉദ്ദേശ്യം. സത്യം പറഞ്ഞതിന് പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന്മാരുടെ പാരമ്പര്യം നാം അറിയണം. ശാസ്ത്രം മുന്നോട്ടുപോകണമെങ്കില്‍ ചുറ്റുപാടുമുള്ള പ്രശ്‌നങ്ങളെ കണ്ടെത്തി അവയെ ചോദ്യങ്ങളാക്കി മാറ്റി ശരിയായ ഉത്തരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അനന്തപുരി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ എ. മാര്‍ത്താണ്ഡന്‍പിള്ള, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ ആശാ കിഷോര്‍, വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍, സരസ്വതീ വിദ്യാലയത്തിന്റെ ചെയര്‍മാന്‍ ജി. രാജ്‌മോഹന്‍, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.