സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിലെ ടോള്‍ പിരിവ്‌ അവസാനിപ്പിക്കണം

Friday 27 September 2013 9:22 pm IST

തൃപ്പൂണിത്തുറ: സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിലെ ചിത്രപ്പുഴ പാലത്തിന്റെയും എസ്‌എന്‍ ജംഗ്ഷന്‍, ഇരുമ്പനം റെയില്‍വേ മേല്‍പ്പാലത്തിന്റെയും ടോള്‍ പിരിവ്‌ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന്‌ തൃപ്പൂണിത്തുറ രാജനഗരി യൂണിയന്‍ ഓഫ്‌ റെസിഡന്റ്സ്‌ അസോസിയേഷന്‍ (ട്രുറ) ആവശ്യപ്പെട്ടു. ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയുടെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മേല്‍പ്പാലങ്ങളില്‍ യൂസര്‍ ഫീ പിരിക്കുന്നതില്‍ ഗുരുതര ക്രമക്കേടും അഴിമതിയും നടക്കുന്നതായി ട്രുറ ചെയര്‍മാന്‍ വി.പി.പ്രസാദും കണ്‍വീനര്‍ വി.സി.ജയേന്ദ്രനും പറഞ്ഞു.
റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജസ്‌ ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ കേരള (ആര്‍ബിഡിസികെ)യാണ്‌ മേല്‍പ്പാലങ്ങളില്‍ കരാറുകാരനെ വച്ച്‌ യൂസര്‍ ഫീ പിരിക്കുന്നത്‌. വിവരാവകാശരേഖ പ്രകാരം ഇതിനകം ഇരുപത്‌ കോടി നാല്‍പ്പത്തിയൊമ്പത്‌ ലക്ഷത്തി പതിനായിരം രൂപ യൂസര്‍ ഫീ ഇനത്തില്‍ ആര്‍ബിഡിസികെ പിരിച്ചെടുത്തിട്ടുണ്ട്‌. 2007 മെയ്‌ 16 മുതല്‍ 2010 മെയ്‌ 15 വരെ ഒറ്റ പാക്കേജായിട്ടാണ്‌ ടോള്‍ പിരിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴും ടോള്‍ പിരിവ്‌ തുടരുകയാണ്‌. വാഹനങ്ങളുടെ എണ്ണം പെരുകുമ്പോള്‍ ടോള്‍ വരുമാനം കുറയുന്നതായി വിവരാവകാശരേഖ പറയുന്നു. 2007-10 വരെ ടോള്‍ വരുമാനം ഒമ്പത്‌ കോടി ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്‌ രൂപയായിരുന്നത്‌ 2010-11ല്‍ മൂന്ന്‌ കോടി മുപ്പത്തിയാറ്‌ ലക്ഷത്തി അറുപതിനായിരത്തി ഒമ്പത്‌ രൂപയായി വര്‍ധിച്ചിരുന്നു.
എന്നാല്‍ 2011-12ല്‍ ഇത്‌ രണ്ട്‌ കോടി എഴുപത്തിയൊന്ന്‌ ലക്ഷമായും 2012-13ല്‍ രണ്ട്‌ കോടി അറുപത്തിരണ്ട്‌ ലക്ഷത്തി ഇരുപതിനായിരം രൂപയായി കുറയുകയാണുണ്ടായിട്ടുള്ളത്‌. വാഹനങ്ങളുടെ എണ്ണം പെരുകുമ്പോള്‍ ആര്‍ബിഡിസികെയുടെ ടോള്‍ വരുമാനം കുറയുന്നത്‌ ദുരൂഹമാണ്‌. മാത്രമല്ല കഴിഞ്ഞ രണ്ടുവര്‍ഷവും മുന്‍വര്‍ഷത്തേക്കാള്‍ വരുമാനം കുറഞ്ഞിട്ടും ഒരേ കരാറുകാരനെ തന്നെയാണ്‌ ടോള്‍ പിരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ എന്നതും സംശയം ജനിപ്പിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. അനന്തമായി ടോള്‍ പിരിവ്‌ നീളുമ്പോഴും മേല്‍പ്പാലങ്ങള്‍ക്ക്‌ ടോള്‍ പിരിക്കുന്നതിന്‌ അടിസ്ഥാനമാക്കിയിട്ടുള്ള നിര്‍മ്മാണച്ചെലവ്‌ എത്രയെന്ന്‌ പരസ്യപ്പെടുത്തുവാന്‍ റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജസ്‌ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ലെന്നതും ദുരൂഹതയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.