21 മന്ത്‌സ് ഓഫ് ഹെല്‍ '; യദു വിജയകൃഷ്ണന് പിന്തുണയുമായി കുമ്മനം രാജശേഖരന്‍

Friday 5 January 2018 8:20 pm IST

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസമായ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ചു യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ' 21 മന്ത്‌സ് ഓഫ് ഹെല്‍ ' എന്ന ഡോക്യുമെന്ററി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അടിയന്തിരാവസ്ഥയെ ധീരമായി നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പറ്റിയാണ് ഡോക്യുമെന്ററി എന്നത് മാത്രമാണ് ഇതിന് അനുമതി നിഷേധിക്കാനുള്ള കാരണം.

ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ച പോലെ അടിയന്തരാവസ്ഥയില്‍ അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. ആര്‍എസ്എസിനെ നായക സ്ഥാനത്ത് നിര്‍ത്തുന്ന ഡോക്യുമെന്ററിക്ക് അനുമതി നല്‍കാനാവില്ലെന്നാണ് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് ഡയറക്ടറുടെയും ചില അംഗങ്ങളുടേയും നിലപാട്. മോദിക്കാലത്ത് ആര്‍എസ്എസിനെ എതിര്‍ക്കുന്നവരെയെല്ലാം നിശബ്ദരാക്കുന്നു എന്ന പ്രചരണത്തിനിടെയാണ് ഇതെന്നതാണ് കൗതുകകരം. യദു വിജയകൃഷ്ണനെ പിന്തുണയ്ക്കാന്‍ അസഹിഷ്ണുതാവാദികള്‍ ആരും തന്നെ രംഗത്തെത്താഞ്ഞത് ആര്‍എസ്എസിനെ അനുകൂലിച്ചു എന്ന ഒറ്റക്കാരണം കൊണ്ടെന്ന് വ്യക്തം.

അടിയന്തിരാവസ്ഥ എന്ന ഇരുളില്‍ അകപ്പെട്ട ഭാരതത്തെ ജനാധിപത്യത്തിന്റെ ജ്യോതിസ്സിലേക്ക് നയിച്ചത് ആര്‍എസ്എസ് ആണെന്ന് സാമൂഹ്യ ബോധമുള്ള ആര്‍ക്കും അറിയുന്ന കാര്യമാണ്. ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബലിദാനികളായി. പതിനായിരങ്ങള്‍ ഇന്നും ജീവച്ഛവമായി ജീവിക്കുന്നു. സെന്‍സര്‍ ബോര്‍ഡിലിരുന്നു തിട്ടൂരങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്ക് ഇതേപ്പറ്റി അറിയില്ലെന്ന് കരുതാനാവില്ല.

ചരിത്രത്തില്‍ ഒരിടത്തും ആര്‍എസ്എസ് എന്ന പേരു പോലും രേഖപ്പെടുത്തരുതെന്ന അസഹിഷ്ണുത മാത്രമാണ് ഇതിന് പിന്നില്‍. എന്തു കൊണ്ട് അനുമതി നിഷേധിച്ചു എന്ന സംവിധായകന്റെ ന്യായമായ ചോദ്യത്തോട് പോലും ഇതുവരെ അധികാരികള്‍ പ്രതികരിച്ചിട്ടില്ല. കാരണം കാണിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഇതുവരെ യദുവിന് കിട്ടിയിട്ടില്ല. ഇതാണ് ഫാസിസം, ഇതാണ് അസഹിഷ്ണുത. ഫാസിസത്തിനെതിരായ യദുവിന്റെ പോരാട്ടത്തിന് ബിജെപി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി എന്ന കാരണത്താലാണ് ഇതിന് അനുമതി നിഷേധിക്കപ്പെട്ടതെങ്കില്‍ എന്താകുമായിരുന്നു പുകില്‍ എന്ന് ആലോചിക്കണം. അസഹിഷ്ണുത എന്നത് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം പ്രയോഗിക്കാനുള്ള ആയുധമാണെന്ന് മൗനത്തിലൂടെ മാധ്യമങ്ങളും സമ്മതിക്കുകയാണ്. സെലക്ടീവ് അസഹിഷ്ണുതാവാദികളാണ് കേരളത്തിലുള്ളത്. അവരുടെ ദൃഷ്ടിയില്‍ പെടണമെങ്കില്‍ രാജ്യദ്രോഹികളോ ആര്‍എസ്എസ് വിരുദ്ധരോ ആകണമെന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.