വിസ്മൃതിയിലാകുന്ന കൈവിരുതുകള്‍

Friday 27 September 2013 8:34 pm IST

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗ്രാമീണ സ്ത്രീകള്‍ പരമ്പരാഗതമായി ചെയ്തിരുന്ന ജോലികള്‍ നാടുനീങ്ങുന്നു. കുട്ടനെയ്ത്ത്‌, പായ്നെയ്ത്ത്‌, ഓലമെടയല്‍, തുടങ്ങിയ പരമ്പരാഗത തൊഴിലുകള്‍ കൈവെടിഞ്ഞ്‌ നാഗരികതയിലെ വൈറ്റ്‌ കോളര്‍ ജോലി നോക്കിപോകുമ്പോള്‍ പരമ്പരാഗത തൊഴിലും നാടന്‍ ജീവിത രീതികളും തീര്‍ത്തും തഴയപ്പെട്ടു. പണ്ട്‌ പരമ്പരാഗത തൊഴിലുകളെ ആശ്രയിച്ചായിരുന്നു പല സ്ത്രീകളും കുടുംബം പുലര്‍ത്തിയിരുന്നത്‌. എന്നാല്‍ ഇന്ന്‌ ഇത്തരം തൊഴിലുകള്‍ പിന്നാമ്പുറത്തെക്ക്‌ മാറിക്കഴിഞ്ഞു. കാര്‍ഷിക ജോലികള്‍ക്ക്‌ പുറമെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ കുത്തകയായി കൊണ്ടുനടന്ന തൊഴിലുകളില്‍ പ്രധാനമായിരുന്നു പായ്‌, പൂക്കൂടകള്‍, വട്ടികള്‍ എന്നിവയുടെ നിര്‍മ്മാണം. കേവല ഉപജീവനത്തിനുള്ള മാര്‍ഗ്ഗം എന്നതിനപ്പുറം കലാപരമായ ആവിഷ്ക്കാരം കൂടിയായിരുന്നു അവര്‍ക്ക്‌ ഇത്തരം ജോലികള്‍. മെയ്യും മനവും സമര്‍പ്പിച്ച്‌ രാവെളുക്കുവോളമിരുന്നായിരുന്നു പലപ്പോഴും പണി തീര്‍ക്കുന്നത്‌.
കൈതോലയില്‍ കരവിരുത്‌ തെളിയിച്ച്‌ നിര്‍മ്മിച്ച ഉല്‍പന്നങ്ങളായിരുന്നു ഇതില്‍ ശ്രദ്ധേയമായിരുന്നത്‌. ഇത്തരത്തിലുള്ള പല ഉല്‍പന്നങ്ങളും ഇന്ന്‌ വിസ്മൃതിയിലേക്ക്‌ മാഞ്ഞു. സ്ത്രീകള്‍ മാത്രമായിരുന്നു ഇത്തരം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ ചുക്കാന്‍ പിടിച്ചിരുന്നതും. എന്നാല്‍ ഇവര്‍ ഈ മേഖലയില്‍ നിന്ന്‌ വിട്ടുപോയതോടെയാണ്‌ പരമ്പരാഗത തൊഴിലുകള്‍ നമ്മള്‍ക്ക്‌ അന്യമായത്‌. ഈ വിടവിലേക്ക്‌ പാരിസ്ഥിതിക വ്യവസ്ഥ അപ്പാടെ തകര്‍ക്കുന്ന പ്ലാസ്റ്റിക്‌ ബാഗുകള്‍ കടന്നുകയറുകയും ചെയ്തു.
നാട്ടിന്‍ പുറങ്ങളിലെ പാടങ്ങളിലും അതിരുകളിലും തോടുകളുടെ ഇരുവശങ്ങളിലുമായി തഴച്ചുവളര്‍ന്നിരുന്ന കൈതകളും ഇന്ന്‌ അപ്രത്യക്ഷമായി. ഒരു പ്രദേശത്ത്‌ കൂട്ടമായിരുന്നു നാട്ടുകാര്യവും വീട്ടുകാര്യവും ചര്‍ച്ച ചെയ്ത്‌ ആയാസമില്ലാതെ വളരെ ലളിതമായി ചെയ്തിരുന്ന ജോലിയായിരുന്നു താഴപ്പായ നിര്‍മ്മാണം. കൈതോല മുറിച്ചെടുത്തു ഒരിടത്ത്‌ കൂട്ടിവെയ്ക്കും. വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം വെയിലിന്റെ കാഠിന്യം കുറയുമ്പോള്‍ ഓലയുടെ ഇരുവശത്തുമുള്ള മുള്ള്‌ പോന്തി കളയുന്നു(മുള്ള്‌ കളയുന്നതിനെ ഇവര്‍ പോന്തുക എന്നാണ്‌ ഇവര്‍ വിശേഷിപ്പിക്കുന്നത്‌) പിന്നിട്‌ വെയിലത്ത്‌ വെച്ച്‌ വാട്ടിയതിന്‌ ശേഷം റൗണ്ടില്‍ (മടികളാക്കി) ചുറ്റിയെടുക്കും പിന്നിട്‌ വെയിലത്തും പുകയത്തും ഇട്ട്‌ നന്നായി ഉണക്കിയെടുത്ത ശേഷമാണ്‌ നെയ്യുന്നത്‌. ഇതിനെ പോളി എന്നാണ്‌ പറയുന്നത്‌. മൂന്ന്‌ ദിവസങ്ങള്‍ മാത്രമാണ്‌ ഇത്തരം പ്രക്രിയയ്ക്ക്‌ വേണ്ടിയിരുന്നത്‌.
പ്രധാനമായും പോളികൊണ്ട്‌ കിടക്കപ്പായ, മെത്തപ്പായ, ചിക്കുപായ, പൂക്കൂട, ബാഗുകള്‍, സഞ്ചികള്‍ തുടങ്ങിയവയാണ്‌ ഉണ്ടാക്കിയിരുന്നത്‌. ഇതെല്ലാം നിര്‍മ്മിക്കാനും ചന്തകളിലും വീടുകളിലും നടന്ന്‌ വില്‍ക്കാനും സ്ത്രീകള്‍ തന്നെയാണ്‌ മുന്‍നിരയില്‍ നിന്നിരുന്നത്‌. തഴ ഉല്‍പന്നങ്ങള്‍ക്ക്‌ പണ്ട്‌ ആവശ്യക്കാര്‍ ഏറെയായിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും ഇത്‌ വാങ്ങുവാന്‍ ആവശ്യക്കാരെത്തുമായിരുന്നു. ഉത്സവപറമ്പിലും പണ്ടെത്തെ അങ്ങാടികളിലും മറ്റും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരുന്നതും ഇത്തരം ഉല്‍പന്നങ്ങളായിരുന്നു.
നാലടി വീതിയിലും ആറടി നീളത്തിലുമാണ്‌ കിടക്കപ്പായകള്‍ നിര്‍മ്മിച്ചിരുന്നതെന്ന്‌ കിടക്കപായ നിര്‍മ്മാണ തൊഴിലാളിയായി കൊച്ചുപാറു പറയുന്നു. പണ്ട്കാലത്ത്‌ കിടക്കകളും കട്ടിലും ഇല്ലാത്തതിനാല്‍ ആളുകള്‍ തഴപായാണ്‌ കിടക്കാനും മറ്റും ഉപയോഗിച്ചിരുന്നത്‌. മുമ്പ്‌ വില കുറവായിരുന്ന പായയ്ക്ക്‌ ഇപ്പോള്‍ കിട്ടാനില്ലാത്തതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്‌. ഒരു പായ്ക്ക്‌ 200 രൂപയാണ്‌ ഇപ്പോഴത്തെ വില. ഇതിന്റെ നിര്‍മ്മാണത്തിന്‌ ചെറിയ ബുദ്ധിമുട്ട്‌ ഉണ്ടെങ്കിലും കൂട്ടംകൂടിയിരുന്ന്‌ ഇത്‌ ചെയ്യുന്നത്‌ ഒരു രസകരമായ ജോലിയായിരുന്നെന്ന്‌ പണ്ടെത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ ഇവര്‍ പറഞ്ഞു. ഒരു ദിവസം തന്നെ രണ്ടും, മൂന്നും പായകള്‍ നെയ്യുന്നവരുണ്ടായിരുന്നു.
ചിക്കുപായ പാടശേഖരങ്ങളില്‍ കൊയ്ത്ത്‌ മെതിച്ചെടുക്കുവാനും പൊലി കൂട്ടിയിടുന്നതിനുമാണ്‌ ഉപയോഗിച്ചിരുന്നത്‌. കൃഷിയിറക്ക്‌ വേളകളില്‍ തലച്ചുമടായി വിത്ത്‌ കൊണ്ടുപോയി വിതയ്ക്കുന്നതിന്‌ വീതവട്ടികളും, ക്ഷേത്രത്തില്‍ പൂക്കള്‍ കൊണ്ടുപോകുന്നതിനായ്‌ പൂക്കൂടയും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം ഓര്‍മയായി മാറി. കൈതോല ഉല്‍പന്നങ്ങള്‍ക്ക്‌ ആ കാലഘട്ടത്തില്‍ തുച്ഛമായ വേതനമാണ്‌ ലഭിച്ചിരുന്നത്‌. ഇതാണ്‌ ഇവര്‍ പിന്തിരിയാന്‍ പ്രധാനകാരണമായത്‌.
കൈത്തൊഴില്‍ തലമുറകള്‍ കൈമാറിയാണ്‌ വന്നിരുന്നത്‌. എന്നാല്‍ പുതിയ തലമുറയ്ക്ക്‌ ഇത്തരം തൊഴിലിനോട്‌ താല്‍പര്യം കുറഞ്ഞതോടെ ഇത്‌ അന്യം നിന്നുപോവുകയാണ്‌. ഇങ്ങനെയാണ്‌ ഭൂരിപക്ഷം സ്ത്രീകളും ജോലികള്‍ പഠിച്ചതെന്ന്‌ പാറുകുട്ടിയമ്മ പറയുന്നു.
കൈതോലയില്‍ നിര്‍മ്മിക്കുന്ന പായില്‍ കിടക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണെന്ന്‌ പഴമക്കാരും ആയുര്‍വേദവും പറയുന്നു. നടുവേദനയുള്ളവര്‍ പായില്‍ കിടന്നാല്‍ വേദന മാറുമത്രേ. ചാണകം മെഴുകിയ നിലത്തിന്റെയും തഴപ്പായയുടെയും ഗന്ധമാസ്വദിച്ച്‌ റാന്തല്‍ തിരി താഴ്ത്തി ഉറങ്ങാന്‍ കിടക്കുന്നതിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മ പങ്കു വയ്ക്കുന്ന ചിലരെങ്കിലും നമുക്ക്‌ മുന്നിലുണ്ട്‌. അടുത്ത തലമുറയില്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷ പോലും അസ്തമിച്ചുകഴിഞ്ഞു.
കെ.പി.അനിജാമോള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.