ബിഎംഎസ്‌ ജില്ലാസെക്രട്ടറിക്കെതിരെ കള്ളക്കേസ്‌ ടാറ്റാ ടെറ്റ്ലി കമ്പനിയിലേക്ക്‌ മാര്‍ച്ച്‌

Monday 15 August 2011 12:03 am IST

കൊച്ചി: ബിഎംഎസ്‌ എറണാകുളം ജില്ലാ സെക്രട്ടറിയും ടാറ്റാ ടെറ്റ്ലി വര്‍ക്കേഴ്സ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍.രഘുരാജിനെതിരെ കള്ളക്കേസുകൊടുത്ത മാനേജ്മെന്റ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ 16ന്‌ വെല്ലിംഗ്ടണ്‍ ഐലന്റിലെ ടാറ്റാ ടെറ്റ്ലി കമ്പനിയിലേക്ക്‌ തൊഴിലാളി മാര്‍ച്ചും ധര്‍ണയും നടത്തും. നിരന്തരമായി ടാറ്റാ ടെറ്റ്ലി മാനേജ്മെന്റും സൂപ്പര്‍വൈസര്‍മാരും ജീവനക്കാര്‍ക്കെതിരെ പീഡന നടപടികള്‍ നടത്തിവരികയാണ്‌. തൊഴില്‍ സ്ഥലത്തെ പീഡനത്തിന്റെ പേരില്‍ ജീവനക്കാര്‍ നല്‍കിയ പരാതി അന്വേഷിക്കുവാന്‍ കമ്പനിയില്‍ ചെന്ന യൂണിയന്‍ നേതാവുകൂടിയായ ആര്‍.രഘുരാജിനെതിരെ മാനേജ്മെന്റ്‌ കള്ളക്കേസ്‌ കൊടുത്തിരിക്കുകയാണ്‌. തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കമ്പനിയില്‍ പോകുന്ന യൂണിയന്‍ നേതാക്കന്മാരെ കള്ളക്കേസില്‍ പ്രതിയാക്കുന്ന മാനേജ്മെന്റ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ നടക്കുന്ന തൊഴിലാളി മാര്‍ച്ച്‌ ബിഎംഎസ്‌ സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ ഇ.ഡി.ഉണ്ണികൃഷ്ണന്‍, ടാറ്റാ ടെറ്റ്ലി വര്‍ക്കേഴ്സ്‌ യൂണിയന്‍ പ്രസിഡന്റ്‌ എം.എം.രമേശ്‌, ബിഎംഎസ്‌ ജില്ലാ ഭാരവാഹികളായ കെ.എസ്‌.അനില്‍കുമാര്‍, കെ.വി.മധുകുമാര്‍, പി.എസ്‌.വേണുഗോപാല്‍, ഇ.കെ.കദീഷ്‌, വി.വി.പ്രകാശന്‍, പി.ബി.അജിത്ത്‌ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.