രാജ്യത്ത്‌ കനത്ത സുരക്ഷ

Sunday 14 August 2011 11:56 pm IST

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തിന്‌ മുന്നോടിയായി രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത്‌ ദല്‍ഹി നഗരത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ ദ്രുതകര്‍മ്മസേനക്കും കമാന്‍ഡോകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ അഞ്ച്‌ തലത്തിലുള്ള സുരക്ഷയാണ്‌ ദല്‍ഹി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്‌. സൈന്യത്തിനും വിവിധ അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പുറമേ 10,000 ദല്‍ഹി പോലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചു. നിരത്തുകളില്‍ പോലീസും സൈന്യവും നിലയുറപ്പിച്ചുകഴിഞ്ഞു. വാഹനപരിശോധനകള്‍ കര്‍ശനമാക്കി. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ത്രിവര്‍ണപതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സമയം ദല്‍ഹിയുടെ ആകാശം വ്യോമനിരോധിത മേലയായിരിക്കും. പാര്‍ലമെന്റ്‌ മന്ദിരം, രാജ്യാന്തര വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്‌ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷക്കായി കൂടുതല്‍ സനികരെ നിയോഗിച്ചു. ഹോട്ടലുകളിലേയും ഗസ്റ്റ്‌ ഹൗസുകളിലേയും താമസക്കാരെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ശേരിക്കാന്‍ പോലീസ്‌ നടപടി തുടങ്ങി. സംശയകരമായ ബാഗുകളോ വസ്തുക്കളോ കണ്ടാല്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കാന്‍ കച്ചവടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മാലിന്യക്കൂമ്പാരങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസ്‌ നായകളും പരിശോധന നടത്തുന്നുണ്ട്‌. തീവ്രവാദ ആക്രമണഭീഷണി നിലനില്‍ക്കുന്നതിനാല്‍ കേരളത്തിന്റെ വിവിധ ജില്ലകളിലും സുരക്ഷ ശക്തമാക്കി. കൊച്ചി നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും കനത്ത സുരക്ഷാ സന്നാഹമാണ്‌. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിെ‍ന്‍റ പല ഭാഗങ്ങളിലും കുഴപ്പമുണ്ടാക്കുമെന്ന തീവ്രവാദ സംഘടനകളുടെ ഭീഷണി സംബന്ധിച്ചുള്ള കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശവും കോഴിക്കോട്‌ സ്ഫോടനക്കേസിലെ പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചതിന്റെയും അടിസ്ഥാനത്തിലാണ്‌ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്‌. റെയില്‍വെ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്റുകള്‍, സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടക്കുന്ന മൈതാനങ്ങള്‍, ജനത്തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്‌. പ്രധാന നഗരങ്ങളിലെല്ലാം പോലീസിനെ കൂടാതെ കമാന്‍ഡോകളെയും വിന്യസിച്ചിട്ടുണ്ട്‌. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്‌. സംശയം തോന്നുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും നിര്‍ദ്ദേശമുണ്ട്‌. നെടുമ്പാശേരി വിമാനത്താവളത്തിലും കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. ബോംബ്സ്ക്വാഡും ഡോഗ്‌ സ്ക്വാഡും എല്ലായിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.