വീണ്ടും ഒരു സ്വാതന്ത്ര്യദിന ചിന്ത

Monday 15 August 2011 12:05 am IST

ഇന്നേക്ക്‌ സ്വതന്ത്ര ഇന്ത്യക്ക്‌ വയസ്‌ 65 തികയുകയാണ്‌. 64 വര്‍ഷം മുമ്പ്‌ ലോകം ഉറങ്ങുമ്പോഴാണ്‌ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക്‌ ഉണര്‍ന്നത്‌. ഏറ്റവും ഒടുവിലത്തെ കാനേഷുമാരി അനുസരിച്ച്‌ ഇന്ത്യയിലെ ജനസംഖ്യ 125 കോടിയായി ഉയര്‍ന്നിരിക്കുന്നു. ഇതിലെ മഹാഭൂരിപക്ഷവും സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചവരാണ്‌. 2011 ആഗസ്റ്റ്‌ 15 ആകുമ്പോഴേക്കും ലോകത്തില്‍ വച്ച്‌ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യയെങ്കില്‍ പല കാര്യങ്ങളിലും സ്വതന്ത്രഇന്ത്യ ഒന്നാം സ്ഥാനത്താണ്‌. ദാരിദ്ര്യത്തിലും പകര്‍ച്ചവ്യാധിയിലും തൊഴിലില്ലായ്മയിലുമെല്ലാം മറ്റു രാജ്യങ്ങളെ പിന്നിലാക്കാന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ട്‌. അതിലേറ്റവും അപമാനകരമായി ഉയര്‍ന്നു നില്‍ക്കുന്നത്‌ അഴിമതിയാണ്‌. ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രീയ ഭരണ സാഹചര്യമാണ്‌ ഇന്ത്യയില്‍ ഇന്നുള്ളത്‌. അനേക വര്‍ഷം സ്വാതന്ത്ര്യത്തിനു വേണ്ടി അനവരതം പൊരുതിയ ചരിത്രവും സമരക്കാരനുഭവിച്ച ത്യാഗവും സ്മരണയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും മ്ലേച്ഛമായ രീതിയില്‍ അഴിമതി നടത്താന്‍ ഭരണക്കാര്‍ക്ക്‌ സാധിക്കുമായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണ സ്മരണകള്‍ പങ്കുവയ്ക്കാന്‍ തയ്യാറാകാത്തതിന്റെ തിക്തഫലം കൂടിയാണിത്‌. സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ സമരം സഹനമാര്‍ഗം മാത്രമായിരുന്നില്ല. ദീര്‍ഘമായ സമരത്തിന്‌ സംഘര്‍ഷങ്ങളും ജീവാഹുതികളും നിരവധിയാണ്‌. അതിന്ന്‌ അറിയാനാരും ആഗ്രഹിക്കുന്നില്ല. അറിയിക്കാനുള്ള പരിശ്രമവുമില്ല. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം അനായാസേന ലഭിച്ചതാണെന്നുള്ള ധാരണ അതു കൊണ്ടു തന്നെ പുതിയ തലമുറയില്‍ സൃഷ്ടിക്കപ്പെടുകയാണ്‌. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ യൂറോപ്യന്മാരും അതിനുശേഷം ബ്രിട്ടീഷുകാരും ഇന്ത്യ കയ്യടക്കി വച്ച്‌ ജനങ്ങളെ അടിമകളാക്കി ഭരണം നടത്തിയപ്പോള്‍ ഉണ്ടാക്കിയ ചരിത്രമാണ്‌ നമ്മുടെ പുതു തലമുറ പഠിച്ചിരിക്കുന്നത്‌. ഇന്ത്യയെ കീഴടക്കി ഭരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ അവര്‍ നിര്‍മിച്ച ചരിത്രം പഠിക്കുന്നവര്‍ക്ക്‌ മാതൃഭൂമിയോട്‌ എത്ര ബഹുമാനവും സ്നേഹവും ഉണ്ടാകുമെന്ന്‌ ഊഹിക്കാവുന്നതല്ലേയുള്ളൂ. സ്വാതന്ത്ര്യം ലഭിച്ച ശേഷവും നാം നമ്മുടെ പാഠ്യശൈലിയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ടാണ്‌ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച്‌ നമ്മുടെ തലമുറ അജ്ഞരായിത്തീര്‍ന്നത്‌. വിദേശികളെ ഇവിടെ നിന്നും തുരത്താന്‍ സ്വജീവന്‍ ആഹുതി ചെയ്ത ധീരദേശാഭിമാനികളെ വേണ്ടവിധം പരിചയപ്പെടുത്താന്‍ നമുക്കായിട്ടില്ല. ലാലാലജ്പത്‌റായ്‌, ബാലഗംഗാധരതിലകന്‍, ബങ്കിംചന്ദ്രചാറ്റര്‍ജി, അരവിന്ദഘോഷ്‌, രാമപ്രസാദ്‌ ബിസ്മില്‍, ചന്ദ്രശേഖര്‍ ആസാദ്‌, സുഭാഷ്‌ ചന്ദ്രബോസ്‌, ഭഗത്സിംഗ്‌, സുഖദേവ്‌, രാജഗുരു തുടങ്ങി അനേകം വീര ബലിദാനികളുടെ ത്യാഗസുരഭിലമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജീവാര്‍പ്പണത്തെ കുറിച്ചും നമുക്ക്‌ നാമമാത്രമായ അറിവുകളെ ഉള്ളൂ. നാം അറിഞ്ഞതും അറിയാത്തതുമായ അനേകം രക്തസാക്ഷികളുടെ സംഭാവന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ ഈ സമരങ്ങളിലുണ്ട്‌. ഈ ദേശഭക്തന്മാരുടെ ജീവചരിത്രം വേണ്ടുവണ്ണം സംരക്ഷിച്ച്‌ നമുക്കിടയില്‍ പ്രചരിപ്പിക്കാന്‍ ആരാണോ ശ്രദ്ധിക്കേണ്ടിയിരുന്നത്‌ അവര്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയിട്ടില്ലെന്നത്‌ ഗുരുതരമായ തെറ്റു തന്നെയാണ്‌. മഹാത്മാഗാന്ധിയുടെ സഹനസമരത്തോളം തന്നെയോ ഒരുപക്ഷേ അതിനെക്കാളുമൊക്കെയോ അഭിമാനപുരസ്സരം നാം എപ്പോഴും സ്മരിക്കേണ്ടതാണ്‌ മേല്‍പറഞ്ഞവരുടെ ചരിത്രവും. ഗാന്ധിജി നയിച്ച സഹനസമരത്തിന്റെ പോലും യഥാതഥമായ ചിത്രം നമ്മുടെ പക്കലുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സത്യധര്‍മാദികളെ മാത്രം ആയുധമാക്കി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തെ അടിയറ പറയിക്കാന്‍ മുന്നണിപ്പോരാളിയായ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി നാം ആദരിക്കുന്നു. എന്നാല്‍ വാള്‍ത്തല പോലെ മൂര്‍ച്ചയേറിയ സത്യത്തിന്റെ മാര്‍ഗത്തില്‍ കൂടി സഞ്ചരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ധാര്‍മികതയെ സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും ജനങ്ങളും ഒരു പോലെ മറന്നു. ഗാന്ധിജി സ്വപ്നം കാണുക മാത്രമല്ല ഭാവിയിലേക്ക്‌ വരച്ചു കാട്ടുകയും ചെയ്ത രാമരാജ്യം എന്ന സങ്കല്‍പം അഴിമതിക്കാരായ ഭരണാധികാരികളുടെ കരാളഹസ്തങ്ങളില്‍ പെട്ട്‌ തകര്‍ന്നിരിക്കുന്ന കാഴ്ചയാണ്‌ ഇന്നു കാണാനാവുക. ഓരോ സ്വാതന്ത്ര്യദിനാഘോഷവും കടന്നു പോകുമ്പോള്‍ നാം നമ്മുടെ പരമാധികാരവും സ്വാതന്ത്ര്യവും പൂര്‍ണമായും സംരക്ഷിക്കുമെന്ന്‌ ദൃഢപ്രതിജ്ഞയെടുക്കുന്നു. രാജ്യത്തെ അഴിമതിയും കള്ളത്തരങ്ങളും തുടച്ചു നീക്കി ജനങ്ങള്‍ക്ക്‌ ശാന്തിയും സമാധാനവും സംതൃപ്തിയുമേകുന്ന ഭരണം കാഴ്ചവയ്ക്കുമെന്ന്‌ ഭരണാധികാരികള്‍ വാഗ്ദാനം നല്‍കുന്നു. പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത സമത്വസുന്ദര ഭാരതം എന്ന സ്വപ്നം ഓരോ ആഗസ്റ്റ്‌ 15നും നമ്മള്‍ പുതുക്കുന്നു. എന്നാല്‍ 65 വയസ്‌ പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ നമ്മുടെ രാജ്യം ലക്ഷങ്ങളുടെ കുംഭകോണത്തില്‍ നിന്നും ലക്ഷം കോടികളുടെ കുംഭകോണത്തിലേക്ക്‌ ഉയര്‍ന്നിരിക്കുകയാണ്‌. പാവപ്പെട്ടവന്റെ നികുതിപ്പണം കൊള്ളയടിക്കുന്ന ഭരണാധികാരികളുടെ ഇന്ത്യയായി നമ്മുടെ മാതൃരാജ്യം മാറിയിരിക്കുകയാണ്‌. നമ്മുടെ പാരമ്പര്യത്തെയും മഹത്തായ പൈതൃകത്തെയും മുന്‍നിര്‍ത്തി സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ യഥാര്‍ഥ ചിത്രം വരും തലമുറകളെയെങ്കിലും പഠിപ്പിച്ചാല്‍ മാത്രമേ നമ്മുടെ രാജ്യം അതിന്റെ പൂര്‍വപുണ്യത്തിലേക്ക്‌ മടങ്ങുകയുള്ളൂ എന്ന്‌ നിശ്ചയമാണ്‌. സ്വാതന്ത്ര്യവും ജനാധിപത്യവും നമുക്ക്‌ പ്രാണനെ പോലെ പ്രിയപ്പെട്ടതാണ്‌. പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ ഭയാനകമെന്ന്‌ പണ്ടേ നാം പഠിച്ചിട്ടുണ്ട്‌. അത്‌ പകര്‍ന്ന്‌ നല്‍കാനുള്ള കരുത്ത്‌ നേടുകയാണ്‌ ഇന്നത്തെ ആവശ്യം. അതിനുള്ള പ്രതിജ്ഞയെടുക്കലാകട്ടെ ഈ സ്വാതന്ത്ര്യദിനത്തിലെ പ്രഥമ കടമ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.