മഹാരാജാസ്‌ കോളേജ്‌ അക്രമം എസ്‌എഫ്‌ഐയുടെ ജനാധിപത്യ ധ്വംസനം: വി.മുരളീധരന്‍

Monday 15 August 2011 12:02 am IST

കൊച്ചി: മഹാരാജാസ്‌ കോളേജില്‍ എസ്‌എഫ്‌ഐ നടത്തുന്ന അക്രമം കോളേജിന്റെ യശ്ശസ്സ്‌ കളങ്കപ്പെടുത്തുന്നതും, കാമ്പസിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറഞ്ഞു. മഹാരാജാസ്‌ കോളേജില്‍ നിന്നും ക്രിമിനലുകളെ വളര്‍ത്തുന്ന എസ്‌എഫ്‌ഐയുടെ പ്രവര്‍ത്തനത്തിനെതിരെ ജനകീയ കൂട്ടായ്മ ഉണ്ടാകണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ്‌ കോളേജില്‍ തുടര്‍ച്ചയായി പ്രതിപക്ഷസംഘടനകള്‍ക്ക്‌ നേരെ ഉണ്ടാകുന്ന അക്രമ സംഭവത്തിലെ പോലീസിന്റെ ഇടപെടല്‍ സംശയം ജനിപ്പിക്കുന്നതരത്തിലുള്ളതാണ്‌ അതുകൊണ്ട്‌ സത്യസന്ധനായ അന്വേഷണ ഉദ്യോഗസ്ഥനെ കേസ്‌ ഏല്‍പ്പിക്കണമെന്നും, അക്രമികളെ എത്രയും പെട്ടന്ന്‌ അറസ്റ്റ്‌ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം തന്നെ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എഫ്‌ഐ അക്രമത്തില്‍ പരിക്കേറ്റ്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ചതിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ജി.രാജഗോപാല്‍, എബിവിപി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ബിനീഷ്കുമാര്‍, എം.ആര്‍.പ്രദീപ്‌, ശ്യാംരാജ്‌ പി.എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.