പതനത്തിന്റെ പതിറ്റാണ്ടുകള്‍

Monday 30 September 2013 8:31 pm IST

ഇന്ത്യന്‍ സമ്പദ്‌ രംഗം ഏറ്റവും കഠിനമേറിയ പരീക്ഷണത്തെ നേരിടുകയാണ്‌ ഇപ്പോള്‍. ശരിയായ ആസൂത്രണമില്ലായ്മയും ദുര്‍ഭരണവും സര്‍വോപരി രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവുമാണിതിന്‌ കാരണം. യുപിഎയുടെ ഒമ്പത്‌ വര്‍ഷത്തെ ഭരണം ശക്തമായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയാണ്‌ തകര്‍ത്തു കളഞ്ഞത്‌. യുപിഎ സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത്‌ നടത്തിയ എല്ലാ തിരുത്തല്‍ നടപടികളും പാവങ്ങളുടെ താല്‍പര്യത്തിന്‌ വിരുദ്ധവും ബഹുരാഷ്ട്രകുത്തകകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയും ആയിരുന്നു.
2012-2013 ലെ ദേശീയ സാമ്പത്തിക സര്‍വേ ഞെട്ടലുണ്ടാക്കുന്ന രണ്ട്‌ കാര്യങ്ങള്‍ മറ്റ്‌ വസ്തുതകളോടൊപ്പം വെളിപ്പെടുത്തിയിരിക്കുന്നു. 1950 മുതലുള്ള ആറ്‌ പതിറ്റാണ്ടുകാലത്തെ ഏറ്റവും വലിയ വിദേശവ്യാപാരകമ്മി ഉണ്ടായി എന്നതാണ്‌ ഒന്നാമത്തേത്‌. ഏറ്റവും വേഗതയില്‍ വളരുന്ന രണ്ടാമത്തെ സാമ്പത്തിക ശക്തി എന്ന ഇന്ത്യയുടെ സ്ഥാനം നഷ്ടപ്പെടുകയും ആ സ്ഥാനത്ത്‌ ഇന്ത്യയെക്കാളും വളരെ ചെറിയ രാജ്യമായ ഇന്തോനേഷ്യ കയറിപ്പറ്റുകയും ഇന്ത്യ മൂന്നാം സ്ഥാനത്തായി എന്നതുമായിരുന്നു രണ്ടാമത്തെ വെളിപ്പെടുത്തല്‍. ഇതിനോടൊപ്പം പരാമര്‍ശിച്ച മറ്റുകാര്യങ്ങള്‍ രൂപയുടെ തുടര്‍ച്ചയായുള്ള മൂല്യശോഷണം, ദിനംപ്രതി വര്‍ധിച്ചുവരുന്ന വിദേശ വ്യാപാരകമ്മി, നാണ്യപ്പെരുപ്പം, ഉല്‍പാദന രംഗത്തെ വളര്‍ച്ച എന്നിവയായിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ്‌, പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും അടിക്കടിയുള്ള വിലവര്‍ധനവ്‌ ദാരിദ്ര്യം, കര്‍ഷക ആത്മഹത്യ, വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ തകര്‍ച്ച, തൊഴില്‍ നഷ്ടം, ചില്ലറ വ്യാപാരമേഖയിലെ നേരിട്ടുള്ള വിദേശനിക്ഷേപം, യാതൊരു നിയന്ത്രണവുമില്ലാതെ കരാര്‍ തൊഴിലിന്റെ വര്‍ധന, മിനിമം വേതനം പോലും നിഷേധിക്കപ്പെടല്‍, തീവണ്ടി-ബസ്‌ ചാര്‍ജ്ജ്‌ വര്‍ധന തുടങ്ങിയ കാര്യങ്ങളുമുണ്ടായി.
മുതലാളിത്ത രാജ്യങ്ങളുടേയും അന്താരാഷ്ട്ര സമ്മര്‍ദ്ദ ശക്തികളുടേയും ക്രെഡിറ്റ്‌ റേറ്റിംഗ്‌ ഏജന്‍സികളുടേയും കടുത്ത സമ്മര്‍ദ്ദത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍. ഒപ്പം ബഹുരാഷ്ട്ര കുത്തക കമ്പനികളും ഇന്ത്യന്‍ കുത്തകകളും അവരവരുടെ കാര്യസാധ്യത്തിനായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അമേരിക്കന്‍ അനുകൂല സാമ്പത്തിക പരിഷ്കരണങ്ങള്‍ ഇന്ത്യ നടപ്പിലാക്കണമെന്നും വാള്‍മാര്‍ട്ട്‌ പോലെയുള്ള വിദേശ ചില്ലറ വില്‍പന കമ്പനികള്‍ക്കായി ഇന്ത്യന്‍ സമ്പദ്‌രംഗം തുറന്നുകൊടുക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രതീക്ഷയ്ക്കൊത്ത്‌ ഉയരാത്ത ആള്‍ എന്നാണ്‌ 2012 ജയിലൈ ലക്കം 'ടൈം' മാഗസിന്‍ വിശേഷിപ്പിച്ചത്‌. ഈ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്‌ ഡോക്ടര്‍ മന്‍മോഹന്‍ സിംഗ്‌ 2012 സെപ്തംബറില്‍ രണ്ടാംഘട്ട സാമ്പത്തിക പരിഷ്കരണ നടപടികള്‍ പ്രഖ്യാപിച്ചു. ആദ്യഘട്ടം പ്രഖ്യാപിച്ചത്‌ 1992 ല്‍ ആയിരുന്നു. സാമ്പത്തിക പരിഷ്കരണം തുടങ്ങിയ കാലമായിരുന്നു അത്‌. രണ്ടാംഘട്ട സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി ഡീസല്‍ സബ്സിഡി ഘട്ടംഘട്ടമായി വെട്ടിക്കുറക്കാന്‍ തീരുമാനിച്ചു. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകള്‍ ഒരു കുടുംബത്തിന്‌ വര്‍ഷത്തില്‍ ആറെണ്ണമായി പരിമിതപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുവാന്‍ തീരുമാനിച്ചു. നേരിട്ടുള്ള വിദേശനിക്ഷേപം നിരവധി മേഖലകള്‍ക്കു കൂടി അനുവദിച്ചു. കമ്പനികള്‍ക്ക്‌ വലിയ തോതില്‍ നികുതിയിളവുകളും പ്രഖ്യാപിച്ചു. എന്നിട്ടും ഇന്ത്യന്‍ സാമ്പത്തിക രംഗം കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയുടെ കനത്ത വിദേശ വ്യാപാരകമ്മി ദുര്‍ബലമായ സാമ്പത്തിക മാനേജ്മെന്റിന്റെ ഫലമായി മാത്രം ഉണ്ടായതാണ്‌. നിലവിലുള്ള വിദേശ വ്യാപാരകമ്മി മൊത്ത ദേശീയ ഉല്‍പാദനത്തിന്റെ (ജിഡിപി) 4.89 ശതമാനം ആണ്‌. യുപിഎ അധികാരത്തില്‍ എത്തുന്നതിന്‌ മുമ്പ്‌ ഇത്‌ 3.88 ശതമാനമായിരുന്നു. നമ്മുടെ രാജ്യത്തെ പെട്രോളിയം നിക്ഷേപം നാം വേണ്ടരിതീയില്‍ ഉപയോഗപ്പെടുത്തുന്നില്ല. നമ്മുടെ കയറ്റുമതിയേക്കാള്‍ വളരെ കൂടുതല്‍ നാം ഇറക്കുമതി ചെയ്യുന്നു. ഇതുമൂലം വ്യാപാരക്കമ്മിയില്‍ വലിയ വര്‍ധനവ്‌ ഉണ്ടാവുകയാണ്‌. ഏഷ്യന്‍ കമ്പോളത്തില്‍ പോലും ഇന്ത്യ വാങ്ങലുകാര്‍ മാത്രമാണ്‌. നാം കല്‍ക്കരിയും ഭക്ഷ്യ എണ്ണയും ഇലക്ട്രോണിക്സ്‌ സ്പെയര്‍പാര്‍ട്സും വാഹനസ്പെയര്‍പാട്സും മെഷിനറിയും സ്വര്‍ണവും ഇറ്റാലിയന്‍ മാര്‍ബിളും ഒക്കെ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യുകയാണ്‌. ഇവയില്‍ പലതും അത്യാവശ്യവസ്തുക്കള്‍ അല്ല. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക്‌ അയയ്ക്കുന്ന പണമാണ്‌ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടായി നമ്മെ രക്ഷിച്ചുകൊണ്ടിരിക്കുന്നത്‌.
വിലവര്‍ധനവും മറ്റും മൂലം നട്ടം തിരിയുന്ന സാധാരണക്കാരന്റെ തോളിലേയ്ക്ക്‌ സര്‍വബാധ്യതകളും വെച്ചുകെട്ടുക എന്ന നയമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. സാധാരണക്കാരനും ഗ്രാമീണനും കര്‍ഷകനും യുപിഎ ഭരണത്തില്‍ അവഗണനയുടെ കയ്പ്‌ നീര്‌ കുടിക്കുകയാണ്‌. പാചകവാതക സിലിണ്ടറുകള്‍ വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയിരിക്കുന്നു. രാസവള സബ്സിഡി പിന്‍വലിച്ചിരിക്കുന്നു. രാജ്യത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന ശമ്പളേതര ആനുകൂല്യങ്ങള്‍ക്ക്‌ 30 ശതമാനം നികുതിയാണ്‌ സര്‍ക്കാര്‍ ചുമത്തുന്നത്‌. വിദേശക്കടം വീട്ടുന്നതിനും വിദേശവ്യാപാരക്കമ്മി കുറയ്ക്കുന്നതിനുമായി സാമൂഹികാവശ്യത്തിനും ജനക്ഷേമത്തിനും വേണ്ടി ചെലവഴിക്കുന്നതില്‍ വന്‍വെട്ടിക്കുറവ്‌ സര്‍ക്കാര്‍ വരുത്തേണ്ടിയിരിക്കുകയാണ്‌. ഏറ്റവുമധികം ശ്രദ്ധയും പരിചരണവും വേണ്ട വനവാസി മേഖലയില്‍ പോലും ഖാനി ലൈസന്‍സ്‌ നല്‍കുന്നതിനാണ്‌ സര്‍ക്കാരിന്‌ താല്‍പര്യമെന്നും വിദ്യാലയങ്ങളും ആശുപത്രികളും തുടങ്ങുന്നതിനല്ലെന്നും അടുത്തിടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയുണ്ടായി. കമ്പനികള്‍ക്ക്‌ ഖാനനാനുമതി നല്‍കുന്നതിനായി പ്രധാനമന്ത്രി അദ്ധ്യക്ഷനായി മന്ത്രിസഭാ സമിതി നിലവിലുണ്ട്‌. എന്നാല്‍ ഖാനി മേഖലയില്‍ ദുരിതം അനുഭവിക്കുന്ന വനവാസി സഹോദരന്മാരുടെ ക്ഷേമൈശ്വര്യങ്ങള്‍ നോക്കാന്‍ യാതൊരു മന്ത്രിസഭാ സമിതിയും നിലവിലില്ല.
വികസനത്തിന്റെ, സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന സങ്കല്‍പം സമ്പന്നന്‌ നികുതി ചുമത്തുകയും ദരിദ്രന്‌ സഹായം നല്‍കുകയും എന്നുള്ളതാണ്‌. എന്നാല്‍ മുതലാളിത്ത ആഗോളീകരണ സാമ്പത്തിക സംവിധാനത്തില്‍ നേരെ വിപരീതമായത്‌ സംഭവിക്കുന്നു; ദരിദ്രനുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുന്നു, സമ്പന്നന്‌ നികുതിയിളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നു. യുപിഎ സര്‍ക്കാര്‍ വന്‍ കുത്തകകളുടെ പിണിയാളായി മാറിക്കഴിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര മുതലാളിത്ത സാമ്പത്തിക ശക്തികളുടെ താളത്തിനൊത്ത്‌ തുള്ളുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. വികസനത്തിന്റെ സത്ഫലം വന്‍കിട കമ്പനികളും സമ്പന്നവരേണ്യവര്‍ഗവും പങ്കിട്ടെടുക്കുകയാണ്‌. വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ എല്ലാവിധത്തിലുള്ള നികുതിയിളവുകളും സര്‍ക്കാര്‍ നല്‍കുകയാണ്‌.
പാചകവാതക സബ്സിഡി പിന്‍വലിച്ചതുതന്നെ ഇന്ത്യന്‍ കുത്തകയായ റിലയന്‍സിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ്‌. കാരണം ഇന്ധന സബ്സിഡിയുടെ 40 ശതമാനം ഉല്‍പാദക കമ്പനികള്‍ വഹിക്കണം എന്നതാണ്‌ വ്യവസ്ഥ. സെന്റര്‍ ഫോര്‍ ബജറ്റ്‌ ആന്റ്‌ ഗവേണന്‍സ്‌ അക്കൗണ്ടബിലിറ്റി (സിബിജിഎ) നികുതി ഒഴിവാക്കലിനെ സംബന്ധിച്ച്‌ നടത്തിയ പഠനത്തില്‍നിന്നും വ്യക്തമായത്‌ നികുതിയിളവ്‌ നല്‍കിയതിലൂടെ 5.73 ലക്ഷം കോടി രൂപാ രാജ്യത്തിന്‌ നഷ്ടായി എന്നാണ്‌. 2012-2013 ലെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 5.7 ശതമാനം വരും ഈ തുക എന്ന്‌ മനസ്സിലാക്കുക. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തം (പിപിപി) എന്നാല്‍ സ്വകാര്യ കുത്തകകളും രാഷ്ട്രീയ യജമാനന്മാരും ഒത്തുചേര്‍ന്ന്‌ ഇതുവരെ രഹസ്യമായി നടത്തിയിരുന്ന വമ്പന്‍ അഴിമതികള്‍ക്ക്‌ പരിരക്ഷ നല്‍കുന്നതിനുള്ള ഒരു സുഗമമാര്‍ഗ്ഗം മാത്രമാണ്‌.
ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്‌ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നതായി 2012-13 ലെ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. ലോകജനസംഖ്യയുടെ 16 ശതമാനം ഇന്ത്യയിലാണ്‌. എന്നാല്‍ ലോകത്തിലെ ആകെ ദരിദ്രരില്‍ മൂന്നിലൊന്ന്‌ അതായത്‌ 33 ശതമാനം ഇന്ത്യയിലാണ്‌.
2004-2005 വര്‍ഷത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 37.2 ശതമാനം ആളുകള്‍ ദരിദ്രരായിരുന്നു എങ്കില്‍ 2011-12 കാലഘട്ടത്തില്‍ അത്‌ 2.19 ശതമാനമായി കുറഞ്ഞതായി കേന്ദ്ര പ്ലാനിംഗ്‌ കമ്മീഷന്‍ അവകാശപ്പെടുന്നു. സുപ്രീംകോടതിയില്‍ പ്ലാനിംഗ്‌ കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, ഗ്രാമത്തില്‍ ഒരു വ്യക്തിക്ക്‌ പ്രതിദിനം 26 രൂപയും നഗരത്തില്‍ 34 രൂപയും ഉണ്ട്‌ എങ്കില്‍ ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നും അതിനാല്‍ അയാള്‍ ദാരിദ്ര്യരേഖയ്ക്ക്‌ മുകളിലാണെന്നും പറയുകയുണ്ടായി. ദേശീയ ഉപദേശക സമിതി അംഗം എന്‍.കെ.സക്സേന കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഈ ദാരിദ്ര്യരേഖയെ കുത്താ-ബില്ലി രേഖ എന്ന്‌ പറഞ്ഞ്‌ കളിയാക്കുകയുണ്ടായി. അതായത്‌ ഈ പറഞ്ഞ വരുമാനംകൊണ്ട്‌ പട്ടിക്കും പൂച്ചയ്ക്കും മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്നും മനുഷ്യന്‌ ജീവിക്കാന്‍ കഴിയുകയില്ലെന്ന്‌ സാരം. എന്തായാലും രാജ്യത്താകമാനം ദാരിദ്രരേഖയെ സംബന്ധിച്ച്‌ കടുത്ത വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്ന്‌ രാജ്യത്തിലെ ജനസംഖ്യയില്‍ 65 ശതമാനവും പാവപ്പെട്ടവരാണ്‌ എന്ന്‌ 2013 ജൂലൈ 24 ന്‌ സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി, ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 62 രൂപവരെ വരുമാനമുള്ളവരും ദാരിദ്രരേഖയ്ക്ക്‌ താഴെയാണ്‌ എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. ഈ മാനദണ്ഡം പോലും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല എന്നതാണ്‌ വസ്തുത.
ലോകത്ത്‌ സാക്ഷരരായ ജനങ്ങള്‍ ഏറ്റവും കൂടുതലുള്ളത്‌ ഇന്ത്യയിലാണ്‌. എന്നാല്‍ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന്‌ നിരക്ഷരരും ഇന്ത്യയിലാണ്‌ എന്നതാണ്‌ ഇതിന്റെ മറുവശം. മഹിളകളുടെ ഇടയിലെ സാക്ഷരതാ ശതമാനം 64.6 ശതമാനം മാത്രമാണ്‌. 35 ശതമാനം മാതൃശക്തി സാക്ഷരരല്ലായെന്നര്‍ത്ഥം. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തീര്‍ത്ഥാടനം തുടങ്ങിയ ജനസേവന മേഖലകളെയും വ്യവസായമായി കാണാനാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. വ്യവസായമായി മാറുമ്പോള്‍ ലാഭം ലഭിക്കുന്നുവെങ്കില്‍ മാത്രം നടത്തിക്കൊണ്ടു പോകുകയും നഷ്ടമെങ്കില്‍ അടച്ചുപൂട്ടുകയും ചെയ്യേണ്ടിവരുമല്ലോ.
രൂപ വലിയ മൂല്യത്തകര്‍ച്ചയെ നേരിടുകയാണ്‌. എന്തുകൊണ്ട്‌ ഇത്‌ സംഭവിക്കുന്നു എന്നതിന്‌ കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാതെ പ്രധാനമന്ത്രിയും ധനമന്ത്രിയും ഇരുട്ടില്‍ തപ്പുകയാണ്‌. 1947 ല്‍ ഒരു ഇന്ത്യന്‍ രൂപയും ഒരു അമേരിക്കന്‍ ഡോളറും തുല്യമായിരുന്നു എന്നോര്‍ക്കുക. എന്നാല്‍ ഇന്ന്‌ ഒരു അമേരിക്കന്‍ ഡോളര്‍ ഏകദേശം 68 ഇന്ത്യന്‍ രൂപയുടെ വിലയാണ്‌. എല്ലാ അന്താരാഷ്ട്രാ വ്യാപാരങ്ങളും ഇന്ന്‌ ഡോളര്‍ അടിസ്ഥാനപ്പെടുത്തിയാണ്‌ നടക്കുന്നത്‌. ലോകരാജ്യങ്ങളിലെ 60 ശതമാനം വിദേശനാണ്യ ശേഖരവും അമേരിക്കന്‍ ഡോളറിലാണ്‌. അമേരിക്ക ഇന്ന്‌ വന്‍തോതില്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ, യഥാര്‍ത്ഥത്തില്‍ നിലവിലില്ലാത്ത ഡിജിറ്റല്‍ ഡോളറുകള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ഇതേത്തുടര്‍ന്ന്‌ യൂറോപ്യന്‍ യൂണിയനും ജപ്പാനും ഒക്കെ ഡിജിറ്റല്‍ കറന്‍സികള്‍ പ്രചാരത്തില്‍ക്കൊണ്ടുവന്നിട്ടുണ്ട്‌. ആഗോള സാമ്പത്തിക തകര്‍ച്ച ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നില്ല. അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നിന്‌ പിറകേ ഒന്നായി തകര്‍ന്നപ്പോഴും ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ശക്തമായി പിടിച്ചുനിന്നു. ഇക്കാര്യം ലോകബാങ്ക്‌ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങള്‍ തകരാന്‍ ഇടയാക്കിയ അതേ സാമ്പത്തിക നയങ്ങള്‍ ഇപ്പോള്‍ ഇന്ത്യ സാമ്പത്തിക പരിഷ്കരണ നടപടികളായി കൊണ്ടുവന്നിരിക്കുന്നു എന്നതാണ്‌ ഖേദകരം. അമേരിക്കന്‍ വാള്‍സ്ട്രീറ്റ്‌ മാതൃകയിലുള്ള കാസിനോ ക്യാപ്പിറ്റലിസം എന്ന്‌ പരിഹസിച്ചു വിളിച്ചിരുന്ന ഊഹക്കച്ചവടാധിഷ്ഠിതമായ ബാങ്കിംഗ്‌ സമ്പ്രദായം ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന്‌ ശിപാര്‍ശ ചെയ്തയാളാണ്‌ രഘുരാം രാജന്‍. ഇതേ രഘുരാം രാജന്‍ തന്നെ ഇന്ത്യന്‍ റിസര്‍വ്‌ ബാങ്കിന്റെ ഗവര്‍ണറായി അവരോധിതനായിരിക്കുകയാണ്‌. തീര്‍ച്ചയായും ഇതിന്റെ പിന്നില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും ഗൂഢാലോചനയും ഉണ്ട്‌. ഓഹരി കമ്പോളത്തിലെ ഗതിവിഗതികള്‍ രാജ്യത്തെ സാമ്പത്തിക ഗതിവിഗതികളുടെ സൂചകമായി എടുക്കാറുണ്ട്‌. തൊഴിലാളികളുടെ പ്രൊവിഡന്റ്‌ ഫണ്ട്‌ നിക്ഷേപത്തെ ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കുന്നതിനെ തുടക്കം മുതല്‍ ബിഎംഎസും മറ്റ്‌ തൊഴിലാളി സംഘടനകളും ഇന്ത്യയില്‍ എതിര്‍ത്ത്‌ പോന്നു. ട്രേഡ്‌ യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ രഘുരാം രാജന്‍ ശുപാര്‍ശ ചെയ്ത രാജ്യതാല്‍പര്യത്തിന്‌ വിരുദ്ധമയ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ ഭാഗ്യവശാല്‍ ഇതുവരേയും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അഡ്വ. സി. കെ. സജിനാരായണന്‍ (ഒറീസയിലെ ഭുവനേശ്വറില്‍ 2013 ആഗസ്റ്റില്‍ നടന്ന ബിഎംഎസ്‌ ദേശീയപ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ അധ്യക്ഷനായ ലേഖകന്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിന്റെ ആദ്യ ഭാഗം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.