നരേന്ദ്ര മോദി നാളെ കേരളത്തില്‍

Tuesday 24 September 2013 10:31 am IST

തിരുവനന്തപുരം: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി നാളെ കേരളത്തില്‍. വള്ളിക്കാവ്‌ അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കെത്തുന്ന മോദി നാളെ വൈകിട്ടാണ്‌ തലസ്ഥാനത്തെത്തുന്നത്‌. വൈകിട്ട്‌ 3.50ന്‌ പ്രത്യേക വിമാനത്തില്‍ ഭോപ്പാലില്‍ നിന്ന്‌ പുറപ്പെടും. 6.20ന്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 6.40ന്‌ തിരുവനന്തപുരം മാസ്കറ്റ്‌ ഹോട്ടലില്‍ നടക്കുന്ന ബിജെപി ഭാരവാഹിയോഗത്തില്‍ പങ്കെടുക്കും. ബിജെപി ജില്ലാ പ്രസിഡന്റുമാരും മേഖലാ,സംസ്ഥാന ഭാരവാഹികളുമാണ്‌ യോഗത്തില്‍ സംബന്ധിക്കുന്നത്‌. മാസ്കറ്റ്‌ ഹോട്ടലിലാണ്‌ നരേന്ദ്രമോദി രാത്രി തങ്ങുന്നത്‌.
26ന്‌ രാവിലെ 9.15ന്‌ വിമാനത്താവളത്തിലെത്തുന്ന മോദി ഹെലികോപ്ടറില്‍ വള്ളിക്കാവിലേക്ക്‌ പോകും. രാവിലെ 10ന്‌ വള്ളിക്കാവ്‌ അമൃതവിദ്യാപീഠത്തിലാണ്‌ അദ്ദേഹം പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്‌. വള്ളിക്കാവിലെ പരിപാടിക്കും സന്ദര്‍ശനത്തിനും ശേഷം ഉച്ചയ്ക്ക്‌ 1.30ന്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നരേന്ദ്രമോദി 2.15 ഓടെ പ്രത്യേക വിമാനത്തില്‍ തൃശ്ശിനാപ്പള്ളിയിലേക്ക്‌ തിരിക്കും.
അമൃതാനന്ദമയി മഠത്തില്‍ മാത്രമാണ്‌ അദ്ദേഹം പൊതുപരിപാടിയില്‍ സംബന്ധിക്കുക. മാസ്കറ്റ്‌ ഹോട്ടലില്‍ നടക്കുന്ന ബിജെപി ഭാരവാഹി യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പ്രവേശനമുണ്ടായിരിക്കില്ല. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ അതീവ സുരക്ഷയാണ്‌ തിരുവനന്തപുരത്തും വള്ളിക്കാവിലും ഒരുക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.