ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം

Saturday 28 September 2013 9:51 pm IST

ശ്രീനഗര്‍: ശ്രീനഗറില്‍ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ വീണ്ടും ഭീകരാക്രമണം.നഗരത്തിനു പുറത്ത്‌ സനത്ത്‌ നഗര്‍-ഹൈദര്‍ പോറ ബൈപാസ്‌ റോഡിലാണ്‌ സുക്ഷാ സേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്‌. സംഭവത്തില്‍ ഒരു സിവിലിയന്‌ പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ടു ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്‌.
അധികം അറിയപ്പെടാത്ത ശുഹാദ ബ്രിഗേഡ്‌ എന്ന സംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രംഗത്തുവന്നിട്ടുണ്ട്‌. ലഷ്കറെ തോയ്ബയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്‌. തങ്ങളുടെ രണ്ട്‌ ചാവേറുകളാണ്‌ വെടിവെപ്പ്‌ നടത്തിയതെന്ന്‌ സംഘടനാ വക്താവെന്ന്‌ അവകാശപ്പെട്ട ഷംസുല്‍ ഹഖ്‌ എന്നയാള്‍ അവകാശപ്പെട്ടു. വ്യാഴാഴ്ച ജമ്മുവില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും ഈ സംഘടന ഏറ്റെടുത്തിട്ടുണ്ട്‌.
അതേസമയം, വ്യാഴാഴ്ചത്തെ ഭീകരാക്രമണത്തെ നേരിടുന്നതില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി ഉന്നത സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നു.രാവിലെ 6.50 ന്‌ ഹീരാനഗര്‍ പോലീസ്‌ സ്റ്റേഷനില്‍ ആക്രമണം നടത്തി അഞ്ചു പോലീസുകാരെ കൊലപ്പടുത്തിയ സംഘം പിന്നീട്‌ അരമണിക്കൂറിനു ശേഷമാണ്‌ സാംബായിലെ സൈനിക ക്യാംപിനു നേരെ ആക്രമണം നടത്തിയത്‌.
ജമ്മു-പത്താന്‍കോട്ട്‌ ഹൈവേയിലൂടെ ഈ സമയം ഒരു ട്രക്കിലാണ്‌ ഭീകരര്‍ സഞ്ചരിച്ചിരുന്നത്‌. എന്നിട്ടും ഇവരെ കണ്ടെത്താനോ മുന്‍ കരുതല്‍ നടപടികള്‍ എടുക്കാനോ കഴിയാതെ പോയത്‌ ഗുരുതരമായ വീഴ്ചയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ആക്രമണകാരികളില്‍ നിന്ന്‌ പിടിച്ചെടുത്ത ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിര്‍മ്മിച്ചവയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.