സ്പിരിറ്റ്‌ കൊണ്ടുവന്നതിന്‌ പിന്നില്‍ ഉന്നതര്‍; കേസ്‌ അട്ടിമറിക്കാന്‍ നീക്കം

Monday 15 August 2011 12:00 am IST

ആലുവ: പറവൂര്‍ കവലയില്‍ സ്പിരിറ്റ്‌ പിടികൂടിയ കേസ്‌ അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നു. ചില ഉന്നതരായവര്‍ക്കും കൂടി ഈ സ്പിരിറ്റ്‌ കടത്തിന്‌ പിന്നില്‍ പങ്കാളിത്തമുണ്ടെന്ന്‌ വെളിപ്പെട്ടതിനെത്തുടര്‍ന്നാണിത്‌. മറ്റ്‌ ചില കേസുകളുമായി ബന്ധപ്പെട്ട്‌ ജയിലില്‍ കഴിയുന്നതിനിടെ അവിടെവച്ചാകാം സ്പിരിറ്റ്‌ മാഫിയയില്‍പ്പെട്ട മറ്റുചിലര്‍ ഇപ്പോള്‍ പ്രതികളെന്ന്‌ സംശയിക്കുന്നവരെ സ്പിരിറ്റ്‌ മാഫിയയിലേക്ക്‌ റിക്രൂട്ട്‌ ചെയ്തതെന്ന്‌ സംശയിക്കുന്നുണ്ട്‌. സ്പിരിറ്റ്‌ മാഫിയയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അശ്വനി എന്ന യുവതി ചോദ്യം ചെയ്യലില്‍ എക്സൈസ്‌ അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ്‌ പലപ്പോഴും നല്‍കിയത്‌. തുടര്‍ന്ന്‌ യുവതിയുടെ കാമുകനെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ്‌ പലവട്ടം യുവതി സ്പിരിറ്റ്‌ മാഫിയയ്ക്കുവേണ്ടി വാഹനങ്ങളില്‍ പോയിട്ടുണ്ടെന്ന്‌ വെളിപ്പെട്ടത്‌. റിമാന്റില്‍ കഴിയുന്ന അശ്വനിയെ ജാമ്യത്തിലെടുക്കുന്നതിനുള്ള നടപടിക്കുവേണ്ടി കാമുകനെത്തിയപ്പോഴാണ്‌ എക്സൈസ്‌ അധികൃതര്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്‌. സ്പിരിറ്റ്‌ സംഭരിച്ചതും മറ്റും സംസ്ഥാനത്തെ കുപ്രസിദ്ധ ചില സ്പിരിറ്റ്‌ മാഫിയകള്‍ക്കുവേണ്ടിയാണ്‌. ഇതിനോടകം നിരവധിതവണ ഇവിടേക്ക്‌ സ്പിരിറ്റ്‌ കൊണ്ടുവന്നിട്ടുണ്ട്‌. പറവൂര്‍ കവല കൂടാതെ മറ്റു ചിലയിടങ്ങളിലും ഇത്തരത്തില്‍ സ്പിരിറ്റ്‌ എത്തിച്ചിട്ടുണ്ടെന്നാണ്‌ അന്വേഷണത്തില്‍ വെളിവായിട്ടുള്ളത്‌. എന്നാല്‍ ലോറിയില്‍ സ്പിരിറ്റ്‌ എത്തിച്ചശേഷം ഏതെങ്കിലുമൊരു ഭാഗത്ത്‌ ലോറി നിര്‍ത്തി ലോറിയിലുണ്ടായിരുന്നവര്‍ മറ്റേതെങ്കിലും വാഹനങ്ങളില്‍ കടന്നുകളയും. പിന്നീട്‌ മറ്റാരെങ്കിലുമെത്തിയായിരിക്കും ഈ ലോറി സ്പിരിറ്റ്‌ സംഭരിക്കുന്നിടങ്ങളിലേക്ക്‌ മാറ്റുക. വളരെയേറെ വിശ്വാസമായാല്‍ മാത്രമേ സ്പിരിറ്റ്‌ കൊണ്ടുവരുന്നവര്‍ക്ക്‌ സ്പിരിറ്റ്‌ സംഭരണ കേന്ദ്രമുള്‍പ്പെടെ പല വിവരങ്ങളും കൈമാറുവാന്‍ തയ്യാറാവുകയുള്ളൂ. അതുപോലെതന്നെ സ്പിരിറ്റ്‌ മാഫിയയുടെ ഏജന്റുമാര്‍ സ്പിരിറ്റ്‌ കൊണ്ടുവരുന്ന വാഹനങ്ങളില്‍നിന്നും പലയിടങ്ങളിലേക്കും വിളിക്കുന്നത്‌ പല സിംകാര്‍ഡുകളില്‍നിന്നാണ്‌. ഏതെങ്കിലും കാരണവശാല്‍ പിടിക്കപ്പെടുമെന്ന്‌ കണ്ടാല്‍ ഇത്തരത്തിലുള്ള സിംകാര്‍ഡുകളേറെയും നശിപ്പിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. ഇതിനുള്ള സൗകര്യാര്‍ത്ഥം കൂടുതല്‍ മൊബെയില്‍ ഫോണുകള്‍ക്ക്‌ പകരം സിംകാര്‍ഡുകളാണ്‌ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌. ആലുവയില്‍ പിടിച്ചെടുത്ത വാഹനങ്ങളില്‍നിന്നും ഏതാനും സിംകാര്‍ഡുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.