മരട്‌ സിപിഎമ്മിലെ പോര്‌: വിഭാഗീയത വടംവലിയിലേക്ക്‌

Sunday 22 September 2013 10:04 pm IST

മരട്‌: പോര്‌ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ സിപിഎമ്മിലെ വിഭാഗീയത ബലപരീക്ഷണത്തിലേക്ക്‌. മരട്‌ ലോക്കല്‍ സെക്രട്ടറി പി.വി.ശശിയെ ജില്ലാ കമ്മറ്റി സസ്പെന്റ്‌ ചെയ്ത സാഹചര്യത്തിലാണ്‌ ചേരിതിരിഞ്ഞുള്ള ബലപരീക്ഷണത്തിന്‌ ഏരിയാ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും വേദിയാവുക. മരട്‌ ലോക്കല്‍ കമ്മറ്റി വിഭജിച്ച്‌ നെട്ടൂര്‍, മരട്‌ എന്നീ രണ്ട്‌ ലോക്കല്‍ കമ്മറ്റികള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത്‌ നടപ്പായിട്ടില്ല. പുതിയ സാഹചര്യത്തില്‍ വിഭാഗീയത മൂര്‍ഛിക്കുമെന്നുറപ്പിച്ചതിനാല്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇരുചേരികളും രംഗത്ത്‌ സജീവമാകും. ഭൂരിഭാഗം ലോക്കല്‍ കമ്മറ്റികളുടെയും പിന്തുണ സസ്പെന്റ്‌ ചെയ്ത ലോക്കല്‍ സെക്രട്ടറിക്കാണ്‌. എന്നാല്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും എതിര്‍ചേരിക്കാരനുമായ കെ.എ.ദേവസിയാകട്ടെ തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയിലെ തന്റെ സ്വാധീനം ഉപയോഗിച്ചാണ്‌ കരുക്കള്‍ നീക്കുന്നത്‌. ലോക്കല്‍ സെക്രട്ടറിക്കെതിരെയുള്ള ക്രമക്കേടുകള്‍ പരാതിയായി ജില്ലാ കമ്മറ്റിയിലെത്തിയതും ഇവരുടെ നീക്കത്തിന്റെ ഭാഗമായാണ്‌ എന്നാണ്‌ സൂചന. രണ്ടരവര്‍ഷം മുമ്പ്‌ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കെ.എ.ദേവസിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ വെട്ടിനിരത്തിയിരുന്നു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.വി.ശശിയാണ്‌ ഇതിന്‌ പിന്നിലെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ്‌ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയെന്ന ആയുധം എതിര്‍ചേരിക്ക്‌ വീണുകിട്ടിയത്‌. മരടിലെ വിഭാഗീയതയും പുറത്താക്കലും ഇന്ന്‌ ചേരുന്ന തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റി യോഗത്തില്‍ ചൂടന്‍ ചര്‍ച്ചയാകും. ഇരുവിഭാഗവും പരസ്പരം ആരോപണമുന്നയിച്ച്‌ ഏറ്റുമുട്ടാനും യോഗം വേദിയാകുമെന്നും വ്യക്തമായ സൂചനയുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.