ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം - ബി.ജെ.പി

Tuesday 16 August 2011 3:22 pm IST

ന്യൂദല്‍ഹി: ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. സമരം ചെയ്യാനുള്ള ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബി.ജെ.പി. വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ പലയിടത്തും വന്‍ പ്രതിഷേധംന്‍ ഉയരുകയാണ്. അദ്ദേഹത്തിന്റെ അനുയായികള്‍ ദല്‍ഹി നോയിഡ റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് തിരക്കേറിയ പ്രധാന റോഡുകളിലെല്ലാം ഗതാഗതം തസപ്പെട്ടിരിക്കുകയാണ്. വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ബാബ രാംദേവിനെതിരേ പൊലീസ് നടത്തിയ തന്ത്രം തന്നെയാണു ഹസാരെയുടെ കാര്യത്തിലും ഉണ്ടാകുന്നതെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഹസാരെയെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഹസാരെയെ മഹരാഷ്ട്രയിലേക്കു തന്നെ തിരിച്ചയയ്ക്കുമെന്നാണു സൂചന. രാജ്യത്ത് മറ്റൊരു അടിയന്തരാവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ പോകുന്നതെന്ന് അറസ്റ്റിനിടെ കിരണ്‍ ബേദി പറഞ്ഞു. അറസ്റ്റ് ചെയ്താലും നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്നുമെന്നും അവര്‍ പറഞ്ഞു. അറസ്റ്റിനെതിരെ ഇന്ന് തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രശാന്ത് ഭൂഷനും പറഞ്ഞു. അതേസമയം വിഷയം ചര്‍ച്ച ചെയ്യാനായി കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.