മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റി

Monday 23 September 2013 10:13 pm IST

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക്‌ ഉജ്ജ്വല വിജയം. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന ക്ലാസ്സിക്ക്‌ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്കാണ്‌ സിറ്റിയുടെ വിജയം.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദ്‌ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ടഗോളുകളും യായാ ടൂറേയും സമിര്‍ നസ്‌റിയും നേടിയ ഗോളുകളുമാണ്‌ യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കാന്‍ സിറ്റിയെ സഹായിച്ചത്‌. യുണൈറ്റഡിന്റെ ഏക ഗോള്‍ നേടിയ സൂപ്പര്‍ താരം വെയ്ന്‍ റൂണിയാണ്‌. കഴിഞ്ഞ അഞ്ച്‌ പോരാട്ടങ്ങളില്‍ സിറ്റിയോടേറ്റ നാലാം തോല്‍വിയാണ്‌ യുണൈറ്റഡിന്റെത്‌. സൂപ്പര്‍താരം റോബിന്‍ വാന്‍ പെഴ്സി കളിക്കാനിറങ്ങാതിരുന്നതും യുണൈറ്റഡിന്‌ കനത്ത തിരിച്ചടിയായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ പരിശീലകനായി ഡേവിഡ്‌ മോയസ്‌ എത്തിയ ശേഷമുള്ള ആദ്യത്തെ ഡര്‍ബിയായിരുന്നു ഇത്‌.
മത്സരത്തിന്റെ പതിനാറാം മിനിറ്റിലാണ്‌ സിറ്റി ആദ്യ ഗോള്‍ നേടിയത്‌. അലക്സാണ്ടര്‍ കോലറോവിന്റെ പാസ്‌ സ്വീകരിച്ച്‌ അഗ്യൂറോ തൊടുത്ത ഉജ്ജ്വല വോളി യുണൈറ്റഡ്‌ ഗോളിക്ക്‌ യാതൊരു അവസരവും നല്‍കാതെ വലയില്‍ പതിച്ചു. തുടര്‍ന്നും ആക്രമിച്ചുകളിച്ച സിറ്റി ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത്‌ ലീഡ്‌ ഉയര്‍ത്തി. ആല്‍വാരോ നെഗ്രഡോ നല്‍കിയ പാസില്‍ നിന്ന്‌ യായാ ടൂറേയാണ്‌ ഇത്തവണ യുണൈറ്റഡ്‌ വല കുലുക്കിയത്‌. പിന്നീട്‌ രണ്ടാം പകുതി ആരംഭിച്ച്‌ രണ്ട്‌ മിനിറ്റ്‌ തികയുന്നതിന്‌ മുന്നേ അഗ്യൂറോ ലീഡ്‌ ഉയര്‍ത്തി. നെഗ്രഡോയുടെ പാസില്‍ നിന്നാണ്‌ അഗ്യൂറോ യുണൈറ്റഡ്‌ വലയിലേക്ക്‌ നിറയൊഴിച്ചത്‌.
50-ാ‍ം മിനിറ്റില്‍ സിറ്റി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ജീസസ്‌ നവാസ്‌ നല്‍കിയ പാസ്‌ നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ സമിര്‍ നസ്‌റി വലയിലെത്തിച്ചു. പിന്നീട്‌ ഗോള്‍ മടക്കുന്നതിന്‌ വേണ്ടി കിണഞ്ഞു പരിശ്രമിച്ച യുണൈറ്റഡിന്‌ 87-ാ‍ം മിനിറ്റിലാണ്‌ അത്‌ സാധിച്ചത്‌. ബോക്സിന്‌ പുറത്തുവച്ച്‌ കിട്ടിയ ഫ്രീകിക്കില്‍ നിന്നാണ്‌ യുണൈറ്റഡിന്റെ ആശ്വാസഗോള്‍ പിറന്നത്‌. സൂപ്പര്‍ താരം വെയ്ന്‍ റൂണി എടുത്ത കിക്ക്‌ സിറ്റി ഉയര്‍ത്തിയ പ്രതിരോധ മതിലിന്‌ മുകളിലൂടെ മഴവില്ലുകണക്കെ വളഞ്ഞിറങ്ങി മുഴുനീളെ പറന്ന ഗോളിയെയും മറികടന്ന്‌ വലയില്‍ കയറി.
മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ പിന്നാലെ ആഴ്സണലും തകര്‍പ്പന്‍ വിജയം കുറിച്ചു. സ്റ്റോക്ക്‌ സിറ്റിയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത ആഴ്സണല്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാമതെത്തി. ആരോണ്‍ റംസി, മെര്‍റ്റസാക്കര്‍, സാഗ്ന എന്നിവര്‍ ആഴ്സണലിനായി സ്കോര്‍ ചെയ്തപ്പോള്‍ കാമറോണ്‍ സ്റ്റോക്കിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
മറ്റ്‌ മത്സരങ്ങളില്‍ ടോട്ടനം 1-0ന്‌ കാര്‍ഡിഫിനെയും സ്വാന്‍സീ സിറ്റി 2-0ന്‌ ക്രിസ്റ്റല്‍ പാലസിനെയും കീഴടക്കി.
അഞ്ച്‌ മത്സരങ്ങളില്‍ നിന്ന്‌ 12 പോയിന്റുമായാണ്‌ ആഴ്സണല്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. അത്രയും പോയിന്റുള്ള ടോട്ടനം രണ്ടാമതും 10 പോയിന്റ്‌ വീതമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ എട്ടാം സ്ഥാനത്താണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.