റഷ്യയില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

Tuesday 16 August 2011 10:43 am IST

റാസ്റ്റിവോ ഒന്‍ ഡണ്‍: റഷ്യയിലെ നോര്‍ത്ത്‌ കോക്കസില്‍ ഗോത്രമേഖലയില്‍ വിമതപോരാളികള്‍ നടത്തിയ ആക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ദട്ടിക്ക്‌ ഗ്രാമത്തിന്‌ സമീപമായിരുന്നു ആക്രമണമെന്ന്‌ ഇംഗുഷേതിയ പ്രവിശ്യയിലെ ആഭ്യന്തരമന്ത്രാലയ പ്രതിനിധി മദീന ഖാദത്‌സിയേവ പറഞ്ഞു. ചെച്‌നിയന്‍ അതിര്‍ത്തിക്ക്‌ സമീപം വനമേഖലയിലൂടെ കടന്നുപോകുകയായിരുന്ന സൈനികവാഹന വ്യൂഹത്തിന്‌ നേരെ തീവ്രവാദികള്‍ പതിയിരുന്ന്‌ ആക്രമണം നടത്തുകയായിരുന്നു. ചെച്‌നിയയില്‍ ഈയടുത്ത്‌ നടന്ന രണ്ടു പോരാട്ടത്തിലൂടെ മുസ്‌ലിം തീവ്രവാദം നോര്‍ത്ത്‌ കോക്കസില്‍ ശക്തിപ്രാപിച്ചിട്ടുണ്ടെന്നും ആക്രമണങ്ങള്‍ വ്യാപിക്കുകയുമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇംഗുഷേതിയ പ്രവിശ്യയില്‍ ഏറെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ ആക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നും സൂചനയുണ്ട്‌.