ഓണക്കാലത്ത്‌ മദ്യവില്‍പന കുറഞ്ഞു; രണ്ടു ശതമാനം

Wednesday 25 September 2013 9:32 pm IST

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ രണ്ടു ശതമാനത്തിന്റെ കുറവ്‌. ഇത്തവണ അത്തം മുതല്‍ അവിട്ടം വരെ 326 കോടിയുടെ മദ്യമാണ്‌ ബിവറേജസ്‌ കോര്‍പറേഷന്‍ വിറ്റത്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 333 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിയുന്ന ഉത്രാടദിവസം മദ്യവില്‍പനയില്‍ ഒമ്പത്‌ ശതമാനത്തിന്റെ കുറവുണ്ടായി.
ഇത്തവണ 38.61 കോടിയുടെ മദ്യമാണ്‌ ഉത്രാടത്തിന്‌ വിറ്റത്‌. 3.67 കോടിയുടെ കുറവാണ്‌ ഉത്രാട ദിനത്തില്‍ മാത്രമുണ്ടായത്‌. മുന്‍ വര്‍ഷങ്ങളില്‍ ഓണം വില്‍പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയുണ്ടായ സ്ഥാനത്താണ്‌ ഈ കുറവ്‌.
ഏപ്രില്‍ മുതല്‍ ആഗസ്റ്റ്‌ വരെയുള്ള മാസങ്ങളിലും മദ്യ വില്‍പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ച്‌ ശതമാനത്തിന്റെ കുറവാണുണ്ടായി. ബിവറേജസ്‌ കോര്‍പറേഷന്റെ മദ്യഷാപ്പുകള്‍ വഴി വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ മാത്രമാണിത്‌. ഈ സാമ്പത്തിക വര്‍ഷം ആകെയുള്ള മദ്യവില്‍പനയിലും അഞ്ച്‌ ശതമാനം കുറവുണ്ടായിട്ടുണ്ട്‌.
ബാറുകള്‍മുഖേനെ ചെലവായ മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 16 ശതമാനമായിരുന്നു വില്‍പനയിലുണ്ടായിരുന്ന വര്‍ധന. ഇത്‌ പിന്നീട്‌ 15 ആയും അഞ്ച്‌ ശതമാനമായും കുറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയില്‍ മൈനസ്‌ അഞ്ച്‌ എന്ന സ്ഥിതിയിലെത്തി. ഇപ്പോള്‍ ഓണം വിറ്റുവരവില്‍ കാര്യമായ കുറവാണുണ്ടായത്‌.
അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിവറേജസ്‌ കോര്‍പറേഷന്‍ വഴിയുള്ള മദ്യവില്‍പന ഗണ്യമായി വര്‍ധിച്ചിരുന്നു. 2012 ഏപ്രില്‍ മുതല്‍ 2013 ഫെബ്രുവരി വരെ 5,699.33 കോടി രൂപയുടെ മദ്യമാണ്‌ സംസ്ഥാനത്ത്‌ വിറ്റഴിച്ചത്‌. ഇക്കാലയളവില്‍ കണ്‍സ്യൂമര്‍ ഫെഡ്‌ മുഖേനെ 683.26 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഓണക്കാലത്ത്‌ ബിവറേജസ്‌ കോര്‍പറേഷന്റെ 10 ദിവസത്തെ വിറ്റുവരവില്‍ ഇക്കുറി ഏഴ്‌ കോടിയുടെ കുറവ്‌ വന്നിട്ടുണ്ട്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി മദ്യ ഉപഭോഗം കുറഞ്ഞുവരുന്ന സൂചനയാണ്‌ കാണുന്നതെന്ന്‌ എക്സൈസ്‌ മന്ത്രി കെ. ബാബു പറഞ്ഞു. ഔട്ലറ്റുകളില്‍ വികലാംഗര്‍ക്ക്‌ പ്രത്യേക കൗണ്ടര്‍ തുറന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്‌. അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ല.
എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട്‌, കൊച്ചി എന്നിവിടങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇത്‌ ഇവിടങ്ങളിലെ ഔട്ലറ്റുകള്‍ വിപുലീകരിച്ചായിരിക്കും.
ബിവറേജസ്‌ ഔട്ട്ലറ്റുകള്‍ക്ക്‌ മുന്നില്‍ സിസിടിവികള്‍ സ്ഥാപിച്ച്‌ മദ്യത്തിനെതിരായ ബോധവത്കരണ പരിപാടികള്‍ പ്രദര്‍ശിപ്പിക്കും. ബോധവത്കരണ പരിപാടികളുമായി മാധ്യമങ്ങള്‍ മുന്നോട്ടുവന്നത്‌ പ്രയോജനപ്പെട്ടിട്ടുണ്ട്‌.
ദേശീയപാതകളിലുള്ള ഔട്ട്ലറ്റുകള്‍ക്ക്‌ മുന്നിലുണ്ടാകുന്ന ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ നടപടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണനയിലാണ്‌. എന്നാല്‍ ഔട്ലറ്റുകള്‍ സ്ഥാപിക്കാന്‍ സ്ഥലം നല്‍കാന്‍ ആരും തയാറാകാത്ത സ്ഥിതിയാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.