ശരീരം തികച്ചും അയച്ചുവിട്ടുകഴിയുമ്പോള് നിങ്ങളുടെ ശരീരഭാരം മുഴുവനും നിലംതാങ്ങുന്നതായോ, അഥവാ നിങ്ങളുടെ ഇരിപ്പിടം നിങ്ങളോട് കൂടുതല്‍ അമര്ന്നുചേരുന്നതായോ നിങ്ങള്‍ക്ക് തോന്നും. മാംസപേശികളെല്ലാം അയച്ചുവിട്ടുകൊണ്ടുള്ള ആ ഇരുപ്പില്‍ നിങ്ങള്‍ പൂര്‍ണമായും വിജയിക്കുന്നപക്ഷം, നേരെ നിവര്ന്നുനില്ക്കുന്ന മേരുദണ്ഡവും സ്കന്ധാസ്ഥികളുമാകുന്ന ഒരു ‘സ്വസ്ഥികവിചിഹ്ന’ത്തില്‍ നിങ്ങളുടെ ഭൗതികശരീരത്തെ ആകമാനം അര്‍പ്പിച്ച ഒരു പ്രതീതി നിങ്ങള്ക്കുണ്ടാവുന്നതായിരിക്കും. ഒരു ‘കോട്ട് ഹാങ്ങറി’ ല്‍ ഒരാള്‍ തന്റെ കോട്ട് തൂക്കിയിടുന്നതുപോലെ, സ്കന്ധാസ്ഥികളില് ശരീരം തൂക്കിയിട്ടതായും ശരീരം തന്നെ തന്റെ ഒപ്പമില്ലെന്നപോലെയുള്ള അനുഭവം ക്രമേണ സാധകനുണ്ടാവുന്നതായിരിക്കും. ശാരീരികങ്ങളായ ഇത്തരം സംവിധാനരീതികളെല്ലാം തീര്‍ന്നതില്‍ പിന്നെ സാധകന് ധ്യാനാസനത്തിന്റെ രംഗഭൂവില്‍ പ്രവേശിച്ചുകഴിഞ്ഞുവെന്ന് പറയാം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: