പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ മാര്‍ച്ച് 31 വരെ നീട്ടും

Tuesday 16 August 2011 4:50 pm IST

തിരുവനന്തപുരം: കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകള്‍ അടുത്ത മാര്‍ച്ച് 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ പി.എസ്.സിയോട് ശുപാര്‍ശ ചെയ്തു. ചെങ്ങറ പാക്കേജ് അനുസരിച്ച് ആയിരം പേര്‍ക്ക് കൂടി 25 സെന്റ് ഭൂമി വീതം അനുവദിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കാസര്‍കോട് നിസാര്‍ കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന അറിയിപ്പ് കമ്മിഷന് സമയമാകുമ്പോള്‍ കിട്ടുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ തീയതി എകീകരിച്ചതുമൂലം ഒഴിവുകള്‍ മാര്‍ച്ച് 31ന് മാത്രം ഉണ്ടാകുന്നതുകൊണ്ടാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി അതുവരെ നീട്ടാ‍ന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ചെങ്ങറയില്‍ പുതുതായി ഭൂമി അനുവദിക്കുന്നതിന് പുറമേ ഇപ്പോള്‍ ഭൂ‍മി കിട്ടിയ 1455 പേര്‍ക്ക് വീട് വയ്ക്കാനുള്ള ധനസഹായവും വൈദ്യുതി, വെള്ളം, റോഡ് എന്നിവയും ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരുന്നുകളുടെ വില തോന്നിയതുപോലെ ഉയരുന്നത് തടയാന്‍ അടുത്ത മാസം നാലിന് മരുന്ന് കമ്പനികളുടെ യോഗം സര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കും. ബധിരരും മൂകരും അന്ധരുമായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ കിട്ടേണ്ട 1158 തസ്തികകളിലേക്ക് നിയമനം നടത്താന്‍ ഉടന്‍ നടപടി എടുക്കും. പാമോയില്‍ കേസിലെ പ്രതി ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് പിന്‍‌വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.