കോയമ്പത്തൂരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

Friday 27 September 2013 10:45 am IST

കാഞ്ഞങ്ങാട്‌: കോയമ്പത്തൂരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞങ്ങാട്‌ ചിത്താരി ചേറ്റുകുണ്ട്‌ സ്വദേശികളായ യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബേക്കലില്‍ ജിംനേഷ്യം പരിശീലകനായ ഷെയ്ഖ്‌ ഷാസ്‌(26), കപ്പല്‍ ജോലിക്കാരന്‍ ഷെയ്ഖ്‌ അനീസ്‌(25) എന്നിവരാണു മരിച്ചത്‌. ഷുഹൈബാണ് (24) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മേട്ടുപ്പാളയത്തു വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ഇവര്‍ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചു കൊക്കയിലേക്കു മറിയുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണവും മറ്റേയാള്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണു മരിച്ചത്‌. കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റോഡ് വ്യക്തമാകാത്തതാണ് അപകടത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുടുംബക്കാരോടൊപ്പം ഉല്ലാസ യാത്രപോയതായിരുന്നു യുവാക്കള്‍. മറ്റ് രണ്ടു വാഹനങ്ങളിലായി ഇവരുടെ ബന്ധുക്കള്‍ ഉണ്ടായിരുന്നു. ഈ വാഹനങ്ങളുടെ പിന്നിലായാണ് അപകടത്തില്‍ പെട്ട കാര്‍ സഞ്ചരിച്ചിരുന്നത്. ഇവരെ കാണാതായതിനെ തുട‌ര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ തിരിച്ചുവന്ന് നടത്തിയ തിരച്ചിലിലാണ് അപകടം സംഭവിച്ച വിവരം അറിയുന്നത്. അപ്പോഴേക്കും അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.