ലീഗ്‌ പിടിമുറുക്കുന്നു

Sunday 29 September 2013 1:30 pm IST

കോഴിക്കോട്‌: സമ്മര്‍ദ്ദ തന്ത്രവുമായി മുസ്ലിം ലീഗ്‌ സോണിയയുടെ മുന്നിലേക്ക്‌. ഇന്ന്‌ തിരുവനന്തപുരത്തെത്തുന്ന സോണിയയെക്കണ്ട്‌ ആവശ്യങ്ങള്‍ സമര്‍പ്പിക്കാനാണ്‌ ലീഗ്‌ ഒരുമ്പെടുന്നത്‌. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയസെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌ എന്നിവരാണ്‌ സോണിയയെ സന്ദര്‍ശിക്കുന്നത്‌.
മൂന്നാം ലോക്സഭാ സീറ്റ്‌ എന്ന ആവശ്യം നേടിയെടുക്കാനാണ്‌ ലീഗ്‌ ശ്രമം. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും ചില ഘടകക്ഷിനേതാക്കളുടെയും പിന്തുണകൂടി ലീഗ്‌ നേതാക്കള്‍ ഇതിന്‌ ഉറപ്പാക്കിയിട്ടുണ്ട്‌. ലോക്സഭാതെരഞ്ഞെടുപ്പില്‍ നേരത്തെതന്നെ ഒരുക്കം തുടങ്ങുകയെന്നതായിരുന്നു ആദ്യതന്ത്രം. ഇതിന്റെ ഭാഗമായി ലോക്സഭാ മണ്ഡലങ്ങളില്‍ സ്പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ പുതിയ അവകാശവാദം ഉറപ്പിക്കുകയായിരുന്നു ഇതിലൂടെചെയ്തത്‌.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ്‌ വിജയത്തിന്റെ പിന്നില്‍ ലീഗിന്റെ ശക്തിയാണെന്നായിരുന്നു സ്പെഷ്യല്‍ കണ്‍വെന്‍ഷനുകളില്‍ മുഴങ്ങിയത്‌. പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും അടക്കമുള്ള നേതാക്കള്‍ ഈ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചു. മലബാറില്‍ കോണ്‍ഗ്രസ്‌ വിജയിച്ചിടങ്ങളിലെല്ലാം ഉയര്‍ന്നത്‌ ലീഗിന്റെ കൊടിയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദം. കോണ്‍ഗ്രസ്‌ ഉറക്കത്തിലാണെന്നും മുസ്ലിംലീഗിന്‌ ഉറങ്ങാനാവില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌. തിരൂരങ്ങാടിയില്‍ എ.കെ.ആന്റണി ജയിച്ചതിന്‌ പിന്നില്‍ ആന്റണിയുടെ സമുദായക്കാര്‍ ആയിരുന്നില്ലെന്നും കെ.പി.എ മജീദ്‌ ഓര്‍മ്മപ്പെടുത്തി.
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ലീഗിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്‌. സി.കെ.ജി അനുസ്മരണ പ്രസംഗത്തില്‍ മുസ്ലിംലീഗ്‌ കോണ്‍ഗ്രസിന്‌ ബാധ്യതയായിക്കഴിഞ്ഞുവെന്ന്‌ രമേശ്‌ ചെന്നിത്തല ആക്ഷേപിച്ചിരുന്നു. കെ.മുരളീധരനും ആര്യാടനും കടുത്ത ഭാഷയില്‍ ലീഗിനെ വിമര്‍ശിച്ചു. ഈ വിമര്‍ശനങ്ങളില്‍ ഹൈക്കമാന്റ്‌ഇടപെടണമെന്ന്‌ ലീഗ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്‌ അവസരം ലഭിക്കാത്തതിനാല്‍ ലീഗ്‌ നേതാക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ്‌ യുഡിഎഫ്‌ ഇല്ലെങ്കിലും ഒറ്റയ്ക്ക്‌ പോകും എന്ന ഭീഷണി വരെ മുസ്ലീം ലീഗ്‌ ഉയര്‍ത്തിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ്‌ മണ്ഡലം കണ്‍വെന്‍ഷനുകള്‍ ആരംഭിക്കുകയുംചെയ്തു.
വയനാട്‌ സീറ്റിലാണ്‌ മുസ്ലിം ലീഗിന്റെ കണ്ണ്‌. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ ദൃശ്യമാധ്യമങ്ങളോട്‌ ഇത്‌ വ്യക്തമാക്കുകയും ചെയ്തു. മുക്കത്ത്‌ നടന്ന വയനാട്‌ മണ്ഡലം കണ്‍വെന്‍ഷന്‍ ലീഗ്‌ നേതൃത്വം പ്രത്യേകശ്രദ്ധകൊടുത്ത്‌ വന്‍ വിജയമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കും സംഘടനാദൗര്‍ബല്യങ്ങളും മുസ്ലിം ലീഗിന്റെ ആവശ്യങ്ങളും സോണിയയുടെ മുന്നില്‍ നിരത്താനാണ്‌ ലീഗിന്റെ നീക്കം. കേരളത്തില്‍ യുഡിഎഫിന്‌ വിജയിക്കണമെങ്കില്‍ ലീഗില്ലാതെ കഴിയില്ലെന്ന വാദമാണ്‌ നേതാക്കള്‍ ഉന്നയിക്കുക. കോണ്‍ഗ്രസ്‌ നേതാക്കളില്‍ ചിലരുടെ പിന്തുണയോടെ മൂന്നാം സീറ്റ്‌ എളുപ്പം നേടിയെടുക്കാമെന്നാണ്‌ ലീഗ്‌ കണക്ക്‌ കൂട്ടുന്നത്‌.
എം.ബാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.