അഴിമതിക്കെതിരെ നടപടി വേണം: രാഷ്ട്രപതി

Sunday 14 August 2011 11:57 pm IST

ന്യൂദല്‍ഹി: അഴിമതി ഇല്ലാതാക്കാന്‍ ശക്തമായ പ്രതിരോധ ശിക്ഷാ നടപടികള്‍ അനിവാര്യമാണെന്ന്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വ്യക്തമാക്കി. സ്വാതന്ത്ര്യദിന തലേന്നാള്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായി ബാധിച്ചിരിക്കുന്ന മഹാവ്യാധിയാണ്‌ അഴിമതി. അതിനെ ഉന്മൂലനം ചെയ്യണം. സര്‍ക്കാരും പാര്‍ലമെന്റും ജുഡീഷ്യറിയും സമൂഹം ഒന്നടങ്കവും അതെക്കുറിച്ച്‌ ചിന്തിക്കുകയും പ്രായോഗികവും ഫലപ്രദവും ശാശ്വതവുമായ പ്രതിവിധി കണ്ടെത്തുകയും വേണം. എല്ലാ തലങ്ങളിലും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതിന്‌ പാര്‍ലമെന്റിന്റെ ആരോഗ്യകരമായ നടപടിക്രമങ്ങള്‍ മാനിക്കപ്പെടേണ്ടതുമാണെന്നുള്ള വസ്തുത മറക്കരുത്‌. രാഷ്ട്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക്‌ സാധിക്കും. മെച്ചപ്പെട്ട തെരഞ്ഞെടുപ്പ്‌ രീതികള്‍ക്ക്‌ സുശക്തവും പ്രവര്‍ത്തനക്ഷമവുമായ ജനാധിപത്യവുമായി ബന്ധമുണ്ട്‌. തെരഞ്ഞെടുപ്പ്‌ ചെലവുകള്‍ ഗവണ്‍മെന്റ്‌ വഹിക്കുന്നതും ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍നിന്നും വിലക്കുന്നതും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ്‌ പരിഷ്കരണത്തിനുള്ള അനേകം നിര്‍ദ്ദേശങ്ങള്‍ പലപ്പോഴായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. ഇവ പരിശോധിച്ച്‌ നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും സംവിധാനത്തിന്റെ ശുദ്ധീകരണത്തിനും ആവശ്യമുള്ളവ അംഗീകരിക്കണം. 120 കോടി ജനങ്ങളുള്ള ഒരു രാഷ്ട്രമാണ്‌ നമ്മുടേത്‌. വിദ്യാഭ്യാസവും തൊഴില്‍പരവുമായ വൈദഗ്ധ്യം നേടുമ്പോള്‍ മാത്രമേ ഈ ജനസംഖ്യയുടെ പ്രയോജനം നമുക്ക്‌ സിദ്ധിക്കുകയുള്ളൂ. രാഷ്ട്രത്തിന്റെ ആവശ്യത്തിനുതകുമാറ്‌ അവരുടെ വിദ്യാഭ്യാസത്തിലും കര്‍മ്മശേഷി വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യയുടെ സേവന മേഖലയിലും സാങ്കേതികവിദ്യകളിലും ഉല്‍പാദനരംഗത്തും കൃഷിയിലും ഗണ്യമായ നേട്ടമുണ്ടാക്കി സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ ഇത്‌ സഹായകമാകും. രാജ്യത്തെ സാമ്പത്തികവളര്‍ച്ചയിലുള്ള അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരണം. നമ്മുടെ ജനസംഖ്യയില്‍ 68 ശതമാനം ഗ്രാമങ്ങളില്‍ ജീവിക്കുന്നു. അവരുടെ മുഖ്യ ഉപജീവനമാര്‍ഗം കൃഷിയാണ്‌. എന്നിട്ടും കൃഷിയുടെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമുക്ക്‌ കഴിഞ്ഞിട്ടില്ല. കാര്‍ഷികവൃത്തിയുടെ തുടക്കം മുതല്‍ വിളവെടുപ്പുവരെയും അതിനുശേഷമുള്ള പ്രവര്‍ത്തനങ്ങളിലും വിപ്ലവകരമായ മാറ്റം വരുത്തുന്നതിനുള്ള മാതൃക നാം രൂപപ്പെടുത്തണം. വിത്ത്‌, വളം, കീടനാശിനികള്‍ മുതലായവ വായ്പയായി നല്‍കുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ സജീവമാകുകയും പരസ്പരം സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയും വേണം. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്‌ കാര്‍ഷികമേഖലയില്‍ കൂടുതല്‍ സാങ്കേതികവിദ്യ ഉപയോഗിക്കണം. വരണ്ട ഭൂമിയിലെ കൃഷി, തൊഴിലാളികളുടെ ദൗര്‍ലഭ്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കേന്ദ്രീകൃതമായ രീതിയില്‍ പരിഹാരം കണ്ടെത്തണം. ഭീകരപ്രവര്‍ത്തനമെന്ന നശീകരണ ശക്തിയുടെ ഭീഷണതയെ ഓര്‍മിപ്പിക്കുന്നതാണ്‌ കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന ആക്രമണം. ആഗോളതലത്തിലുള്ള ഈ പ്രതിഭാസത്തെ ചെറുക്കാന്‍ സദാ ജാഗ്രത പാലിക്കണമെന്ന്‌ രാഷ്ട്രപതി നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.